മണലാരണ്യത്തിലെ മരതകശോഭ

Wait 5 sec.

തലസ്ഥാന നഗരിയായ കെയ്റോയുടെ കോലാഹലങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും പൂർണമായും മാറി, എങ്ങും സ്വർണനിറമുള്ള സഹാറ മരുഭൂമിക്ക് നടുവിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച വലിയൊരു വിസ്മയമുണ്ട്. ഈജിപ്ഷ്യൻ തലസ്ഥാനത്ത് നിന്ന് ഏകദേശം 750 കിലോമീറ്റർ അകലെ, ലിബിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പടിഞ്ഞാറൻ മരുഭൂമിയിലെ ഒറ്റപ്പെട്ട പറുദീസയായ “സിവ ഒയാസിസ്’ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 19 മീറ്റർ താഴെയായി ഒരു ഗർത്തത്തിൽ സ്ഥിതി ചെയ്യുന്ന സവിശേഷമായ ഈ ഭൂപ്രദേശം ബാഹ്യലോകവുമായി വലിയ ബന്ധങ്ങളില്ലാതെ നൂറ്റാണ്ടുകളോളം ശാന്തമായി ഉറങ്ങിക്കിടക്കുകയായിരുന്നു.ചുട്ടുപൊള്ളുന്ന മണലാരണ്യത്തിന് നടുവിൽ, ലക്ഷക്കണക്കിന് ഈന്തപ്പനകളും ഒലിവ് മരങ്ങളും പച്ചപ്പും തണലും വിരിക്കുന്ന സിവ കാഴ്ചക്കാരുടെ കണ്ണുകൾക്ക് വലിയൊരു കുളിർമയാണ് നൽകുന്നത്. വരണ്ടുണങ്ങിയ മരുഭൂമിയിൽ ജീവന്റെ തുടിപ്പുള്ള ഇത്രയും വലിയൊരു പച്ചപ്പ് എങ്ങനെ നിലനിൽക്കുന്നുവെന്നത് ഏതൊരു സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്നതാണ്.പ്രകൃതിയുടെ അത്ഭുതങ്ങൾ അവിടെ തീരുന്നില്ല. ഒയാസിസിലുടനീളം ഒഴുകിനടക്കുന്ന കണ്ണാടി പോലെ തെളിഞ്ഞ നീലനിറമുള്ള ഉപ്പുതടാകങ്ങൾ ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്. അതികഠിനമായ ഉപ്പുള്ളതുകൊണ്ട് തന്നെ ഒട്ടും നീന്തൽ അറിയാത്തവർക്കും ഈ തടാകങ്ങളിൽ മുങ്ങിപ്പോകാതെ അനായാസം ഒഴുകിനടക്കാൻ കഴിയും. കൊടുംതണുപ്പുള്ള മരുഭൂമിയിലെ രാത്രികളിൽ പോലും പ്രകൃതിദത്തമായി ചൂടുവെള്ളം നൽകുന്ന “ബിർ വാഹിദ്’ എന്ന ചൂടുനീരുറവകൾ ഈ മരുപ്പച്ചയുടെ മറ്റൊരു വിസ്മയമാണ്. ഇത്തരം ജലസ്രോതസ്സുകൾ തന്നെയാണ് സിവയുടെ ജീവനാഡിയായി ഇന്നും നിലകൊള്ളുന്നത്.പ്രകൃതിരമണീയതക്കപ്പുറം ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉറങ്ങുന്ന മണ്ണുകൂടിയാണിത്. ബി സി 331ൽ അലക്‌സാണ്ടർ ചക്രവർത്തി കിലോമീറ്ററുകൾ താണ്ടി സന്ദർശിച്ച ചരിത്രപ്രസിദ്ധമായ “അമുൻ ഒറക്കിൾ ക്ഷേത്രം’ സിവയുടെ ചരിത്രത്തിലെ അധ്യായമാണ്.നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച “ശാലി കോട്ട’ പഴയകാല പ്രതാപത്തിന്റെ മറ്റൊരു ഓർമപ്പെടുത്തലാണ്. മഴപെയ്യുമ്പോൾ പതുക്കെ ഉരുകിത്തീരുന്ന ഉപ്പുകല്ലുകൾ കൊണ്ടാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്. പുരാതന ഈജിപ്ഷ്യൻ രാജ്ഞിയായ ക്ലിയോപാട്ര ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഇന്നും സജീവമായ പ്രകൃതിദത്ത കൽക്കുളമായ “ക്ലിയോപാട്രയുടെ കുളം’ ഈ മരുപ്പച്ചയിലെ രാജകീയ സ്മരണകളെ ഉണർത്തുന്നു. ചരിത്രത്തെക്കാൾ സിവയെ വ്യത്യസ്തമാക്കുന്നത് അവിടുത്തെ ജനതയും അവരുടെ സംസ്‌കാരവുമാണ്. സാധാരണ ഈജിപ്തുകാരിൽ നിന്ന് തികച്ചും വ്യത്യസ്തരായ വടക്കേ ആഫ്രിക്കൻ ബെർബർ അഥവാ അമാസിഗ് വംശജരുടെ സവിശേഷമായ പൈതൃകം കാത്തുസൂക്ഷിക്കുന്നവരാണ് സിവ നിവാസികൾ.അറബി ഭാഷക്ക് പുറമെ, എഴുത്തുലിപികളില്ലാത്ത തങ്ങളുടെ സ്വന്തം മാതൃഭാഷയായ “സിവി’ അവർ തലമുറകളായി സംസാരിക്കുന്നു. ഇന്നും ഇവിടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതും പ്രാദേശിക ഗോത്രത്തലവന്മാരുടെ സമിതിയാണ്. ഇവരുടെ വസ്ത്രധാരണത്തിലും വലിയ വ്യത്യസ്തതയുണ്ട്. പുരുഷന്മാർ പരമ്പരാഗതമായ വെളുത്ത നീളൻ വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീകൾ അതിസൂക്ഷ്മമായ തുന്നൽപ്പണികളുള്ള തർഫുതെത് എന്ന സവിശേഷ വസ്ത്രമാണ് ഉപയോഗിക്കുന്നത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും പരമ്പരാഗത വെള്ളി ആഭരണങ്ങൾ അണിഞ്ഞുള്ള തികച്ചും വ്യത്യസ്തമായ സിവ വിവാഹ ആചാരങ്ങളും ഈ ജനതയുടെ സാംസ്‌കാരിക തനിമയെ വിളിച്ചോതുന്നു.കൃഷിയെയും പ്രകൃതിയെയും പൂർണമായും ആശ്രയിച്ചുള്ള ഒരു സാമ്പത്തിക വ്യവസ്ഥയാണ് സിവയുടേത്. കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ സമൂഹത്തിന്റെ പ്രധാന വരുമാന മാർഗം ഈന്തപ്പഴവും ഒലിവുമാണ്. സിവയിലെ ഈന്തപ്പഴത്തിനും ഒലീവെണ്ണക്കും ലോകവിപണിയിൽ തന്നെ വളരെ ഉയർന്ന മൂല്യമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള റോമൻ കാലഘട്ടത്തിൽ നിർമിച്ച ഭൂഗർഭ ജലസ്രോതസ്സുകളും കനാലുകളും ഇന്നും യാതൊരു കേടുപാടുകളും കൂടാതെ അവർ കൃഷിക്കായി ഉപയോഗിക്കുന്നു. കാർഷിക വൃത്തിക്ക് പുറമെ ഉപ്പുകൊണ്ടുള്ള കരകൗശലവിദ്യയും ഇവരുടെ ജീവിതമാർഗമാണ്.ഉപ്പുതടാകങ്ങളിൽ നിന്ന് പാറയുപ്പ് വെട്ടിയെടുത്ത് അവർ നിർമിക്കുന്ന പ്രകാശിക്കുന്ന ഉപ്പുവിളക്കുകളും വീട്ടുപകരണങ്ങളും ഏറെ പ്രശസ്തമാണ്. സിവക്കാരുടെ ജീവിതരീതികളും പാർപ്പിട നിർമാണവും പ്രകൃതിയോട് നൂറ് ശതമാനം ഇണങ്ങിനിൽക്കുന്നതാണ്. ആധുനിക നിർമാണ സാമഗ്രികൾക്ക് പകരം, സിമന്റ് ഉപയോഗിക്കാതെ ഉപ്പുകല്ലും ചെളിയും ഈന്തപ്പനത്തടിയും മാത്രം ഉപയോഗിച്ച് നിർമിക്കുന്ന “കെർഷെഫ്’ വീടുകൾ ഇവിടുത്തെ വലിയ പ്രത്യേകതയാണ്. കടുത്ത വേനലിൽ പോലും പ്രകൃതിദത്തമായ എയർകണ്ടീഷനിംഗ് നൽകാൻ ഈ വീടുകൾക്ക് കഴിയും. അതുപോലെ തന്നെ വാതസംബന്ധമായ അസുഖങ്ങൾ ഭേദമാക്കാൻ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മണലിൽ കഴുത്തുവരെ മൂടിക്കിടക്കുന്ന പുരാതന ചികിത്സാ രീതി ഡക്‌റൂർ മലയിൽ ഇന്നും സജീവമാണ്. പരസ്പര സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും വലിയൊരു ദാർശനിക തലം ഈ ജനതക്കുണ്ട്. എല്ലാ വർഷവും ഒക്ടോബറിൽ അവർ നടത്തുന്ന “സിയാഹ ഉത്സവം’ ഇതിനൊരു ഉദാഹരണമാണ്. വർഷങ്ങളായുള്ള എല്ലാ ശത്രുതകളും പിണക്കങ്ങളും മറന്ന് പർവതമുകളിൽ ആയിരങ്ങൾ ഒരുമിക്കുന്ന വലിയൊരു സംഗമമാണിത്.സമയത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു അളവുകോലാണ് സിവക്കാർക്കുള്ളത്. കെയ്റോയിലെ കോലാഹലങ്ങളിൽ നിന്നും സമയത്തിന് പിന്നാലെയുള്ള ഓട്ടങ്ങളിൽ നിന്നും മാറി ഘടികാരങ്ങളേക്കാൾ സൂര്യന്റെയും കാലാവസ്ഥയുടെയും ഗതിക്കനുസരിച്ച് അവർ തങ്ങളുടെ ജീവിത സമയം അളക്കുന്നു. യാതൊരു തിരക്കുകളുമില്ലാത്ത ശാന്തമായ ജീവിതമാണവർ നയിക്കുന്നത്. നൂറ്റാണ്ടുകളായി പ്രകൃതിയെ നോവിക്കാതെ മരുഭൂമിയിലെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഈ ജനത നടത്തുന്ന അത്ഭുതകരമായ അതിജീവനം പരിസ്ഥിതി സന്തുലിതാവസ്ഥയുടെ ഏറ്റവും വലിയ പാഠമാണ്.എന്നാൽ ഈ ശാന്തത എക്കാലത്തും നിലനിൽക്കുമോ എന്ന ഭയം ഇന്ന് സിവ നിവാസികൾക്കുണ്ട്. വളരെ വൈകി മാത്രം കടന്നുവന്ന വൈദ്യുതിയും ഇന്റർനെറ്റും വർധിച്ചുവരുന്ന വിനോദസഞ്ചാരവും തങ്ങളുടെ സ്വകാര്യതയെയും പൈതൃകത്തെയും ഭാവിയിൽ നശിപ്പിക്കുമോ എന്ന് അവർ ആശങ്കപ്പെടുന്നു. ലോകത്തിന്റെ ഭൗതികമായ ഓട്ടങ്ങളിൽ നിന്നകന്ന് ഏകാന്തതയിലൂടെ സ്രഷ്ടാവിനെ കണ്ടെത്താൻ സഹായിക്കുന്ന മരുഭൂമിയുടെ അഗാധമായ നിശബ്ദതയും ആത്മീയതയും സിവയിൽ നമുക്ക് അനുഭവിക്കാൻ കഴിയും.