പേരാമ്പ്രയിലും പൂനൂരുമായി രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു; കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകള്‍

Wait 5 sec.

കോഴിക്കോട് | കോഴിക്കോട് പേരാമ്പ്രയിലും പൂനൂരുമായി രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലില്‍ ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി(36), പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍(22) എന്നിവര്‍ക്കാണ് പാമ്പുകടിയേറ്റത്. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടത്.ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അന്‍സാറിന് പാമ്പ് കടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേര്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷി(75), കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ നബീസ (70) എന്നിവരാണ് മരിച്ചത്.കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ അതീവ വിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് വിവിധ മുറികളില്‍ നിന്നായി പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടികളെ മാറ്റിയതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകളെ കണ്ടെത്തിയത്.സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് ഡയറക്ടര്‍. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിയേല്‍ക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡി എം ഒമാരുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.