നന്ദഗോവിന്ദം ഭജൻസിനെതിരായ വർഗീയ പ്രചാരണം മതസൗഹാർദ്ദം തകർക്കാനുള്ള നീക്കമെന്ന രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. കോട്ടയം വെമ്പിൻകള ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ഭജന പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ സൈബറിടത്തിലടക്കം കടുത്ത ആക്രമണമാണ് സംഘപരിവാറും കൂട്ടരും നടത്തുന്നത്. കാണികൾ ആവേശത്തോടെയും കയ്യടികളോടെയും ഗാനത്തെ സ്വീകരിച്ചപ്പോൾ നിക്ഷിപ്ത താത്പര്യവുമായി വർഗീയവാദികൾ രംഗത്തെത്തുകയായിരുന്നു.കേരളത്തിന്റെ മതസൗഹാർദ്ദത്തെയും ആഘോഷങ്ങളെയും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് മതരാഷ്ട്രവാദികൾ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നമ്മുടെ സാമൂഹിക ജീവിതത്തിലെ കൂട്ടായ്മയെ വെട്ടിമാറ്റാനുള്ള ബോധപൂർവ്വമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധത്തെയടക്കം ഇല്ലായ്മ ചെയ്യാനും ഓണത്തെ വാമന ജയന്തിയായി മാറ്റാനുമുള്ള പ്രചരണങ്ങൾ സംഘപരിവാർ വിഭാഗം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: നാദാപുരം, വടകര മണ്ഡലങ്ങളിൽ യുഡിഎഫിനെ ബിജെപി സഹായിച്ചു; ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും: എം വി ഗോവിന്ദൻ മാസ്റ്റർദേവസ്വം ബോർഡിന്റെ പണം സർക്കാർ അപഹരിക്കുന്നു എന്ന തരത്തിലുള്ള വ്യാപകമായ കള്ളപ്രചാരവേലകളും ഇതിനു മുൻപ് നടന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ഗുരുവായൂർ ക്ഷേത്ര ജീവനക്കാർ ക്രിസ്ത്യാനികളാകുന്നു എന്ന തരത്തിലുള്ള കള്ളപ്രചാരണങ്ങളുടെ തുടർച്ചയായാണ് നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ ഹിന്ദു വർഗീയവാദികൾ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.കാണികൾക്കാർക്കും അസ്വാഭാവികത തോന്നിയില്ല എന്നിരിക്കെ ഇതിനെതിരെ വർഗീയ ചിന്ത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ ഭജൻ സംഘത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്ഷേത്ര കമ്മിറ്റി ഈ കള്ളപ്രചാരവേദിയെ തള്ളിക്കളഞ്ഞതായും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഈ വിഷയം മതവിശ്വാസവും വർഗീയതയും രണ്ടാണ് എന്ന കാര്യമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും ഇന്ത്യയുടെ ചരിത്രത്തിൽ എല്ലാ വിഭാഗങ്ങളെയും യോജിപ്പിക്കാനും പാവപ്പെട്ടവർക്ക് ശബ്ദം നൽകാനുമാണ് ഭക്തി പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തെയും ആചാരങ്ങളെയും തകർക്കാനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത വേണം എന്ന കാര്യം കൂടി ഈ സംഭവം ഓർമ്മിപ്പിക്കുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു..The post നന്ദഗോവിന്ദം ഭജൻസിനെ വർഗീയവാദികൾ ഭീഷണിപ്പെടുത്തുന്നു, വർഗീയ പ്രചാരണത്തിലൂടെ മതസൗഹാർദ്ദം തകർക്കാനുള്ള നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.