കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൂടുതല്‍ തവണ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും.രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോയല്‍റ്റി അംഗങ്ങളുള്ള എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓരോരുത്തരുടേയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റര്‍, എക്സ്പ്ലോറര്‍, ഹൈഫ്ളയര്‍, ജെറ്റ്സെറ്റര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി.ഏവിയേറ്റര്‍ വിഭാഗത്തിലേക്ക് ജോയിനിംഗ്, റിന്യൂവല്‍ ഫീ ഇല്ലാതെയുള്ള ആജീവനാന്ത അംഗത്വം ലഭിക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും എട്ട് ന്യൂ കോയിനുകള്‍ നേടാം. വിമാന ടിക്കറ്റ് എടുക്കുമ്പോഴോ വിവിധ റീട്ടെയില്‍, ഇ- കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഫുഡ് ഡെലിവറി, ഹെല്‍ത്ത് കെയര്‍ മേഖലകളിലോ ഒരു കോയിന് ഒരു രൂപ എന്ന നിരക്കില്‍ ന്യൂ കോയിന്‍ ഉപയോഗപ്പെടുത്താം.ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെയും ഡിസ്കൗണ്ടും മുന്‍ഗണന സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും.അര്‍ഹരായ ഓരോ ലോയല്‍റ്റി അംഗത്തിനും എയര്‍ ഇന്ത്യ എക്സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതല്‍ 2500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയോ (www.airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയോ ഈ ലോയല്‍റ്റി പദ്ധതിയില്‍ ചേരാം. The post ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്കൗണ്ട്; എയര് ഇന്ത്യ എക്സ്പ്രസ് ലോയല്റ്റി പദ്ധതി വിപുലീകരിക്കുന്നു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.