ശബ്ന ശ്രീദേവി ശശിധരൻഏപ്രിൽ 23, ലോക പുസ്തക ദിനമായിരുന്നു, പുസ്തക വായന ഒരു ശീലം മാത്രമല്ല, അത് മനസ്സിനെ ശാന്തമാകുകയും, ചിന്തകളെ സമൃദ്ധമാക്കുകയും ചെയ്യുന്ന യാത്രയാണ്. എനിക്ക് ഏറെ പ്രിയം കവിതകൾ വായിക്കുവാനാണ്. കവിതകൾ മനസ്സിന്റെ ശബ്ദമാണ്. ഓരോ വരികളിലും അത്യന്തം ആഴമുള്ള വികാരങ്ങൾ പ്രകടിപ്പിക്കുന്നു. കവിതകൾ വായിക്കുന്നത് പലപ്പോഴും മനസ്സിന് സമാധാനം നൽകുകയും, ആത്മ പരിശോധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ആധുനിക മലയാള കവിതയുടെ ശക്തമായ സ്വരങ്ങളിൽ ഒന്നായ അയ്യപ്പപണിക്കരുടെ കവിതകൾ മനുഷ്യന്റെ ഉള്ളറകളിലെ ശൂന്യതയും സമൂഹത്തിന്റെ ആത്മീയ ക്ഷയവും ആഴത്തിൽ പ്രതിഫലിപ്പിക്കുന്നു .ആധുനികതയുടെ കർത്താവും പ്രയോക്താവുമെന്നും വിവരിക്കപ്പെട്ടിട്ടുള്ള അയ്യപ്പപ്പണിക്കർ ഒരു നൂതന ഭാവുകത്വതിനാവിഷ്ക്കാരം നൽകി എന്നാണ് പറയപ്പെടുന്നത്. സമകാലിക സംഭവങ്ങളെ കുറിച്ച് കൂണ് പോലെ മുളച്ചു പൊന്തുന്ന കവിതകളുടെ ആവർത്തനം അദ്ദേഹത്തിൽ വിരസത ഉളവാക്കി. മാനവികതയുടെ സ്വപ്നങ്ങളിലേക്കാണദ്ദേഹം ആകൃഷ്ടനായത്. അദ്ദേഹത്തിന്റെ കവിതയുടെ ശക്തി പ്രവാഹമായിരുന്ന പ്രച്ഛന്ന പരിഹാസം രൂക്ഷമായ ആക്ഷേപഹാസ്യത്തിലൂടെ ചീറി കുതിച്ചു ഒഴുകാനിടയാക്കിയത്. മോഡേണിസ്റ്റുകളുടെ ഭാവങ്ങളായ വിശ്വാസരാഹിത്യം, സംശയഗ്രസ്തത, സർവനാശാവബോധം, മൃത്യുവാഞ്ഛ, സർവ്വ നാശാവബോധത്തിനു വിരുദ്ധമായ പൂർണ്ണതാതൃഷ്ണ, ഇതാന്താന്വേഷണം മുതലായവയെല്ലാം പണിക്കരുടെ കൃതികളിൽ ദർശിക്കാമായിരുന്നു. ഞെട്ടിച്ചുണർത്തുന്ന പദ പ്രയോഗങ്ങളിലൂടെ അമ്പരിപ്പിക്കുന്ന ആശയവിധാനങ്ങളും വെറുപ്പുളവാക്കുന്ന ഭാവ വിതാനങ്ങളും ആവിഷ്ക്കരിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു . ഐറണിയുടെ പ്രയോഗം ആക്ഷേപഹാസ്യധ്വാനത്തിനുപയുക്തമായപ്പോഴാണ് മലയാളത്തിൽ അതൊരു സുശക്തമായ സ്വാധീന ശക്തിയായി ഭവിച്ചത്. അടിയന്തരാവസ്ഥാക്കാലത്തു കാർട്ടൂൺ കവിത ഒരു പ്രസ്ഥാനം തന്നെയായി വികസിച്ചു വന്നതിനു നേതൃത്വം നൽകിയത് പണിക്കാരായിരുന്നു.പണിക്കരുടെ കവിതയിലെ താള ബോധവും, ലയ ബോധവും, ചെണ്ടമേളം, ദണ്ഡകങ്ങൾ, മറ്റു കഥകളിപ്പദങ്ങൾ, സോപാന സംഗീതം ഹരിനാമ കീർത്തന സ്തോത്രങ്ങൾ എന്നിവയെ അനുസ്മരിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ കർണ്ണാടക സംഗീതത്തെയും ഓർമ്മയിലെത്തിക്കുന്നുണ്ട്. കാവ്യത്തിന്റെ രസച്ചരട് ഗാനാത്മകത വറ്റിച്ചുകളയുമെന്നു വന്നാൽ, ഗാനത്തെ വറ്റിച്ചു കളയുന്ന പാരുഷ്യയവും അതിനു ഗുണമായ ഗാദ്ധ്യാത്മക ശൈലിയും ഉപയോഗിക്കുന്നു.Also read: ദിവസത്തിൽ രണ്ടുതവണ അപ്രത്യക്ഷമാകുന്ന റെയിൽപാതയോ; ഇന്ത്യയിൽ എവിടെയാണെന്നറിയാമോ?അയ്യപ്പപ്പണിക്കർ എന്ന വിവർത്തകൻഉത്കൃഷ്ട കവിത മറ്റു ഭാഷകളിലേക്ക് പകരാൻ സാധ്യമല്ലെന്നു ഇറ്റാലിയൻ കവിയായ ലിയോ പ്പാർദി 1826-ൽ ഒരു സുഹൃത്തിനു എഴുതിയ കത്തിൽ രേഖപ്പെടുത്തുകയുണ്ടായി. ഇത് അഭിപ്രായം ശരിയല്ല. മികച്ച കവിതകളുടെ മികവുറ്റ വിവർത്തനങ്ങൾ ഉണ്ട്. ലോക പ്രസിദ്ധരായ എഴുത്തുകാർ പലരും മികച്ച പരിഭാഷകരാണ്. ഡോ അയ്യപ്പപ്പണിക്കരും മികച്ച ഒരു വിവർത്തകനാണ്. ഈ പ്രാവിണ്യമാണ് അദ്ദേഹത്തെ മറ്റുളളവരിൽ നിന്നും വേറിട്ട ഒരാളായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്. വിശ്വ വിഖ്യാതങ്ങളായ പല കൃതികളും ഡോ അയ്യപ്പപ്പണിക്കർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട കവിതകളുടെ വിവർത്തനങ്ങൾ ഇവയെല്ലാമാണ്. ക്യൂബൻ കവിതകൾ, നിക്കോളാസ് ഗുള്ളൻ, മയോവിക്കോവിസ്ക്കിയുടെ കവിതകൾ, ജീവനന്ദ ദാസിന്റെ കവിതകൾ, നൂറ്റൊന്ന് വചനങ്ങൾ, അദ്ദേഹത്തിന്റെ ഗദ്യ വിവർത്തനങ്ങൾ, അയ്യപ്പപണിക്കരുടെ വിവർത്തനങ്ങൾ ആയ പൂച്ചയും ഷേക്സ്പിയറും തുടങ്ങി..ഇരുപതാം നൂറ്റാണ്ടിന്റെ കാവ്യാഭിരുചിയെ മാറ്റി മറിച്ച എഴുത്തുകാരൻ ആണ് ടി എസ് എല്യറ്റ് . ഇംഗ്ലീഷ് സാഹിത്യത്തിൽ ആധുനികതയ്ക്ക് ദൃഢമായ തട്ടകം ഒരുക്കിയ കവിയും വിമർശകനുമായ എലിയറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കാവ്യമാണ് ‘The waste land ‘.കവിതയിൽ ആധുനികതയുടെ മുഖ്യ മാതൃകയായി പരിഗണിക്കപ്പെടുന്ന ഈ കൃതിക്ക് മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണ വിവർത്തനം നൽകിയത് ഡോ കെ അയ്യപ്പപ്പണിക്കരാണ്. എസ്രാ പൗണ്ടിന് സമർപ്പിച്ചിട്ടുള്ള ഈ കാവ്യം തരിശുഭൂമി എന്ന പേരിൽ ആണ് പണിക്കർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ അനന്യ കാവ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് സവിശേഷ ശ്രദ്ധ അർഹിക്കുന്നു. എലിയറ്റിന്റെ കവിതകൾ വിവർത്തനം ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അയ്യപ്പപ്പണിക്കർ അനായാസമായി തന്നെ ആ കാര്യം നിർവഹിക്കുന്നു.ഇതിനു പുറമെ ദ ലവ് സോങ് ഓഫ് ആൽഫ്രഡ് പ്രൂഫോർക്കും ഈസ്റ്റ് കോക്കറും അയ്യപ്പപ്പണിക്കർ സമർത്ഥമായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ബ്രഹറ്റ് ബ്രാദ് ലെയർ, റെമോൺ ഹിമനോഥ്, ലിയോ പാർഥി‍, അലക്സാണ്ടെർ ബ്ലോക്ക്, ആന്നാ ആപ്മാത്തവ, പാസ്റ്റർ നാക്ക്, യെസനിൽ, മാർത്തിനോവ്, ഹോചീമിൻ, പാബ്ലോ നെരൂദ, തുടങ്ങി നൂറുകണക്കിന് കവിതകളുടെ പ്രശസ്ത കവിതകൾ അയ്യപ്പ പണിക്കർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വൃത്ത ബന്ധമായ കവിതകളും വൃത്തമുക്തമായ കവിതകളും കൂട്ടത്തിലുണ്ട്. ഗദ്യത്തോടും അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഇറ്റാലിയൻ ഭവകവിതയെ അതിന്റെ പരകോടിയിൽ എത്തിച്ച വിഷാദ ഗായകനായ ലിയോ പാർദിയുടെ കവിതകൾ വൃത്ത ബന്ധിതമായി തന്നെയാണ് അയ്യപ്പപ്പണിക്കർ വിവർത്തനം ചെയ്തിരിക്കുന്നത്.” സ്വാഗതം ” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷ തുടങ്ങുന്നത് ഇങ്ങനെയാണ്.‘ Now you will rest tired heart forever ‘ഇതിനെ അയ്യപ്പപ്പണിക്കർ വിവർത്തനം ചെയ്തത് നോക്കുക –‘വാടിത്തളർന്നോരെൻ കൊച്ചു ഹൃദയമേതേടുക വിശ്രാന്തിയെന്നേക്കുമായിനി ‘ഈ പരിഭാഷയിൽ ഒന്നും തന്നെ ചോർന്നു പോകുന്നില്ലThe earth does not deserve a sigh എന്ന പ്രസിദ്ധമായ കാവ്യഭാഗം അയ്യപ്പപ്പണിക്കർ ഇങ്ങനെ വിവർത്തനം ചെയ്യുന്നു….നിൻനിശ്വാസവീചികയ്ക്കനർഹമിപാരിടം .വിശ്വപ്രസിദ്ധമായ കവിതകൾ പലതും പരിഭാഷയാണെന്നു തോന്നാത്ത മട്ടിൽ അയ്യപ്പപ്പണിക്കർ അവതരിപ്പിക്കുന്നു .റഷ്യൻ കവിയായ യെസനിൻ എഴുതിയ അമ്മയ്ക്കുള്ള കത്ത് നല്ലൊരു ഉദാഹരണമാണ് . ഒരമ്മയുടെ സ്നേഹം ആ കവിതയെ അസാധാരണ ചാരുതയുള്ളതാക്കുന്നു .മലയാളികളായ വായനക്കാരുടെ മനസ്സിൽ പെട്ടന്ന് ഇടം തേടുന്ന ഭാവബന്ധുരമായ ഒരു കവിതയാണിത് . വിശ്വകവിതയുടെ വിശാല വിഹായസ്സിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഒരു വൈമാനികൻ ആയിരുന്നു അയ്യപ്പപ്പണിക്കർ എന്ന് പറയാം.Also read: ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് കഴിക്കാമോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ…ടി എസ് എലിയറ്റും തരിശുഭൂമിയുംThe waste land എന്ന കവിത എലിയെറ്റിനു ഒരിക്കലും ഒരു വികാര പ്രകടനമോ രാഷ്ട്രീയ പ്രതികരണമോ ആയിരുന്നില്ല. കാലത്തിന്റെ പ്രതിസ്പന്ദനങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. സിദ്ധാന്തവും കവിതയും ആത്മപ്രകാശത്തിന്റെ ആയുധങ്ങളാക്കി ഇരുണ്ടകാലത്തിന്റെ ഗുഹാമുഖങ്ങളിൽ നിന്നുകൊണ്ട് കാലത്തെയും കവിതയെയും നവീകരിച്ചു ലോക കവിതയിലേക്ക് ഊർജ്ജ പ്രവാഹം പ്രസരിപ്പിച്ചു .ഐ .എ റിച്ചാർഡ്സിന്റെ ഭാഷയിൽ പറഞ്ഞാൽ എല്ലാ വിശ്വാസങ്ങളുടെയും വിച്ഛേദനമായി വേസ്റ്റ് ലാൻഡ് ഇന്നും നിലകൊള്ളുന്നു . സ്റ്റീഫൻ സ്പെൻഡർ പറഞ്ഞതുപോലെ അത് ‘ നാളിതുവരെയുളവാകാത്ത ഒരു പ്രത്യേക സാഹചര്യത്തെ അതിന്റെ രൂപത്തിലും ഭാവത്തിലും ശൈലിയിലും ഉൾകൊള്ളുന്ന ഒരു കലാകാരന്റെ ബോധ പ്രതിഫലനം ആയിരുന്നു . പുതിയൊരു കാലത്തെ പുതിയൊരു രീതിയിൽ ആവിഷ്ക്കരിച്ചതിന്റെ സാക്ഷ്യമായിരുന്നു ‘വേസ്റ്റ് ലാൻഡ് ‘. ആധുനികതയിലെ പോലെ സന്നിഗ്ദ്ധതയുടെയും വൈവിധ്യത്തിന്റെയും കർമ്മ ഫലമായിരുന്നു എലിയറ്റിന്റെ കവിത.ശാസ്ത്രരംഗത്തുണ്ടായ വൻ വ്യതിയാനങ്ങളും മാർക്സിന്റെയും ഏംഗൽസിന്റെയും ഡാർവിന്റെയും ഫ്രോയിഡിന്റെയും സിദ്ധാന്തങ്ങളും പ്രധാനമായും ഇളക്കി മറിച്ചത് പരമ്പരാഗത മത സങ്കല്പത്തെയും അതിന്റെ കേന്ദ്രമായ ദൈവ വിശ്വാസത്തെയുമായിരുന്നു. ദൈവത്തിന്റെ മരണം ഇക്കാലത്തു പ്രഘോഷിക്കപ്പെട്ടു. ജർമ്മൻ ദാർശികനായ ഫെഡെറിക്ക് നിഷെ നിലവിലിരുന്ന മത -രാഷ്ട്രീയ തത്വ സംഹിതകൾ മനുഷ്യന്റെ സ്വതന്ത്രമായ വളർച്ചയ്ക്ക് തടസ്സമാണെന്ന് വാദിച്ചു . മനുഷ്യനെ സംബന്ധിച്ച യാഥാർത്ഥ്യം കണ്ടെത്താൻ നിഷെ പ്രയത്നിച്ചു .” ദൈവം മരിച്ചു എന്നദ്ദേഹം ‘ദസ് സ്പോക്ക് സരതുഷ്ട്ര ‘ എന്ന പുസ്തകത്തിൽ എഴുതിയപ്പോൾ തരിശായി തീർന്നത് കാലങ്ങൾ പഴക്കമുള്ള വിശ്വാസത്തിന്റെ വിള നിലങ്ങളായിരുന്നു . അത് വലിയൊരാത്മീയ ശൂന്യതയാണ് സൃഷ്ടിച്ചത് . എലിയറ്റ് “വേസ്റ്റ് ലാൻഡിൽ ” എഴുതിയപോലെ പർവ്വതങ്ങളിൽ ഏകാന്തത പോലുമില്ലാത്ത ശൂന്യത. ഇത് മനുഷ്യന് ഒരു പുതിയ അനുഭവ ലോകമാണ് തുറന്നു നൽകിയത്. ഇത്തരത്തിൽ ഭൗമികവും ആത്മീയവുമായ അന്തർസംഘർഷവും ഒന്നാം ലോക മഹായുദ്ധം വലിയ മാനസിക പിരിമുറുക്കത്തിലേക്ക് മനുഷ്യനെ തള്ളിയിട്ടു. അഭയസ്ഥാനങ്ങളും മൂല്യങ്ങളും നഷ്ടമായപ്പോൾ ഭീമമായ നൈരാശ്യം മനുഷ്യനെ ഭരിക്കാൻ തുടങ്ങി. ഒരു സിദ്ധാന്തങ്ങൾക്കും ആ നൈരാശ്യത്തിനു പരിഹാരം കണ്ടെത്താൻ ആയില്ല. ആ ദുരന്തം സാംസ്കാരികമായി ഏറ്റു വാങ്ങിയപ്പോഴാണ് അതുവരെ ഇളവാകാത്ത ഭാഷയും , കവിതയും, സാഹിത്യവും പ്രത്യക്ഷമായത് .അതിൽ മനുഷ്യന്റെ വിശ്വാസ പ്രതിസന്ധി പ്രധാന പ്രമേയമായി .രാമുവിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട് : -” ദൈവമോ യജമാനനോ ഇല്ലാത്ത , ഒറ്റയായ ഒരാൾക്ക് ദിവസങ്ങളുടെ ഭാരം അതി ഭയങ്കരമായിരിക്കും . ” ഇത്തരമൊരു അനാഥാവസ്ഥയായിരുന്നു തരിശു നിലത്തിന്റെ ആന്തരിക സത്ത .വ്യാവസായിക മുതലാളിത്തത്തോടൊപ്പം തഴച്ചു വളർന്ന നഗരങ്ങളിൽ മനുഷ്യർ തങ്ങളെ തന്നെ തിരിച്ചറിയാത്തവരായി .എലികളോ പുഴുക്കളോ ആയി ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും തിടുക്കവും വിലപേശലും മനുഷ്യനെ ആന്തരികമായ തരിശുകളിലേക്കാണ് നയിച്ചത് .ജോർജ് ലൂക്കാസ് എഴുതിയിട്ടുണ്ട് ” ആധുനിക സാഹിത്യത്തിലെ മനുഷ്യൻ ഒറ്റപ്പെട്ടവനും അസാമൂഹിക ജീവിയും മറ്റുള്ളവരുമായി പ്രസക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയാത്തവനുമാണ് – ഏകാകി “സമൂഹത്തിന്റെ പൊതു ധാരയിൽ അലിഞ്ഞു ചേരാൻ കഴിയാതെ വരുമ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസികാവസ്ഥയാണ് അന്യതാബോധം . ” അന്യനാവുക എന്നാൽ ആത്മ ബോധമുള്ളവനാവുക ” എന്നാണു കോളിൻ വിൽസൺ നടത്തിയ നിരീക്ഷണം അന്യനായി തീരുന്ന വ്യക്തി , കടുത്ത ഏകാന്തതയിൽ സമൂഹത്തിന്റെ സുരക്ഷിത്വത്തത്തിൽ നിന്ന് ഭ്രഷ്ടനായി , ആത്മബോധത്തിന്റെ അരക്ഷിതത്വത്തിൽ എത്തിച്ചേരുന്നു. ഒറ്റപ്പെടലുകളിൽ ജീവിച്ചുകൊണ്ട് അസ്തിത്വ സാക്ഷാത്ക്കാരത്തിനും യത്നിക്കുന്ന വ്യക്തിക്ക് അതിനു സാധിക്കാതെ വരുന്ന അവസ്ഥ ഭയജനകമാണ് .ഇതെല്ലം അർത്ഥ ശൂന്യമാണെന്ന തോന്നൽ അയാളിൽ ഉണ്ടാക്കുന്നു .നിരർത്ഥക ബോധം ഉദാസീന ഭാവത്തിലേക്കാണ് അയാളെ നയിക്കുക. സമൂഹത്തിൽ നിന്നും മാത്രമല്ല , അവനവനിൽ നിന്നും തന്നെ അന്യവൽക്കരിക്കപ്പെടുന്ന അവസ്ഥ.താൻ ആരാണ് എന്നും ആരായാലും ആരുമല്ല എന്ന തിരിച്ചറിവും ഈ ലോകവും താനും യാഥാർഥ്യമല്ലെന്നും കരുതുമ്പോൾ രൂപം കൊള്ളുന്ന ശൂന്യതാബോധവും മൃത്യു ബോധവും പലപ്പോഴും ആഘാതം പോലെ നിറയുന്ന ദുരന്ത ബോധത്തിന്റെ പ്രതിഫലനമാണ് .അതുകൊണ്ട് മൃത്യു ബോധം മൃത്യു പൂജയായി ചിലപ്പോൾ മാറുന്നു . എലിയറ്റിന്റെ വേസ്റ്റ് ലാൻഡിന്റെ ആന്തരികതയിൽ ഇത്തരം പ്രമേയങ്ങൾ ഇടതടവില്ലാതെ മുഴങ്ങുന്നുണ്ട്.Also read: സ്വർണമാണോ ഡിജിറ്റൽ സ്വർണമാണോ നല്ലത്? നിക്ഷേപകർക്ക് വൻലാഭം വരാൻ പോകുന്നു, തുടക്കക്കാർക്കും മികച്ച അവസരം1922 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി 1972 ലും പരിഭാഷയ്ക്ക് വിധേയമാകുന്നു എന്നതിൽ നിന്നു തന്നെ ആ കൃതിയുടെ ഉൽകൃഷ്ടത വെളിവാക്കുന്നുണ്ട് .സാമൂഹിക അരക്ഷിതാവസ്ഥയുടെ പ്രതിഫലനമോ സമകാലിക ജീവിത നിരൂപണമോ അല്ല എലിയറ്റിന് വേസ്റ്റ് ലാൻഡ് എന്നൊരു വാദമുണ്ട് . അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിനിഷ്ടമായ അനുഭവമാണത്രെ . എലിയറ്റ് സ്വയം വിശദീകരിക്കുന്ന വൈയക്തിക വിലാപത്തിന്റെ അതിരുകൾ വേസ്റ്റ് ലാൻഡ് എന്ന പ്രയോഗം തന്നെ ഭേദിക്കുന്നുണ്ട് .ഇതിലെ അഞ്ചു ഖണ്ഡങ്ങൾ ചന്ദ്രമതി എഴുതിയ പോലെ തരിശു ഭൂമിയിലെ അഞ്ചു പാറക്കല്ലുകൾ പോലെ ദൃഢമായി വേർപ്പെട്ടുനിൽക്കലാണ് . ആധുനിക കവിത വിഭജിത മനുഷ്യന്റെ കവിതയാണെന്നും മനസ്സിന്റെ ഒരു ഇരുണ്ട രാത്രിയാണ് അതെന്നും മൂല്യങ്ങളെല്ലാം അതിൽ കലങ്ങി മറിഞ്ഞിരിക്കുന്നുവെന്നും ജോൺ എം കോഹൻ പറയുന്നത് .” വേസ്റ്റ് ലാൻഡ് വായിക്കുമ്പോൾ എത്ര ശരിയാണെന്നു തോന്നി പോകുന്നു .യുദ്ധാനന്തര യൂറോപ്പിന്റെ ജീവിതാവസ്ഥ , ആ ജീവിതാവസ്ഥയിൽ നിലനിൽക്കുന്ന പരിചിത ഭാവങ്ങളെ എടുത്തു കളഞ്ഞു കൊണ്ടാണ് എലിയറ്റ് അവതരിപ്പിച്ചത് .സാമകാലിക യാഥാർഥ്യങ്ങളെ അവതരിപ്പിക്കാൻ ഭൂതകാലത്തിൽ നിന്നും വാക്കുകളും പ്രതീകങ്ങളും വേസ്റ്റ് ലാൻഡിൽ സ്വീകരിച്ചു .എന്നാൽ അവയൊന്നും പാരമ്പര്യത്തിന്റെ ശക്തി സ്വരൂപങ്ങളെന്ന നിലയിലല്ല.ജെസ്സി വെസ്റ്റൺന്റെ From Ritual to Romance ‘ എന്ന പുസ്തകത്തിലെ ‘ഫിഷർകിങ്ങിന്റെ ‘ കഥയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ‘ വേസ്റ്റ് ലാൻഡ് ‘എന്ന പേര് അദ്ദേഹം സ്വീകരിച്ചത് .ശാപഫലമായി പുരുഷത്വം നഷ്ടപെട്ട മുക്കുവ രാജാവിന്റെ രാജ്യം രാജാവിനെ പോലെ വന്ധ്യമായും ശുഷ്ക്കമായും തീർന്ന് ശാപമോചനം കാത്തു കിടക്കുന്നൂ .ഇത്തരം ഒരു തരിശു നിലം എലിയറ്റിന്റെ കവിതയിൽ ആധുനിക യൂറോപ്പിന്റെ ദുരന്തം ധ്വനിപ്പിക്കുന്നതാണ് .വേസ്റ്റ് ലാൻഡിന്റെ ആമുഖപദ്യം ശ്രദ്ധിക്കുക പെടോണിയസ് എന്ന ലത്തീൻ കവിയുടെ സ്റ്റിറിക്കോൺ എന്ന കൃതിയിലെ 48-മത് അധ്യായത്തിലെ വരികളാണിത് . അതിൽ സകുടിയനായ ട്രൈമാൽകിയോ ഭൂതകാലത്തെ അപഹസിച്ചു കൊണ്ട് പറയുന്നതാണ് . അതിൽ സിബിൽ എന്ന പ്രസിദ്ധ പ്രവാചകയുടെ ദുരന്തവും ആത്മ ദാഹവും പ്രകടമാകുന്നുണ്ട്. സിബിൽ അപ്പോളോ ദേവന്റെ അനുഗ്രഹത്താൽ മരണമില്ലാതായി തീർന്നവളാണ് .എന്നാൽ യുവത്വം വാർന്നു പോയപ്പോൾ സിബിലിനു അനശ്വരത ഭാരമായി തീർന്നു .ജീവിതം മിഥ്യയായി .ഭീകരതയും വൈരസ്യവും അയാഥാർഥ്യവും സിബിലിനെ പേടിപ്പെടുത്തി .ഇത്തരമൊരു ചിത്രം വേസ്റ്റ് ലാൻഡ് എന്ന കാവ്യാ നാമത്തിനു ശേഷം ഉദ്ധരിക്കുക വഴി കാവ്യാന്തർഭാഗത്തേക്ക് ഒരു വാതിൽ തുറക്കുകയാണ് കവി. യഥാർത്ഥത്തിൽ തരിശു ഭൂമിയിലെ ജനങളുടെ പ്രതിനിധിയായി തീരുന്ന സിബിൽ . മരണ തുല്യമായ ജീവിതവും മൃത്യു ദാഹവുമാണ് ആ ആമുഖ പദ്യത്തിലൂടെ എലിയറ്റ് സൂചിപ്പിച്ചത് ഇത്തരം രചനാരീതി യാഥാർഥ്യത്തിന്റെ പരിചിതഭാവം ഇല്ലാതാക്കുകയും എന്നാൽ സമകാലിക ജീവിതത്തെ പ്രത്യക്ഷമാകുകയും ചെയ്യുന്നു .യുദ്ധാനന്തര യൂറോപ്പിൽ രൂപപ്പെട്ട മരണതുല്യമായ ജീവിതവും മൃത്യു ദാഹവും തരിശുഭൂമിയിൽ അഞ്ചു ഖണ്ഡങ്ങൾ ആയിട്ടാണ് ആവിഷ്കരിക്കുന്നത്.ജീവിതത്തിൽ ആശിക്കാൻ ഒന്നുമില്ലാതെ പോയ ഒരു ജനതയുടെ ആത്മീയ ജഡതയാണ് അതിന്റെ അന്തർധാര. ശവസംസ്ക്കാരം എന്ന ഒന്നാം ഖണ്ഡത്തിൽ നൈരാശ്യത്തിന്റെയും മൂല്യ തകർച്ചയുടെയും ആവിഷ്ക്കാരം കാണാം . രണ്ടാം ഖണ്ഡത്തിൽ ‘ ചതുരംഗകളി ‘ സ്നേഹമെന്ന ഉദാത്ത വികാരത്തിന്റെ തളർച്ചയും തകർച്ചയും അവതരിപ്പിക്കുന്നു . അഗ്നി പ്രഭാഷണം എന്ന മൂന്നാം ഖണ്ഡത്തിൽ കാമത്തിന്റെ തീ നാളങ്ങളെ ജ്വലിപ്പിച്ചു കാണിക്കുന്നു . നാലാം ഖണ്ഡം ജലം മൂലം മൃത്യു നശീകരണ വസ്തുക്കളിൽ സ്വയം മുങ്ങിക്കൊണ്ട് ദു : സ്ഥിതിയിൽ നിന്നുള്ള മോചനം പ്രതീകാത്മകമായ പുനർജനിയിലൂടെ അന്വേഷിക്കുന്നു . ‘ഇടിനാദം പറഞ്ഞത് ‘ എന്ന അഞ്ചാം ഖണ്ഡത്തിൽ ദത്തം , ദയത്വം , ദമ്യത ‘ എന്നിവയിലൂടെ തരിശുഭൂമിയിൽ നിന്നുള്ള മോചന സാധ്യത സൂചിപ്പിക്കുന്നു. ആത്മീയമായ തരിശുകളെ അടയാളം ചെയ്യുന്ന ഈ അഞ്ചു ഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നത് മുഖ്യ കഥാപാത്രമായ തൈറീസിയാസാണ് . തൈറീസിയസിനെപറ്റി എലിയെറ്റ് തന്നെ എഴുതിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുമ്പോൾ രചനാപരമായി അദ്ദേഹം കാവ്യ രീതിയെ എങ്ങനെയാണു സ്വായത്തമാക്കിയത് എന്ന് വ്യക്തമാകുന്നു .എല്ലാ സ്ത്രീശക്തികളും ഒരു സ്ത്രീയാകുന്നു . രണ്ട് ലിംഗങ്ങളും തൈറീസിയസ്സിൽ ഒത്തു ചേരുന്നു . തൈറീസിയസ്സ് കാണുന്നതെന്തോ അതാണ് വാസ്തവത്തിൽ കാവ്യത്തിന്റെ കാതൽ .സ്ത്രീയുടെയും പുരുഷന്റെയും വ്യക്തി സത്തകൾ അലിഞ്ഞു ചേർന്നിരിക്കുന്ന തൈറീസിയസ്സിൽ , സംസ്ക്കാരത്തിന്റെ രൂപാന്തരങ്ങൾ മുഴുവൻ പ്രത്യക്ഷമാക്കികൊണ്ട് യഥാർത്ഥത്തിൽ സാമകാലികതയുടെ ജീവിത കാഠിന്യത്തെയാണ് എലിയറ്റ് ചിത്രീകരണം ചെയ്യുന്നത് .ചിരഞ്ജീവിയും ദ്വികാലജ്ഞാഞിയുമായ അയാൾ അന്ധനാണ്.പക്ഷെ എല്ലാം കാണുന്നുണ്ട് .ഓരോ അനുഭവത്തിന്റെയും മൂക സാക്ഷിയും ആഖ്യാതാവുമാണ് അയാൾ .ഈ വൈരുദ്ധ്യമാണ് വേസ്റ്റ് ലാൻഡിൽ മനുഷ്യ സാധാരണമായ യുക്തിയുടെ മരണത്തെ പൂർണ്ണമാക്കി കാവ്യാത്മകമായൊരു യുക്തി സൃഷ്ടിക്കുന്നത് . തരിശു നിലം കാലങ്ങളിൽ , ദേശങ്ങളിൽ മനുഷ്യ മനസുകളിൽ നിന്നും ഇപ്പോഴും എപ്പോഴും സർപ്പിളാകൃതിയിൽ മുക്തഛന്ദസ്സിൽ നീണ്ടു കിടക്കുന്നു .അയ്യപ്പപണിക്കരും തരിശു ഭൂമിയുംഎലിയറ്റിനെ പോലെ അയ്യപ്പ പണിക്കർ കാവ്യാ വസ്തു എന്ന നിലയിൽ സമകാലിക യാഥാർഥ്യത്തെ സ്വീകരിക്കുകയും പാരമ്പര്യ ഘടകങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ട് യാഥാർഥ്യത്തെ ആവിഷ്കരിക്കുകയും ചെയ്തു .കാല്പനികതയിലെ പോലെ കവിതയെ ആത്മാവിഷ്ക്കാരം എന്ന നിലയിൽ നിന്ന് മാറ്റി അവനവനിൽ നിന്നുള്ള പാലായനമാക്കി .ഇത് എലിയെറ്റിന്റെ നിർവ്യക്തിവാദം എന്ന കാവ്യാ സിദ്ധാന്തത്തെയാണ് ഓർമ്മിപ്പിക്കുന്നത് .അന്തർഭാവത്തിലെന്ന പോലെ ഭാഷ ,രൂപം , എന്നിവയിലും എലിയെറ്റിന്റെ രീതികളോട് അയ്യപ്പപണിക്കർക്ക് മമതയായിരുന്നു. എലിയെറ്റിനെ പോലെ മലയാളികൾക്കും മലയാള കവികൾക്കും നിഷ്കൃഷ്ട വൃത്ത നിബന്ധനകൾ ഉപേക്ഷിച്ചു താളാനുസൃതമായ സ്വതന്ത്ര പദ്യ രചനയിൽ താല്പര്യം കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. എന്നദ്ദേഹം എഴുതുന്നുണ്ട് .ഭാഷയിലും രൂപത്തിലും അഴിച്ചു പണിനടത്തിയ അയ്യപ്പപ്പണിക്കർ കവിതയ്ക്ക് പുതിയ അന്തർനാദം നൽകി . എല്ലാത്തരം ഗതാനു ഗതികത്വത്തിനും എതിരായി നിന്നു . ഭാഷയെ മെറ്റഫറുകളിലൂടെ വളർത്തി . പാരമ്പര്യത്തിന്റെ പ്രതീകങ്ങളെ സമർത്ഥമായി അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിഞ്ഞു . ഭഗ്നബിംബങ്ങളെ കവിതയുടെ സമഗ്രഹാനുഭൂതിയുടെ ഭാഗമാക്കി പുതിയൊരനുഭൂതി സൃഷ്ട്ടിക്കുകയായിരുന്നു അദ്ദേഹം. ആത്മ സംഘർഷത്തിന്റെ ആധുനിക മുഹൂർത്തങ്ങൾ ഈ കാവ്യത്തിന്റെ സിരാപടലങ്ങളിലുണ്ട് . ‘ തരിശുനിലത്തിൽ കാലത്തിന്റെ ഇത്തരത്തിൽ ഉള്ള ദുരന്ത സമസ്യകളുടെ ചിത്രം കാണാൻ കഴിയുന്നുണ്ട് . ഈ കവിത ആധുനികതയുടെ ഏറ്റവും വലിയ പ്രതീകമായി മാറിയത് മനസ്സും ലോകവും തമ്മിലുള്ള ബന്ധത്തിന്റെ ശില്പമെന്ന നിലയിലാണ്. കുരുക്ഷേത്ര രചനയ്ക്ക് വേസ്റ്റ് ലാൻഡ് അയ്യപ്പ പണിക്കർക്ക് ഉൾക്കാഴ്ച നൽകിയിട്ടുണ്ട് . “പാശ്ചാത്യ കവിതയുമായി വളരെ അടുത്ത സമ്പർക്കം സ്ഥാപിച്ച ഒരു കവി മനസ്സിൽ നിന്നും വാർന്നു വീണ വരികളാണ് കുരുക്ഷേത്രത്തിന്റേത്” എന്ന് സി പി ശിവദാസും ” അയ്യപ്പപ്പണിക്കർക്ക് പ്രിയ ‘വേസ്റ്റ് ലാൻഡ് ‘ ആയിരുന്നു എന്നും എം .എൻ വിജയനും പറഞ്ഞത് പ്രസക്തമാണ് മാ ദക്ഷിണാമൂർത്തി ,” എലിയെറ്റ് , ദ വേസ്റ്റ് ലാൻഡ് രചിച്ചില്ലയിരുന്നുവെങ്കിൽ പണിക്കർ കുരുക്ഷേത്രം രചിക്കിലായിരുന്നു എന്ന് എഴുതിയിട്ടുണ്ട് .കവിതയിലേക്ക് വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെ സ്വീകരിക്കുമ്പോൾ വികാരങ്ങളുടെ സ്വപ്നസന്നിഭമായ ഒഴുക്ക് അസാധ്യമാണ്. വേസ്റ്റ് ലാൻഡിലും കുരുക്ഷേത്രത്തിലും കാല്പനിക കവിതയിൽ കാണുന്ന പോലെയുള്ള സംഗീതത്മക പ്രസരണം ഇല്ല . മറിച്ചു നികൃഷ്ട വൃത്ത നിബന്ധനകൾ ഉപേക്ഷിച്ചുള്ള താളാനുസൃതമായ സ്വാതന്ത്ര കാവ്യാ രചനാ ശൈലിയാണുള്ളത്. ജെസ്റ്റി വെസ്റ്റേൺന്റെ’ from ritual to romance ‘ എന്ന കൃതിയിലെ ഫിഷർക്കിങ്ങിന്റെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് എലിയെറ്റ് തന്റെ കാവ്യത്തിന് ദി വേസ്റ്റ് ലാൻഡ് എന്ന പേര് നൽകിയതെങ്കിൽ വേദവ്യാസന്റെ മഹാഭാരതത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് അയ്യപ്പപ്പണിക്കർ ‘ കുരുക്ഷേത്രം ‘എന്ന പേര് സ്വീകരിച്ചത് .ജീവിതത്തിന്റെ അന്തസാര ശൂന്യതയിലേക്ക് രണ്ട് ശീർഷകങ്ങളും വാതിൽ തുറക്കുന്നു .എല്ലാം തകർന്നടിഞ്ഞു തരിശായിരിക്കുന്നുവെന്നു വേസ്റ്റ് ലാൻഡ് എന്ന ശീർഷകം പ്രതിഫലിപ്പിക്കുന്നു എങ്കിൽ ജീവിതം യുദ്ധക്കളമാണെന്നും അവിടം എല്ലാ സ്നേഹ ബന്ധങ്ങളുടേയും തരിശു നിലമാണെന്നും കുരുക്ഷേത്രം എന്ന ശീർഷകം ധ്വനിപ്പിക്കുന്നു .സമകാലിക ജീവിത യാഥാർഥ്യങ്ങളുടെ പരിചിത ഭാവം രചനയിൽ നിന്ന് എടുത്തു കളയുകയും ,എന്നാൽ കാവ്യാന്തർഭാവമായി അതിനെ ശക്തവും തീക്ഷ്ണവുമായി ആവിഷ്കരിക്കുകയും ചെയ്യുന്ന കാവ്യ കലാതന്ത്രമാണിത് .വിവർത്തനത്തിന്റെ ചാരുതനല്ല വിവർത്തനം എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ് തരിശുഭൂമി. പദാനു പദ വിവർത്തനത്തെയും അനുഗതരീതിയെയുമാണ് ഇതിൽ പ്രധാനമായും അവലംഭിച്ചിട്ടുള്ളത് . യൂറോപ്യൻ സംസ്ക്കാരത്തെയും , കാവ്യാ പാരമ്പര്യത്തെയും കുറിച്ച് ധാരണയുള്ളവർക്ക് മാത്രമേ ഈ കൃതി പൂർണ്ണമായും ഉൾക്കൊള്ളാനാവൂ.അയ്യപ്പപണിക്കർക്ക് അത് സാധിച്ചിട്ടുണ്ടെന്നാണ് തരിശുഭൂമി വ്യക്തമാക്കുന്നത് .ഒരു ഇതിഹാസ കൃതിക്ക് മാത്രം ഉൾക്കൊള്ളാനാവുന്നത്ര ആഴവും പരപ്പുമുള്ള ആശയ പ്രപഞ്ചമാണ് ഇതിൽ 432 വരികളിലായി ഉൾച്ചേർത്തിട്ടുള്ളത് .നൈസർഗ്ഗികമായ പ്രതിഭ വിലാസം കൊണ്ട് വിവർത്തകരെ കുഴയ്ക്കുന്ന അവസ്ഥകളെ അതിജീവിക്കാൻ അയ്യപ്പപ്പണിക്കർക്ക് നല്ല രീതിയിൽ സാധിച്ചിട്ടുണ്ട് .waste land ആരംഭിക്കുന്നത് ഇങ്ങനെയാണ്“ April is the cruelest month ,breedingLiliacs out of the dead land , mixingMemory and desire , stirringDull roots with spring rain”അതിന്റെ പരിഭാഷ ഇപ്രകാരമാണ്“ഏപ്രിലാണേറ്റവും ക്രൂരമാസംമൃതധാത്രിയിൽ ലൈലാക വളർത്തിയുംമോഹവുമോർമ്മയും കൂട്ടിക്കലർത്തിയുംവാസന്തമഴയിൽ ജഡേരുണർത്തിയും “എലിയറ്റിന്റെ വരികളുടെ ഘടനയും ഒഴുക്കും അർത്ഥഭംഗിയുമെല്ലാം ആവാഹിച്ചുകൊണ്ടുള്ള വിവർത്തനത്തിന്റെ ചാരുതയാണ് ഇവിടെ ദൃശ്യമാകുന്നത് .തരിശുഭൂമിയിലെ അഗ്നി പ്രഭാഷണത്തിന്റെ ആദ്യഭാഗം നോക്കാം .“The river’s tent is broken ,the fingers of leafClutch and sink in to the back the windCrosses the brown land unheardThe nymphs are departedപരിഭാഷ :നദീകൂടാരം പൊളിഞ്ഞിരിക്കുന്നു ,ഇലയുടെ അവസാന വിരലുകൾ നനഞ്ഞ മണ്ണിൽ അള്ളി പിടിച്ചു താഴുന്നു . കാറ്റ് പിംഗല ഭൂമി കുറുകെ വീശുന്നു അശ്രുതമായി ജാലകന്യകകൾ പോയി കഴിഞ്ഞു .ഇത് മനോഹരമായ പരിഭാഷയാണ്- ഇടിനാദം പറഞ്ഞത് എന്ന അഞ്ചാം ഭാഗത്തിലെ ഏതാനും വരികൾ ശ്രദ്ധിക്കുക“ Gnaga was sunken , and the limp leavesWaited for rain ,while the black cloudsGathered distance ,over HimavanthThe jungle erouched ,humped in silenceThen spake thunder .” ഗംഗ വറ്റിക്കിടക്കുന്നു-വലിയ ഇലകൾ മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .കറുത്ത മേഘങ്ങൾ വളരെ ദൂരെ ഹിമവാന്റെ മുകളിൽ തടിച്ചുകൂടിയപ്പോൾ കാട് കുന്തിച്ചിരുന്നു .നിശബ്ദതയിൽ കൂനിയിരുന്നു .അപ്പോൾ ചൊല്ലി ഇടി മുഴക്കം “ഈ വിവർത്തനങ്ങളിലൊക്കെതന്നെ കുറ്റമറ്റതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല .“OOO that shakespheherian rayIts so elegantSo intelligent ‘ഇതിനെ ‘ ഓ ഓ ഓ ഓ ആ ഷേക്സ്പിഹെറിയൻ ചിന്ത അതത്ര സുബദ്ധം എത്ര പ്രബുദ്ധം ‘ എന്ന് പരിഭാഷപ്പെടുത്തി തന്നിലെ വിവർത്തകന്റെ മിടുക്ക് ബോധ്യപ്പെടുത്താനും അയ്യപ്പപ്പണിക്കർക്ക് സാധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ വിവർത്തനം എന്ന സർഗ്ഗാത്മക പ്രക്രിയയെ കുറിച്ചു പഠിക്കാൻ നല്ല മാതൃകയാണ് തരിശു ഭൂമിയെന്ന് നിസംശയം പറയാംThe post വായനയെന്ന യാത്രയും, അയ്യപ്പപ്പണിക്കരും ടി എസ് എലിയറ്റും appeared first on Kairali News | Kairali News Live.