അത്യുഷ്ണവും പാമ്പുകളും: കേരളം ഇരട്ട ഭീഷണിയില്‍

Wait 5 sec.

ഒരേസമയം രണ്ട് ഭീഷണമായ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് മുന്‍ റെക്കോര്‍ഡുകളെയെല്ലാം ഭേദിക്കുന്ന സൂര്യതാപവും ഉഷ്ണതരംഗവും. മറുവശത്ത് ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുബന്ധമായി ജനവാസ മേഖലകളില്‍ വര്‍ധിച്ചു വരുന്ന പാമ്പുകടി മരണങ്ങള്‍. എട്ട് വയസ്സ് പ്രായക്കാരായ തൃശൂര്‍ കോടാലിയില്‍ ആല്‍ജോ, തിരുവനന്തപുരം ചിറയിന്‍കീഴ് ദിക്ഷല്‍, കായംകുളം ചേരാവള്ളി സ്വദേശി സലീന, കുട്ടനാട് വൈശ്യംഭാഗം പുതുവനയില്‍ ഇന്ദിര എന്നിങ്ങനെ നാല് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയെ തുടര്‍ന്ന് മരണപ്പെട്ടത്. വിഷബാധയേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുമുണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍.മിക്കവാറും കൃഷിയിടങ്ങളിലോ കാടുകളോട് ചേര്‍ന്ന പ്രദേശങ്ങളിലോ ആണ് പാമ്പുകളുടെ ശല്യവും കടിയും റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സമീപകാലത്തുണ്ടായ മരണങ്ങള്‍ക്ക് കാരണമായ പാമ്പുകടികളില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലോ പരിസരങ്ങളിലോ ആണ് നടന്നതെന്നത് ജനങ്ങളെ വല്ലാതെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരതയും ആരോഗ്യ അവബോധവുമുള്ള കേരളത്തില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒരു കുട്ടിക്ക് പാമ്പുകടിയേറ്റതെന്നത് അമ്പരപ്പുളവാക്കുന്നതാണ്. വീടിന്റെ ചുമരുകളിലെ ചെറിയ ദ്വാരങ്ങള്‍, വാതിലുകള്‍ക്കിടയിലെ വിടവുകള്‍, തുറന്നിട്ട ജനലുകള്‍ എന്നിവയിലൂടെ പാമ്പുകള്‍ അകത്ത് കയറാതെ സൂക്ഷിക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചയാണ് ഇതിനു കാരണം. ഉഷ്ണം അസഹ്യമാകുമ്പോള്‍ പലരും വീടുകളിലെ ജനലുകള്‍ തുറന്നിടുന്നു. നെറ്റുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ജനല്‍ തുറന്നിടുന്നത് പാമ്പുകള്‍ക്ക് വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ അവസരമൊരുക്കും. തറയില്‍ പായ വിരിച്ചുറങ്ങുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ട് പല വീടുകളിലും. ഇത് വളരെ അപകടകരമാണ്.മാളങ്ങളിലും കാടുകളിലും കഴിയുന്ന ജീവികളാണ് സാധാരണഗതിയില്‍ പാമ്പുകള്‍. സംസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂട് ഈ ജീവികളുടെ സ്വാഭാവിക വാസസ്ഥലങ്ങളെയും ചുട്ടുപൊള്ളിക്കുന്നു. ശീതരക്തമുള്ള ജീവികളായതിനാല്‍ പാമ്പുകള്‍ക്ക് ശരീര താപനില നിയന്ത്രിക്കാന്‍ ബാഹ്യമായ തണുപ്പ് ആവശ്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കാത്ത വീടുകളുടെ തറകള്‍, നനവുള്ള കുളിമുറികളും പരിസരവും, എയര്‍ കണ്ടീഷണറുകള്‍ക്ക് സമീപമുള്ള ഭാഗങ്ങള്‍, വീടുകള്‍ക്ക് സമീപത്തെ ചെടികള്‍ തുടങ്ങിയവ പാമ്പുകള്‍ക്ക് അഭയ കേന്ദ്രങ്ങളായി മാറുന്നു. വന്യജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളും പാമ്പുകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വരവിന് കാരണമാണ്. വനനശീകരണവും തോടുകളും കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നികത്തുന്ന പ്രവണതയും പാമ്പുകള്‍ക്ക് തണുപ്പ് ലഭിക്കുന്ന ഇടങ്ങള്‍ കുറയാന്‍ ഇടയാക്കി.മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹം അനുഭവിക്കുന്ന പ്രശ്‌നം. പാമ്പുകടിക്ക് നല്‍കുന്ന “ആന്റിസ്‌നേക്ക് വെനം’ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാസമയം അവ ലഭ്യമാക്കുന്നതിന് പലപ്പോഴും പ്രായോഗിക തടസ്സങ്ങള്‍ നേരിടുന്നു. വിഷബാധയേറ്റയാളെ ആശുപത്രികളിലെത്തിക്കാന്‍ മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടി വരുന്ന, ഗതാഗത സൗകര്യങ്ങള്‍ കുറവായ ഗ്രാമപ്രദേശങ്ങളുണ്ട് ഇന്നും കേരളത്തില്‍. ആദ്യത്തെ മൂന്ന് മണിക്കൂറിനകം ചികിത്സ ലഭ്യമായില്ലെങ്കില്‍ പാമ്പിന്‍ വിഷമേറ്റയാളെ രക്ഷപ്പെടുത്തുക പ്രയാസമാണ്.പാമ്പുകടി മരണം ഒഴിവാക്കുന്നതിന് അടുത്തിടെ ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ എം എസ് ആര്‍) “സീറോ സ്‌നേക്ക് ബൈറ്റ്ഡത്ത് ഇനീഷ്യേറ്റീവ്’ എന്ന പേരില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പാമ്പുകടിയേറ്റ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിവെനം ലഭ്യമാക്കുകയും ആശുപത്രി സ്റ്റാഫുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും അഞ്ച് വളണ്ടിയര്‍മാര്‍ക്ക് വീതം പാമ്പുകടി മരണം ഒഴിവാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ പരിശീലനവും നല്‍കും. പാമ്പുകടിയേറ്റ ഉടനെ തന്നെ രോഗിക്ക് ആന്റിവെനം നല്‍കാനുള്ള സൗകര്യവും ഒരുക്കും. സ്വാഗതാര്‍ഹമാണ് ഐ എം എസ് ആറിന്റെ ഈ സംരംഭം. തുടക്കത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. താമസിയാതെ തന്നെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടതുണ്ട്.ജനങ്ങള്‍ ജാഗ്രത കൈക്കൊള്ളുകയാണ് ഏറ്റവും നല്ല മാര്‍ഗം. കാലാവസ്ഥാ വ്യതിയാനം നമ്മുടെ വീടിനകത്തെ സുരക്ഷയെ പോലും ബാധിച്ചിരിക്കുന്നുവെന്ന ബോധം ഉള്‍ക്കൊണ്ട് ഓരോ വ്യക്തിയും വീട്ടിലും പരിസരത്തും പാമ്പുകള്‍ എത്താതിരിക്കാനും പാമ്പുകടിയേല്‍ക്കാതിരിക്കാനുമുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. ഉണങ്ങിയ കരിയിലകള്‍ക്കടിയിലും വിറക് കൂനകള്‍ക്കിടയിലും പാമ്പുകള്‍ ചുരുണ്ടുകൂടിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പറമ്പുകളില്‍ ഇറങ്ങുമ്പോഴും വിറക് കൂനകള്‍ക്ക് അടുത്ത് പോകുമ്പോഴും അതീവശ്രദ്ധയും മുന്‍കരുതലുകളും ആവശ്യമാണ്. രാത്രികാലങ്ങളില്‍ വീടിനു പുറത്ത് മതിയായ വെളിച്ചം ഉറപ്പാക്കണം. വീടിന് ചുറ്റും ഭക്ഷ്യ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന രീതി ഉപേക്ഷിക്കുകയും വേണം. ഭക്ഷ്യ അവശിഷ്ടങ്ങള്‍ എലിയെ ആകര്‍ഷിക്കും. എലിയെ പിടിക്കാനും പാമ്പുകള്‍ വീട്ടുപരിസരത്ത് വരാറുണ്ട്. ഇത്തരം സുരക്ഷാ നടപടികളുടെ കാര്യത്തില്‍ അമാന്തം അശേഷവും കാണിക്കരുത്.