യു എസും ഇസ്‌റാഈലും ഇറാന് നേരെയുള്ള ആക്രമണം തുടങ്ങിയ ഫെബ്രുവരിയിലെ ഭൗമരാഷ്ട്രീയമല്ല ഇപ്പോഴുള്ളത്. ആജ്ഞാപിക്കുന്ന ഡൊണാള്‍ഡ് ട്രംപ് അപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത ട്രംപ് സാവകാശം നല്‍കിക്കൊണ്ടേയിരിക്കുന്നു.അക്രമാസക്തത അവസാനിച്ചില്ലെങ്കിലും ഏകപക്ഷീയമല്ല കാര്യങ്ങളെന്ന സ്ഥിതി സാധ്യമായിരിക്കുന്നു. അന്താരാഷ്ട്ര അധികാര ശ്രേണിയിലും വലിയ കുഴമറിച്ചിലുകള്‍ സംഭവിക്കുകയാണ്. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും പരമ്പരാഗത കൂട്ടാളികള്‍ മുമ്പൊരിക്കലുമില്ലാത്തവിധം കളംമാറ്റത്തിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങി. അറബ് രാഷ്ട്രങ്ങള്‍ യു എസിനെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറി ബഹുരാഷ്ട്ര സഹകരണത്തിന്റെ വഴിക്ക് വിസ്താരം കൂട്ടുകയാണ്. ചൈനയും റഷ്യയും ഉ. കൊറിയയും ഇറാനുമൊക്കെ ചേര്‍ന്ന് പുതിയൊരു രാഷ്ട്രീയ ചേരി രൂപപ്പെടുകയും സാമ്പത്തിക, സൈനിക തീരുമാനങ്ങളെ സ്വാധീനിക്കാവുന്ന നിലയിലേക്ക് ആ സഖ്യം ശക്തിപ്പെടുകയും ചെയ്യുന്നു. തത്കാലം ഈ ബദല്‍ചേരി പരോക്ഷ സ്വാധീനമാണ് സൃഷ്ടിക്കുന്നതെങ്കിലും ഭാവിയില്‍ അത് പ്രത്യക്ഷമായേക്കും. സ്വതവേ അരക്ഷിതമായ അമേരിക്ക അതിന്റെ അക്രമാസക്ത വിദേശനയത്തിന്റെ കൊടിയ അനന്തരഫലം അനുഭവിച്ചു തുടങ്ങിയെന്ന് കൂടി കാണണം. ട്രംപിനെതിരെ തീതുപ്പുന്ന തോക്കുകള്‍ ഒറ്റപ്പെട്ടതെന്ന് എഴുതിത്തള്ളാനാകില്ല. അയഞ്ഞ തോക്കുനയത്തിന്റെ ഭാഗവുമല്ല. യു എസ് പോളിറ്റിയില്‍ പടരുന്ന അതൃപ്തിയുടെയും അമര്‍ഷത്തിന്റെയും പുറത്തുചാടലാണ് അത്.യു എസ് മേധാവിത്വം അവസാനിക്കുന്നുവെന്നതിന് അര്‍ഥം ആയുധ കിടമത്സരവും യുദ്ധഭീതിയും അതിര്‍ത്തിക്കളികളും അവസാനിച്ച് സമാധാനപാതയില്‍ ലോകം എത്തുന്നുവെന്നല്ല. ഇതിന് ഏറ്റവും നല്ല സമീപകാല തെളിവാണ് ജപ്പാനില്‍ സംഭവിക്കുന്ന മാറ്റം. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ദീര്‍ഘകാല അസ്വസ്ഥതകള്‍ സൃഷ്ടിക്കാവുന്ന തീരുമാനങ്ങളുടെ കേന്ദ്രമായി ജപ്പാന്‍ മാറുകയാണ്.ഹിരോഷിമയും നാഗസാക്കിയും ജപ്പാനിലാണ് എന്നത് യുദ്ധോത്സുക നയംമാറ്റത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. അന്ന് ബോംബ് വര്‍ഷിച്ച അതേ അമേരിക്കയെ ഏറ്റവും അടുത്ത കൂട്ടാളിയാക്കാന്‍ മാത്രം ഭീകരമായ ചരിത്രനിരാസം ആ രാജ്യത്തെ പുതിയ ഭരണാധികാരികള്‍ക്കുണ്ട്. നാട്ടുകാര്‍ നിരന്തരം പ്രക്ഷോഭം നടത്തിയിട്ടും ജപ്പാന്റെ അധികാര പരിധിയിലുള്ള ഒകിനാവ ദ്വീപില്‍ നിന്ന് യു എസ് സൈനിക താവളം മാറ്റാന്‍ ആ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. അമേരിക്കയും ഇന്ത്യയും ആസ്‌ത്രേലിയയും ഉള്‍പ്പെട്ട ക്വാഡ് സഖ്യത്തിന്റെ ചാലക ശക്തിയാകാന്‍ ജപ്പാന്‍ തയ്യാറെടുക്കുകയാണ്. ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ജപ്പാന്‍ ഭരണഘടനയിലെ വിലക്ക് മറികടക്കാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. ഭരണഘടനാ ഭേദഗതിക്ക് ക്യാബിനറ്റ് പച്ചക്കൊടി കാണിച്ചു. നിലവില്‍ ജപ്പാനുമായി കരാര്‍ ഒപ്പിട്ട 17 രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തില്‍ കയറ്റുമതി നടക്കുക.ജീവനുള്ള ചരിത്രംഇന്ത്യന്‍ ഭരണഘടന എങ്ങനെയാണ് ഇത്ര ബൃഹത്തും ഉറച്ച മൗലികാവകാശ അനുച്ഛേദങ്ങളാല്‍ സമ്പന്നവും മതേതര പ്രതിബദ്ധവുമായതെന്ന് പലരും ചോദിക്കാറുണ്ട്. അന്നേ ശക്തിയാര്‍ജിച്ച ഹിന്ദുത്വ ആശയഗതികള്‍ ഭരണഘടനയില്‍ വലിയതോതില്‍ കടന്നു കൂടാതിരുന്നത് എന്തുകൊണ്ടെന്നും അത്ഭുതപ്പെടാറുണ്ട്. ഡോ. ബി ആര്‍ അംബേദ്കറിനെപ്പോലുള്ള ഭരണഘടനാ ശില്‍പ്പികളുടെ വ്യക്തിപരമായ ജാഗ്രതയെന്ന ഉത്തരമാണ് ആദ്യം മുന്നില്‍വെക്കുക. എന്നാല്‍ ദേശീയ സമര ചരിത്രമെന്നാണ് യഥാര്‍ഥ ഉത്തരം. ഇന്ത്യന്‍ ഭരണഘടനയിലെ ഓരോ അക്ഷരവും ആശയവും ആ സമരകാലത്തിന്റെ പ്രതിഫലനങ്ങളാണ്. ജപ്പാന്‍ ഭരണഘടനയെ ലോകത്തെ ഏറ്റവും ഉജ്ജ്വലമായ പാസിഫിസ്റ്റ് (സമാധാന) ഭരണഘടനയാക്കി മാറ്റിയതും ചരിത്രമാണ്. ഹിരോഷിമയും നാഗസാക്കിയും ആ ജനതയിലുണ്ടാക്കിയത് അടിയുറച്ച യുദ്ധവിരുദ്ധ മനോഭാവമാണ്. അതുകൊണ്ട് ജപ്പാനീസ് ഭരണഘടനയില്‍ (1946) ഒമ്പതാം അനുഛേദമുണ്ടായി. ഈ രാജ്യം ഒരിക്കലും യുദ്ധം ചെയ്യില്ലെന്നും ഒരു തര്‍ക്കവും ബലപ്രയോഗത്തിലൂടെ പരിഹരിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും സൈന്യം പോലും ആഭ്യന്തര സുരക്ഷക്ക് മതിയെന്നും ശഠിക്കുന്നതായിരുന്നു ഈ അനുഛേദം.സൈന്യം ആധുനികവത്കരിക്കപ്പെട്ടിരിക്കാം. ആക്രമണസജ്ജവുമായിരിക്കാം. പക്ഷേ, മറ്റൊരു രാജ്യത്ത് ചെന്നോ, മറ്റൊരു രാജ്യത്തെയോ ആക്രമിക്കാന്‍ ഭരണഘടന ജപ്പാന്‍ സൈന്യത്തെ അനുവദിക്കുന്നില്ല. ചരിത്രത്തിന്റെ ഘടികാര സൂചി പലവുരു കറങ്ങി ഷിന്‍സോ ആബേയിലെത്തിയപ്പോഴാണ് (2012- 2020) ഒമ്പതാം വകുപ്പ് ജപ്പാന് ഒരു അംഗവൈകല്യമായി തോന്നിയത്. അദ്ദേഹത്തിന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി യഥാര്‍ഥ ലിബറലിസത്തില്‍ നിന്ന് വഴിമാറി നിയോ ലിബറലിസം പുണരാന്‍ തുടങ്ങിയതോടെ തീവ്ര വലതുപക്ഷത്തിന്റെ സ്വഭാവം എടുത്തണിയുകയായിരുന്നു. ഒമ്പതാം വകുപ്പ് പൂര്‍ണമായി എടുത്തുകളയാനാണ് ആബേ സര്‍ക്കാര്‍ ഒരു വ്യാഴവട്ടം മുമ്പ് ശ്രമിച്ചത്. അതിന് ജനതയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹിതപരിശോധന അനിവാര്യമായിരുന്നു. അതത്ര എളുപ്പമല്ലെന്ന് കണ്ടതോടെയാണ് ഒമ്പതാം അനുഛേദം “പുനര്‍വ്യാഖ്യാനം’ ചെയ്യാന്‍ ആബേ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില സവിശേഷ ഘട്ടങ്ങളില്‍ വിദേശത്തേക്ക് സൈന്യത്തെ അയക്കാമെന്നതായിരുന്നു വ്യാഖ്യാനത്തിന്റെ കാതല്‍.സഖ്യ ശക്തികളിലാരെങ്കിലും അപകടത്തിലായെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടിയും സൈനിക ഇടപെടലാകാം. യു എന്‍ സമാധാന സേനയിലെ അംഗമെന്ന നിലയിലാണ് ജപ്പാനീസ് സേനാംഗങ്ങള്‍ പുറത്തേക്ക് പോകാറുള്ളത്. അതും തീര്‍ത്തും പരിമിതമായ നിലയില്‍. ദുരന്ത മുഖങ്ങളില്‍ സഹായഹസ്തമായും ജപ്പാന്‍ സേന പുറത്ത് പോയിരുന്നു. പുതിയ വ്യാഖ്യാനത്തോടെ ഈ നില പാടേ മാറി.ആബേയുടെ പതിപ്പ്ഷിന്‍സോ ആബേയുടെ ലെഗസിയില്‍ അഭിമാനം കൊള്ളുന്നയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി സനേ തകായിച്ചി. അവര്‍ ഒടുവില്‍ പ്രഖ്യാപിച്ച ആയുധ കയറ്റുമതി ഭേദഗതി ജപ്പാന്റെ പാസിഫിസ്റ്റ് ഭരണഘടനക്ക് മേലുള്ള അവസാനത്തെ ആണിയാണ്. “ഈ ഭേദഗതിയോടെ, എല്ലാ പ്രതിരോധ ഉപകരണങ്ങളുടെയും കൈമാറ്റം തത്ത്വത്തില്‍ സാധ്യമാകും. യു എന്‍ ചാര്‍ട്ടറിന് അനുസൃതമായി ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധരായ രാജ്യങ്ങള്‍ക്ക് മാത്രമേ ആയുധങ്ങള്‍ നല്‍കുകയുള്ളൂ.വര്‍ധിച്ചുവരുന്ന ഗുരുതരമായ സുരക്ഷാ അന്തരീക്ഷത്തില്‍, ഒരു രാജ്യത്തിനും സ്വന്തം സമാധാനവും സുരക്ഷയും ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല’- തകായിച്ചി പറയുന്നു. പുതിയ ഭേദഗതി പ്രകാരം ജപ്പാനില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ കുറഞ്ഞത് 17 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ യോഗ്യതയെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ ജപ്പാനുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടാല്‍ ഈ പട്ടിക വിപുലീകരിക്കാന്‍ കഴിയുമെന്ന് ജപ്പാനിലെ പ്രധാന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 1967ല്‍ തന്നെ ആയുധ കയറ്റുമതി നിരോധനത്തില്‍ വെള്ളം ചേര്‍ക്കുന്ന ഭേദഗതി വന്നിരുന്നു. 1976ല്‍ പ്രാബല്യത്തിലായ ആ ഭേദഗതി പ്രകാരം നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കപ്പെട്ടു. അപ്പോഴും കൂട്ടക്കുരുതി ആയുധങ്ങള്‍ക്കുള്ള നിരോധനം തുടര്‍ന്നു. ഇപ്പോള്‍ ആ നിയന്ത്രണരേഖയും മായ്ച്ചിരിക്കുന്നു.ചൈനാ പേടിചൈനയില്‍ നിന്നും ഉ. കൊറിയയില്‍ നിന്നുമുള്ള ഭീഷണി മറികടക്കാന്‍ ബന്ധുബലം വേണമെന്നും സമാധാനം പറഞ്ഞാല്‍ അതുണ്ടാകില്ലെന്നുമാണ് സനേ തകായിച്ചി വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര ഒറ്റപ്പെടല്‍ ഇനിയും ജപ്പാന് താങ്ങാനാകില്ലെന്ന് അവര്‍ പറയുന്നതിന്റെ അര്‍ഥമതാണ്. സത്യത്തില്‍ ഇത് ജപ്പാന്റെ താത്പര്യത്തേക്കാള്‍ യു എസിന്റെതാണ്. ഏഷ്യ പസഫിക് മേഖലയില്‍ അമേരിക്കക്ക് നിരവധി താത്പര്യങ്ങളുണ്ട്. മേഖലയിലെ യു എസ് തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജപ്പാനുമായുള്ള സഖ്യം നിര്‍ണായകമാണ്. ആഗോളവ്യാപകമായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിലെല്ലാം ജപ്പാന്‍ ഉണ്ടാകണം. മേഖലയില്‍ അമേരിക്കയുടെ മേധാവിത്വത്തിന് ചൈനയും ഉത്തര കൊറിയയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ജപ്പാനെ വേണം. തായ്‌വാനിലടക്കം യു എസ് നടത്തുന്ന കുത്തിത്തിരിപ്പുകളിലേക്ക് ജപ്പാനെ വലിച്ചിഴക്കണം.മറ്റേതൊരു രാജ്യത്തെയും പോലെ ജപ്പാനും തങ്ങളുടെ സൈനിക മുന്‍ഗണനകള്‍ നിശ്ചയിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ട ഒരു നയം പൊളിച്ച് പണിയുമ്പോള്‍ അതിന് പ്രേരകമായ ഘടകങ്ങള്‍ എന്തെല്ലാമെന്നത് പ്രസക്തമാണ്. അന്താരാഷ്ട്ര സൈനിക നീക്കങ്ങളിലേക്ക് ജപ്പാനെ വലിച്ചിഴക്കുകയെന്നത് അമേരിക്കയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. സമ്പൂര്‍ണ സഖ്യമാണ് അമേരിക്ക ആഗ്രഹിച്ചത്. അതുവഴി ചൈനയുടെ കുതിപ്പിന് തടയിടാം. ചൈനയുമായി അഭിപ്രായവ്യത്യാസമുള്ളവരെയെല്ലാം കൂടെക്കൂട്ടാം. ഇങ്ങനെ ആക്രമണ മുനകളിലേക്ക് അമേരിക്കയോടൊപ്പം ചുവട് വെക്കുന്നതിന് മുമ്പ് ഇറാഖിലെ കൂട്ടക്കുരുതികള്‍ക്ക് സഹ ക്വട്ടേഷനെടുത്ത ടോണി ബ്ലെയറുടെ അവസ്ഥയെങ്കിലും ജപ്പാന്‍ പ്രധാനമന്ത്രി പഠിക്കണമായിരുന്നു. യൂറോപ്യന്‍ യൂനിയനോ നാറ്റോയോ ട്രംപിനൊപ്പമില്ലെന്നെങ്കിലും മനസ്സിലാക്കണമായിരുന്നു. ഇറാന്‍ ഹോര്‍മുസില്‍ പിടിമുറുക്കിയപ്പോള്‍ സംയുക്ത സൈനിക നീക്കത്തില്‍ പങ്കാളിയാകാന്‍ സര്‍വ രാജ്യങ്ങളോടും ട്രംപ് കേണപേക്ഷിച്ചുവല്ലോ. ആരും ചെവിക്കൊണ്ടില്ല. ശക്തമായ ആജ്ഞാനുവര്‍ത്തി രാജ്യങ്ങളെ സജ്ജമാക്കുകയും അവരെ ആയുധക്കച്ചവടത്തിലേക്ക് ഇറക്കുകയുമാണ് ഇത്തരം ഊരാക്കുടുക്കുകള്‍ക്കുള്ള പരിഹാരമെന്ന് അമേരിക്കക്ക് നന്നായറിയാം. ആ മരണക്കൂട്ടുകെട്ടിലേക്ക് ജപ്പാനെ ആനയിക്കുകയാണ് തകായിച്ചി ചെയ്തത്.എന്തൊരു സാമ്യംലോക(മഹാ)യുദ്ധകാലത്തെ ജപ്പാനീസ് യുദ്ധവെറിയുടെ പ്രതീകമെന്ന് ചൈനയും വിജയസ്മാരകമെന്ന് ജപ്പാനും പറയുന്ന നിര്‍മിതിയാണ് യാസുകിനി മഠം. യാസുകുനി സന്ദര്‍ശിച്ചാണ് ഷിന്‍സോ ആബേ തന്റെ യുദ്ധോത്സുക പ്രചാരണം ആരംഭിച്ചിരുന്നത്. തീവ്രദേശീയത ഇളക്കിവിടാന്‍ സനേ തകായിച്ചിയും യാസുകുനി മഠത്തില്‍ ചെന്ന് പൂജ നടത്തുന്നു. ഇന്ത്യയില്‍ ആഗസ്റ്റ് 14 വിഭജന ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബി ജെ പി എന്താണോ ചെയ്യുന്നത് അതേ പണിയാണ് ഈ “അയേണ്‍ ലേഡി’യുമെടുക്കുന്നത്.1945ല്‍ ഹിരോഷിമയിലെ അമേരിക്കന്‍ അണുബോംബ് വര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിക്കിടക്കയില്‍ രക്തസാക്ഷിയായ ജപ്പാനീസ് പെണ്‍കുട്ടിയാണ് സഡാകോ സസാക്കി. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാര്‍ഥിച്ചാല്‍ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം ജീവിതത്തിലേക്ക് തിരിച്ചുവരാനായി സഡാകോ ആശുപത്രിക്കിടക്കയിലിരുന്ന് കടലാസുകൊക്കുകളെയുണ്ടാക്കി. പക്ഷേ 644 കൊക്കുകളെ ഉണ്ടാക്കിയപ്പോഴേക്കും അവള്‍ മരണത്തിനു കീഴടങ്ങി. സഡാകോയും അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമാണിന്നും. സഡാകോ മാപ്പ്, നിന്റെ രാജ്യം എത്ര മാറിപ്പോയി…