എറണാകുളത്ത് പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവം; ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്

Wait 5 sec.

കൊച്ചി| എറണാകുളം കിഴക്കമ്പലത്ത് പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പഞ്ചായത്ത്. പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാര്‍ക്കിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. അനധികൃത നിര്‍മ്മാണവും പ്രവര്‍ത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റില്‍ വലിയ കളപ്പത്തറവീട്ടില്‍ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകന്‍ മുഹമ്മദ് ആദം (5) ജംഗിള്‍ പാര്‍ക്കിന്റെ ചതുപ്പില്‍ വീണ് മരിച്ചത്. തമ്മനം പ്രീ സ്‌കൂളിലെ 25 അംഗസംഘം പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയില്‍ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാല്‍ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തു നിര്‍ത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടന്ന തിരച്ചിലിനൊടുവില്‍ പാര്‍ക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയില്‍ ആദത്തിനെ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.