ആലപ്പുഴ | കായംകുളം ചേരാവള്ളി സ്വദേശിനി സെലീനയുടെ മരണം പാമ്പുകടിയേറ്റു തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്ക് അയച്ചു.ശരീരത്തില്‍ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്നും വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ വീട്ടമ്മയുടെ ശരീരത്തില്‍ ഇല്ലെന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രിയുടെ വിശദീകരണം. ഇത് തള്ളിക്കൊണ്ടുള്ളതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിലെ വിവരം.കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറിയായിരുന്ന സെലീന ഇന്നലെയാണ് മരിച്ചത്. കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സെലീനക്ക് പാമ്പുകടിയേറ്റത്. ആളൊഴിഞ്ഞ പറമ്പില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സത്ക്കാരത്തില്‍ പങ്കെടുത്ത് തിരികെ വാഹനമെടുക്കാന്‍ ചെന്നപ്പോഴാണ് കടിയേറ്റത്. ഉടന്‍തന്നെ സെലീനയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സെലീനക്ക് ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കിയില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാല്‍, പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.