വാഷിംഗ്ടൺ | ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെ മറ്റൊരു ഗ്രഹത്തിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ലോകം എത്രത്തോളം ചെറുതാണെന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം നാസ പുറത്തുവിട്ടു. എർത്ത് ഡേ പ്രമാണിച്ചാണ് നാസയുടെ മാർസ് റീകണസൻസ് ഓർബിറ്റർ (എം ആർ ഒ) ചൊവ്വയുടെ ഭ്രമണപഥത്തിൽ നിന്ന് പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും സംയുക്ത ചിത്രം വീണ്ടും പങ്കുവെച്ചത്.ചൊവ്വയെ വലംവെക്കുന്ന എം ആർ ഒ പേടകത്തിലെ ഹൈ റെസല്യൂഷൻ ഇമേജിംഗ് സയൻസ് എക്സ്പിരിമെന്റ് (ഹൈറൈസ്) എന്ന കരുത്തുറ്റ ക്യാമറയാണ് ഈ ദൃശ്യം പകർത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലെ ഒരു അടുക്കള മേശയുടെ അത്രയും വലിപ്പമുള്ള വസ്തുക്കളെപ്പോലും കൃത്യമായി കണ്ടെത്താൻ ശേഷിയുള്ളതാണ് ഈ ക്യാമറ. 2007 ഒക്ടോബർ 3 നാണ് ചരിത്രപരമായ ഈ ചിത്രം എടുത്തത്. അന്ന് ഭൂമിയിൽ നിന്ന് ഏകദേശം 142 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു ചൊവ്വ.നാസയുടെ മാർസ് റീകണസൻസ് ഓർബിറ്റർചിത്രത്തിൽ ഭൂമി ഒരു തിളങ്ങുന്ന നീലക്കലർന്ന ചന്ദ്രക്കലയായും ചന്ദ്രൻ മങ്ങിയ ചന്ദ്രക്കലയായും കാണപ്പെടുന്നു. ഭൂമിയും ചന്ദ്രനും പ്രകാശത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസം പുലർത്തുന്നതിനാൽ രണ്ട് വസ്തുക്കളെയും പ്രത്യേകമായി പ്രോസസ്സ് ചെയ്ത ശേഷമാണ് ഒരൊറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തിയത്. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രൻ വളരെ ഇരുണ്ടതായതിനാൽ ഒരേ പ്രകാശ സ്കെയിലിൽ ചന്ദ്രനെ ദൃശ്യമാകില്ലെന്നതിനാലാണ് ഇത്തരത്തിൽ ചെയ്തത്.നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം പകർത്തിയ ചന്ദ്രന്റെ നിഗൂഢമായ വിദൂര വശം. (ചിത്രം: നാസ)സൂര്യൻ, ഭൂമി, ക്യാമറ എന്നിവ തമ്മിലുള്ള വിന്യാസം കാരണം ഭൂമിയുടെയും ചന്ദ്രന്റെയും പകുതിയിൽ താഴെ ഭാഗം മാത്രമാണ് സൂര്യപ്രകാശത്തിൽ തിളങ്ങുന്നത്. ചിത്രത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ മേഘങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. എങ്കിലും തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിന്റെ നേർത്ത രൂപം ചിത്രത്തിന്റെ താഴെ വലതുഭാഗത്തായി തിരിച്ചറിയാൻ സാധിക്കും. കോടിക്കണക്കിന് മനുഷ്യരും നഗരങ്ങളും സമുദ്രങ്ങളും വനങ്ങളും അടങ്ങുന്ന നമ്മുടെ ലോകം 14 കോടി കിലോമീറ്റർ അകലെ നിന്ന് നോക്കുമ്പോൾ വെറും ഒരു ചെറിയ ബിന്ദുവായി മാറുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.SummaryNASA’s Mars Reconnaissance Orbiter has captured a rare and stunning composite image of Earth and the Moon from its orbit around Mars. Taken by the powerful HiRISE camera at a distance of 142 million kilometers, the image depicts Earth and its natural satellite as glowing crescents against the vastness of space. This remarkable photograph serves as a humbling reminder of our planet’s fragile presence in the cosmos.