മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവംശിക്ക് ഷില്ലോങ് കോടതി ജാമ്യം അനുവദിച്ചു. പത്ത് മാസമായി ജയിലിൽ കഴിഞ്ഞുവരുന്ന സോനത്തിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയാണ് കോടതി അംഗീകരിച്ചത്. 2025 മേയിൽ സോഹ്‌റയിൽനിന്ന് കാണാതായതിന് ശേഷം രാജയുടെ മൃതദേഹം കൊക്കയിൽ കണ്ടെത്തുകയായിരുന്നു. കാമുകൻ രാജ് കുശ്വാഹയുടെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു സോനത്തിന്റെ മൊഴി. അന്വേഷണം പൂർത്തിയായതും കുറ്റപത്രം സമർപ്പിച്ചതും ജാമ്യത്തിന് അനുകൂലമായ ഘടകങ്ങളായി കോടതി പരിഗണിച്ചു. 790 പേജുള്ള കുറ്റപത്രത്തിൽ അഞ്ച് പ്രതികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.