കേരളത്തിലെ കർഷക സമൂഹം അനുദിനം നേരിടുന്ന വെല്ലുവിളികൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം പാർക്ക് സെൻട്രലിൽ നടത്തിയ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണ്ണയ ശില്പശാല ശ്രദ്ധേയമായി. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല ഒരുക്കിയത്. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ചിരുന്ന് ആശയങ്ങൾ പങ്കുവച്ച വേദി കാർഷിക മേഖലയ്ക്ക് പുതിയൊരു പ്രതീക്ഷയായി മാറി.കൃഷിയിടങ്ങളിൽ കർഷകർ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ്, അവ ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ ക്രോഡീകരിച്ച്, ലഭ്യമായ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുകയായിരുന്നു ശില്പശാലയുടെ കാതലായ ലക്ഷ്യം. സംരംഭകർക്കും ഗവേഷകർക്കും പുതിയ ഉൽപ്പന്നങ്ങളും സാങ്കേതിക സംവിധാനങ്ങളും രൂപകൽപ്പന ചെയ്യാൻ ഭാവിയിൽ ആധികാരിക അടിസ്ഥാന വിവരശേഖരമായി ഈ ഡാറ്റാബേസ് മാറും. കേര പദ്ധതിയിലെ അഗ്രി ടെക്ക് സ്റ്റാർട്ടപ്പ് വിഭാഗത്തിന് കീഴിലാണ് ഇത് സജ്ജമാക്കുന്നത്.വന്യജീവി ആക്രമണം, കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും, വിളകളുടെ സംസ്കരണവും മൂല്യവർദ്ധനവും, പൈൻ ആപ്പിൾ, റബ്ബർ, ജാതി തുടങ്ങിയ കൃഷികളിലെ വെല്ലുവിളികൾ, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കീടരോഗ നിർണ്ണയം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ കർഷക പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ നൂതന ആശയങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാം. മികച്ച ആശയങ്ങൾക്ക് കേര പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ഫണ്ടിംഗ് ഉറപ്പുവരുത്തും. സംസ്‌ഥാനത്തു ഇത്തരത്തിൽ നടത്തുന്ന അഞ്ചാമത്തെ ശില്പശാലയാണിത്.ALSO READ: ‘സേവകന്മാരാകണം, അധികാരമോഹികളാകരുത്’; യുഡിഎഫിലെ രാഷ്ട്രീയ ‘വടംവലി’ ചർച്ചകൾക്കിടയിൽ ഡോ ജോൺ ബ്രിട്ടാസ് എംപി പങ്കുവെച്ച ശിഹാബ് തങ്ങളുടെ വീഡിയോ ചർച്ചയാകുന്നുകേര തൃശൂർ റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ ഉണ്ണിരാജ.പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേര എസ്.പി.എം.യു. പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി തമ്പി മുഖ്യ പ്രഭാഷണം നടത്തി പദ്ധതി വിശദീകരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുധീശൻ വി. പി, കേരള കാർഷിക സർവ്വകലാശാലയുടെ വൈറ്റില നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ.ശ്രീലത എ. കെ, കേര എസ്.പി.എം.യു. കൃഷി ഓഫീസർ (പ്ലാന്റേഷൻ & എം.എസ്.എം.ഇ) പി. എം. വിഷ്ണു നാരായണൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ, വി. എഫ് .പി. സി. കെ എറണാകുളം ജില്ലാ മാനേജർ മഞ്ജുഷ. എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേര പ്രോജക്ട് ടെക്‌നിക്കൽ സ്പെഷ്യലിസ്റ് ശ്രീബാല അജിത്ത് സ്വാഗതവും, കേര ഡെപ്യൂട്ടി റീജ്യണൽ പ്രൊജക്റ്റ് ഡയറക്ടർ ജോൺ ജോസഫ് തേറാട്ടിൽ നന്ദിയും പറഞ്ഞു.The post കാർഷിക മേഖലയ്ക്ക് നൂതന സാങ്കേതിക സംരംഭങ്ങൾ; ശ്രദ്ധേയമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല appeared first on Kairali News | Kairali News Live.