വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്; ഹോട്ടല്‍ തുറക്കാന്‍ അനുമതി

Wait 5 sec.

തിരുവനന്തപുരം|തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് രാസ പരിശോധനാ റിപ്പോര്‍ട്ട്. മരണത്തിന് കാരണം മറൈന്‍ ടോക്സിന്‍ ആകാമമെന്നാണ് നിഗമനം. രാസ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടല്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കി. ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ഹോട്ടലില്‍ നിന്ന് മത്സ്യവിഭവങ്ങള്‍ കഴിച്ച കൊല്ലം സ്വദേശികള്‍ മരിച്ചത്. ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.കൊല്ലം നിലമേല്‍ സ്വദേശികളായ റഷീദാ ബീവി, മരുമകന്‍ ഷാജി എന്നിവരാണ് മരിച്ചത്.ആറ് പേരടങ്ങുന്ന സംഘമാണ് രാത്രിയില്‍ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ വെച്ച് ഭക്ഷണം കഴിച്ചത്. തിരികെ നിലമേലിലേക്ക് മടങ്ങവേ റഷീദാ ബീവിക്കും മരുമകന്‍ ഷാജിക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഹോട്ടലില്‍ പോലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയശേഷം താല്‍ക്കാലികമായി അടച്ചിരുന്നു.