മദ്യപിച്ച് വാഹനമോടിച്ച് യുവാവിന്റെ മരണം; ശ്രീലങ്കന്‍ പൗരന്‍ വിചാരണ നേരിടുന്നു

Wait 5 sec.

മനാമ: ട്രാഫിക് സിഗ്‌നലിലെ ചുവപ്പ് അടയാളം അവഗണിച്ച് വാഹനമോടിച്ച് മറ്റൊരാളുടെ മരണത്തിനിടയാക്കിയ കേസില്‍ 30 വയസ്സുകാരനായ ശ്രീലങ്കന്‍ പൗരനെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യ, റെഡ് സിഗ്‌നല്‍ ലംഘനം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.നിശ്ചിത വേഗപരിധിയേക്കാള്‍ 30 ശതമാനത്തിലധികം വേഗതയില്‍ വാഹനമോടിച്ചതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും, അശ്രദ്ധമായ ഡ്രൈവിംഗിലൂടെ യാത്രക്കാരന് പരിക്കേല്‍പ്പിച്ചതിനും ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്. അപകടം നടന്ന ദിവസം കാമുകിയോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ മദ്യപിച്ചിരുന്നതായി പ്രതി പ്രോസിക്യൂഷനോട് സമ്മതിച്ചു. റിഫയില്‍ നിന്ന് ഉമ്മുല്‍ ഹസമിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.‘ഞാന്‍ എത്തിയപ്പോള്‍ സിഗ്‌നലില്‍ ചുവപ്പ് വീണിരുന്നു. വാഹനം നിര്‍ത്താന്‍ ബ്രേക്ക് അമര്‍ത്തിയെങ്കിലും പൂര്‍ണ്ണമായും നിര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെ റെഡ് സിഗ്‌നല്‍ മറികടന്നു. ആ സമയം സിത്ര ഭാഗത്ത് നിന്ന് വന്ന കാറില്‍ എന്റെ വാഹനം ഇടിക്കുകയും തുടര്‍ന്ന് സിഗ്‌നല്‍ പോസ്റ്റില്‍ പോയി തട്ടുകയുമായിരുന്നു.’, പ്രതിയുടെ മൊഴിയില്‍ പറയുന്നു.ഏപ്രില്‍ 3 ന് പുലര്‍ച്ചെ 2.25-ന് ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയിലാണ് അപകടം നടന്നത്. 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് പ്രതി വാഹനമോടിച്ചിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട പ്രതിയുടെ കാര്‍ ഇടതുവശത്തുനിന്ന് വന്ന വാഹനത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചു. ആഘാതത്തില്‍ ആ വാഹനം തെറിച്ച് ഡിവൈഡറിലെ റെയിലിംഗില്‍ ഇടിച്ചു നിന്നു. ഇതിനിടെ അപകടത്തില്‍പ്പെട്ട മറ്റൊരു കാര്‍ മറ്റൊരു വാഹനത്തിന് മുകളിലേക്ക് മറിഞ്ഞു വീഴുകയും ഡ്രൈവറും യാത്രക്കാരനും ഉള്ളില്‍ കുടുങ്ങുകയും ചെയ്തു.മറ്റൊരു കാറിന്റെ ഡ്രൈവറായ ഫഹദ് അലി യൂനസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൂടെയുണ്ടായിരുന്ന യാത്രക്കാരനെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പ്രതിയുടെ രക്തപരിശോധനയില്‍ 0.202 ശതമാനം മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. ഇത് പ്രതി അപകടസമയത്ത് ക്രമാതീതമായി മദ്യപിച്ചിരുന്നു എന്നതിന്റെ തെളിവാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗം വാദങ്ങള്‍ കേള്‍ക്കുന്നതിനായി കേസ് ഏപ്രില്‍ 27 ലേക്ക് മാറ്റി. The post മദ്യപിച്ച് വാഹനമോടിച്ച് യുവാവിന്റെ മരണം; ശ്രീലങ്കന്‍ പൗരന്‍ വിചാരണ നേരിടുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.