പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി ജയിലില്‍പ്പോയ യുവാവിനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മേലകാലക്കുടി സ്വദേശി അജിത് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനു പിന്നാലെ പിതാവായ പുണ്യമൂര്‍ത്തി (53), കൂട്ടാളികളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.കഴിഞ്ഞവര്‍ഷം നവംബറിലാണ് പുണ്യമൂര്‍ത്തിയുടെ മകളായ തഞ്ചാവൂരിലെ ആലങ്കുടിയിലെ ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്കൂളിലെ താല്‍കാലിക അധ്യാപികയായിരുന്ന കാവ്യയെ (26) അജിത് കുമാര്‍ കൊലപ്പെടുത്തിയത്. അജിത് കുമാറും കാവ്യയും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പെയിന്റ് ജോലിക്കാരനായ അജിത് കുമാറും കാവ്യയും തമ്മിലുള്ള വിവാഹത്തിനു പുണ്യമൂര്‍ത്തി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് മറ്റൊരാളുമായി കാവ്യയുടെ വിവാഹനിശ്ചയം നടത്തുകയും നിശ്ചയത്തിന്റെ ഫോട്ടോ അജിത് കുമാറിനു അയച്ചുനല്‍കുകയും ചെയ്തു.Also Read: ലോക്കപ്പില്‍ ഇനി ഷര്‍ട്ടും പാന്റും ഇല്ല; ആത്മഹത്യ തടയാന്‍ മുംബൈയില്‍ പ്രതികള്‍ക്ക് പുതിയ ഡ്രസ് കോഡ്ഇതേത്തുടര്‍ന്ന് പ്രകോപിതനായ അജിത് കുമാര്‍ കാവ്യയെ സ്കൂളില്‍ പോകുന്ന വഴിയില്‍വെച്ച് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ജയിലില്‍ പോയ അജിത് കുമാര്‍ കഴിഞ്ഞമാസം ജാമ്യത്തില്‍ പുറത്തിറങ്ങി. ഈ വിവരമറിഞ്ഞ പുണ്യമൂര്‍ത്തി ബന്ധുക്കളെയും കൂട്ടി അജിത് കുമാറിന്റെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു. വടിവാളുകളുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അമ്മന്‍പേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.The post മകളുടെ കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില് കയറി വെട്ടിക്കൊന്ന് പിതാവ് appeared first on Kairali News | Kairali News Live.