തൃശൂര്‍ |മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടന സ്ഥലത്തിന് സമീപത്തു നിന്നും ഒരാളുടെ തല കണ്ടെടുത്തു. അപകടമുണ്ടായി തുരുത്തില്‍നിന്ന് ഏകദേശം അരക്കിലോ മീറ്ററോളം മാറി കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതല്‍ കഡാവര്‍ നായയെ ഉപയോഗിച്ച് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്.മൃതദേഹാവശിഷ്ടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 10 പേര്‍ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സര്‍ക്കാര്‍ കണക്ക്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകള്‍ തുടങ്ങി 32 ശരീര ഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. തല ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.കാഞ്ഞിരക്കോട് ചോരത്ത് വീട്ടില്‍ സി എ സുരേഷ്, കോട്ടപ്പുറം അരങ്ങത്ത് വീട്ടില്‍ അഭിജിത്, പുതൂര്‍ക്കര കോലാട്ടുപുരയ്ക്കല്‍ വീട്ടില്‍ വിഷ്ണു വിജയന്‍, കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി എന്നിവരെയാണ് കാണാതായത്. ഇവര്‍ നാലു പേരും വെടിക്കെട്ടു പുരയില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു