നോവല്‍, ചെറുകഥ എന്നി സാഹിത്യശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവല്‍ ‘കയര്‍’ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ടാകാന്‍ പോകുകയാണ്. നോവലിനെപ്പറ്റി ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരനായ എസ്. ഹരീഷ്. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് ‘കയറിനെ’പ്പറ്റി തന്റെ വായനാനുഭവം പങ്കുവെച്ചത്.മലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ‘കയര്‍’ ആണെന്ന് ഹരീഷ് പറയുന്നു. ഈഴവ, നായര്‍, പുലയ, ക്രിസ്ത്യന്‍, നമ്പൂതിരി, പട്ടര്‍ തുടങ്ങി പല ജാതികളില്‍പ്പെട്ട മനുഷ്യരുടേയും മാറ്റങ്ങളുടെ കഥ ഇതിലുണ്ട്. ധര്‍മ്മം, നീതി, സദാചാരം ഒക്കെ മാറിമറിയുന്നതിന്റ കഥ കൂടിയാണ് കയര്‍. ജീവിതത്തെ അത് വളരെ അടുത്തുനിന്ന് വൈകാരികമായി കാണുന്നു. അതേസമയം, സ്ഥലത്തിലും കാലത്തിലും പെട്ടുപോകാതെ വളരെ അകന്നുനിന്ന് ദാര്‍ശനിക ഭാരത്തോടെയും കാണുന്നുവെന്നും ഹരീഷ് പറയുന്നു.എസ്. ഹരീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംമലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയര്‍ തന്നെയാണെന്ന് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ വായനയിലും ബോദ്ധ്യപ്പെട്ടു. നോവല്‍ നല്‍കുന്ന സ്വാതന്ത്ര്യത്തേയും ആഖ്യാന സാദ്ധ്യതകളേയും ഇത്രയധികം ഉപയോഗിച്ച വേറൊരു കൃതിയില്ല. രണ്ട് പ്രധാന സാമൂഹ്യ മാറ്റങ്ങള്‍ക്കിടയിലെ മനുഷ്യാവസ്ഥകളും ബന്ധങ്ങളുമാണ് കയറിന്റെ നട്ടെല്ല്.അതിലൊന്ന് ദായക്രമത്തിലുണ്ടായ മാറ്റമാണ്. ഈഴവ, നായര്‍, പുലയ, ക്രിസ്ത്യന്‍, നമ്പൂതിരി, പട്ടര്‍ തുടങ്ങി പല ജാതികളില്‍പ്പെട്ട മനുഷ്യരുടേയും മാറ്റങ്ങളുടെ കഥ ഇതിലുണ്ട്. പക്ഷെ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ദായക്രമം ഒരു സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ട് മാറ്റേണ്ടി വന്നത് നായര്‍ സമുദായത്തിനാണ്. അതില്‍പ്പെട്ട് ചതഞ്ഞരഞ്ഞതും തളിര്‍ത്തതുമായ മനുഷ്യരുടേയും കുടുംബങ്ങളുടേയും കഥകൂടിയാണ് കയര്‍. ആ മാറ്റത്തെ ശക്തിയായി എതിര്‍ത്തവര്‍ പിന്നീട് അവര്‍ പോലുമറിയാതെ വളരെപ്പെട്ടെന്ന് അണുകുടുംബ ജീവിതത്തോട് വൈകാരികമായി ഒട്ടിച്ചേരുന്നതും കാണാം. ചേന്നാട്ട് കുഞ്ചു നായര്‍ എന്ന ഉജ്ജ്വല കഥാപാത്രം തന്നെ ഉദാഹരണം.Also Read: ‘എന്റെ കൊച്ചിന് ഒരു പൊതി കൊടുത്ത്. തൊറന്ന് നോക്കിയപ്പ ഒരു ബുക്ക്’: ഹീനയാനത്തിന്റെ പ്രകാശനം നിർവഹിച്ചതായി കെ എസ്.രതീഷ്കയറില്‍ ജാതി എന്ന് പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഇന്ന് നമുക്ക് ചുറ്റും കാണുന്ന സമുദായങ്ങളെയല്ല. അവയ്ക്കുള്ളിലെ ജാതിയാണ് അക്കാലത്തെ ജാതി. ആ ജാതികള്‍ മാഞ്ഞ് നായര്‍, ഈഴവ തുടങ്ങിയ സമുദായങ്ങള്‍ രൂപപ്പെട്ടു തുടങ്ങുന്ന സമയമാണ് കയറിന്റെ കാലം.കയറിന്റെ കേന്ദ്ര പ്രമേയമായ മറ്റൊരു പരിവര്‍ത്തനം ഭൂമിയുടേതാണ്. ഭൂമിയുടെ ഉടമസ്ഥതയിലുള്ള മാറ്റങ്ങള്‍ രണ്ടു തവണ സംഭവിക്കുന്നുണ്ട്. നോവലിന്റെ തുടക്കം കണ്ടെഴുത്തിന്റെ കാലമാണ്. ആര്‍ക്കും വേണ്ടാത്ത ഭൂമിയുടെ പോലും ഉടമസ്ഥത ചിലരില്‍ അടിച്ചേല്‍പ്പിക്കുന്ന സമയം. നോവല്‍ അവസാനിക്കുമ്പോള്‍ ഭൂമി വിലപ്പെട്ട വസ്തുവാകുന്നു. പാട്ടക്കാരനും കുടിയാനും ഉടമയാകുന്നു. ഈ മാറ്റങ്ങളിലും മനുഷ്യര്‍ ഞെരിഞ്ഞമരുന്നുണ്ട്. ഉയിര്‍ത്തെഴുനേല്‍ക്കുന്നുണ്ട്.ധര്‍മ്മം, നീതി, സദാചാരം ഒക്കെ മാറിമറിയുന്നതിന്റ കഥ കൂടിയാണ് കയര്‍. ജീവിതത്തെ അത് വളരെ അടുത്തുനിന്ന് വൈകാരികമായി കാണുന്നു. അതേസമയം തന്നെ സ്ഥലത്തിലും കാലത്തിലും പെട്ടുപോകാതെ വളരെ അകന്നുനിന്ന് ദാര്‍ശനിക ഭാരത്തോടെയും കാണുന്നു. ലൈംഗികതയെ, സൂക്ഷ്മമായ പ്രണയ ഭാവങ്ങളെ ഗംഭീരമായി ആവിഷ്കരിക്കുന്ന നോവല്‍ കൂടിയാണ് കയര്‍. ക്ലാസിപ്പേരുടെ ഗന്ധര്‍വ്വ വേഴ്ചകളും കുഞ്ചു നായരുടെ പ്രണയവും സ്വാതന്ത്ര്യാനന്തരകാലത്തെ സുരേന്ദ്രന്‍ -പാപ്പ ബന്ധവുമൊക്കെ അത്ര ആഴത്തിലാണ് തകഴി എഴുതിയിരിക്കുന്നത്.എഴുതാന്‍ ശ്രമിക്കുന്ന ആളെന്ന തരത്തില്‍ എന്നെ കയറില്‍ ഏറ്റവും പ്രധാനമായി ആകര്‍ഷിച്ചത് മൂന്ന് കാര്യങ്ങളാണ്.ഒന്ന്: കഥാപാത്ര സൃഷ്ടി. നൂറുകണക്കിന് കഥാപാത്രങ്ങളെ നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മാറാന്‍ സാധിക്കാത്ത തരത്തില്‍ എഴുത്തുകാരന്‍ മെനഞ്ഞെടുക്കുന്നത് കാണേണ്ടതു തന്നെയാണ്. മാനുഷികമായ വീഴ്ചകളില്ലാത്ത ആരുമില്ല. അവരോട് നമ്മള്‍ എളുപ്പം വൈകാരിക അടുപ്പം സ്ഥാപിക്കുന്നു. അവരുടെ നേട്ടങ്ങളില്‍ ആനന്ദിക്കുകയും പതര്‍ച്ചകളില്‍ നമ്മുടെ കണ്ണ് നിറയുകയും ചെയ്യുന്നു.ക്ലാസിപ്പേര്‍ കൊച്ചുപിള്ള, അയാളുടെ ഭാര്യ, ശീലാന്തിപ്പിള്ളില്‍ കല്യാണിയമ്മ, കുഞ്ഞന്‍, ആച്ചോമക്കുറുപ്പ്, ഗ്രിഗറി തുടങ്ങി എത്രയെത്ര പേര്‍.രണ്ട്: ഭാഷ. ആര്‍ഭാടങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ, ചെറിയ വാചകങ്ങളില്‍ സുന്ദരമായ മലയാളമാണ് തകഴി ഉപയോഗിച്ചിരിക്കുന്നത്. ഭാഷാ ലീലയിലോ കസര്‍ത്തിലോ അല്ല എഴുത്തുകാരന്റെ ശ്രദ്ധ. അദ്ദേഹം കഥ പറയുക മാത്രം ചെയ്യുന്നു. ആധുനികതയുടെ കാലത്ത് കൊണ്ടാടിയ പല കൃതികളിലേയും ഭാഷ ഇന്ന് നമ്മളെ ലജ്ജിപ്പിക്കുന്നു. പക്ഷെ ഭാഷയില്‍ തകഴി കാരൂരിനേയും ബഷീറിനേയും പോലെ ഇന്നും കാലഹരണപ്പെടാതെ നില്‍ക്കുന്നു.Also Read: ഒളിവ് ജീവിതം മുതൽ മുഖ്യമന്ത്രി പദം വരെ : ഒരു കമ്മ്യൂണിസ്റ്റ് പോരാട്ടത്തിന്റെ ചരിത്രം മൂന്ന്: ആഖ്യാന സമ്പ്രദായം. കയര്‍ കെട്ടുറപ്പുകൊണ്ട് ഭദ്രമായ ഒരു അടഞ്ഞ പുസ്തകമല്ല. കഥ പറച്ചില്‍ കൊണ്ട് സമ്പന്നമായ ഒരു അയഞ്ഞ പുസ്തകമാണ്. തികച്ചും ഇന്ത്യന്‍ എന്നു പറയാവുന്ന നോവല്‍ ആഖ്യാന രീതി കണ്ടെടുക്കുകയാണ് തകഴി ചെയ്യുന്നത്.ഈ ബൃഹദ് നോവലിനെ ഉടനീളം ബന്ധിപ്പിക്കുന്ന ചരടുകള്‍ എന്താണെന്ന് അന്വേഷിക്കുന്നത് രസകരമാണ്. തീര്‍ച്ചയായും അത് ഒരു കഥാപാത്രം അല്ല. കാരണം നിസ്സാരനായ ഒരു മനുഷ്യന് ഇത്രയും വലിയ ഒരു കഥാലോകത്തിന്റെ ഗതിനിര്‍ണ്ണയിക്കാനുള്ള ശേഷി ഉണ്ടാകില്ല. കയറിനെ ബന്ധിപ്പിക്കുന്ന ചരടുകള്‍ കാലം, സ്ഥലം, ദൈവം എന്നിവയാണ്. ഗ്രാമക്ഷേത്രവും അവിടുത്തെ പേഗന്‍ ദൈവവും നോവല്‍ അവസാനിക്കും വരെ താന്‍ സൃഷ്ടിച്ച് പരിപാലിക്കുന്ന മനുഷ്യരെ പോലെ വാഴ്ചയും വീഴ്ച്ചയും ഉയിര്‍ത്തെഴുനേല്പും അനുഭവിച്ചു കൊണ്ട് തുടരുന്നു.ഈ വായനയില്‍ പ്രത്യേകിച്ച് മനസ്സില്‍ പതിഞ്ഞത് രണ്ടു കഥാപാത്രങ്ങളാണ്. മണികണ്ഠനും വിശ്വനാഥനും. മണികണ്ഠനില്‍ തകഴിയും വിശ്വനാഥനില്‍ എന്‍. ശ്രീകണ്ഠന്‍ നായരും ഉണ്ടെന്നു തോന്നുന്നു. ശ്രീകണ്ഠന്‍ നായരാണ് കയര്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.കയര്‍ പുറത്തിറങ്ങിയിട്ട് അന്‍പതു വര്‍ഷം ആകാന്‍ പോവുകയാണ്. ആരോഗ്യനികേതനത്തിന് ഒപ്പമോ മുകളിലോ വെക്കാന്‍ മലയാള ഭാഷയിലുള്ള ഒരേയൊരു കൃതി ഇതാണെന്ന് എന്റെ വായനയില്‍ തോന്നുന്നു.കയറിനെക്കുറിച്ച് വിശദമായ എഴുത്ത് പിന്നീട്…The post മലയാള നോവലിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കയര് – എസ്. ഹരീഷ് appeared first on Kairali News | Kairali News Live.