തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

Wait 5 sec.

തൃശൂര്‍ | ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പകിട്ട് അല്‍പ്പം കുറഞ്ഞെങ്കിലും പൂരപ്രേമികളില്‍ ആവേശം പടര്‍ത്തിയാണ് പൂരം ഇന്ന് ഉപചാരം ചൊല്ലി പിരിയുന്നത്.രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറും. എറണാകുളം ശിവകുമാറാണ് തിടമ്പേറ്റുക. കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളത്തിന് പ്രമാണിയാവും. രാവിലെ എട്ടരയോടെ ശ്രീമൂല സ്ഥാനത്ത് മേളം തുടങ്ങും. മേളം കലാശിച്ചതിനുശേഷം ഇരു ഭഗവതിമാരും 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തി ഉപചാരം ചൊല്ലി പിരിയും.തിരുവമ്പാടി നായ്ക്കനാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പേറ്റുക. ചെറുശ്ശേരി കുട്ടന്മാരാരാണ് മേള പ്രമാണി. എട്ടരയോടെ ശ്രീമൂല സ്ഥാനത്തിന് മുന്നില്‍ തിരുവമ്പാടിയുടെയും മേളം തുടങ്ങും. വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് വേണ്ടെന്നു വച്ചും കുടമാറ്റത്തിന്റെ ദൈര്‍ഘ്യം കുറച്ചും ആര്‍ഭാടം ഒഴിവാക്കിയെങ്കിലും വന്‍ ജനാവലി പൂരത്തിനു ദൃക്‌സാക്ഷികളായി.