ഡല്‍ഹിയിലെ കൊലപാതകം; പെണ്‍കുട്ടി കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിനൊടുവിലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Wait 5 sec.

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകള്‍ കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിനൊടുവിലെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണത്തിന് തൊട്ടുമുമ്പ് പെണ്‍കുട്ടി നേരിട്ട ക്രൂരതയുടെ വിവരങ്ങള്‍ വെളിപ്പെട്ടു. ഭാരമേറിയ വസ്തു ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൂക്കിന്റെ അസ്ഥി തകര്‍ന്നത് ഉള്‍പ്പെടെ മുഖത്ത് മാരകമായ പരുക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൈകളിലും കാലുകളിലും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് അക്രമിയെ അവള്‍ ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ സൂചനയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.22 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കഴുത്തിലെ പേശികളില്‍ രക്തസ്രാവവും തൈറോയ്ഡ് തരുണാസ്ഥിയുടെ ഭാഗങ്ങളില്‍ ഒടിവുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തയതെന്നും കണ്ടെത്തി. കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി ആന്തരിക അവയവങ്ങള്‍ , നഖത്തിനിടയിലെ അവശിഷ്ടങ്ങള്‍, രക്തസാമ്പിളുകള്‍, സ്വാബുകള്‍ എന്നിവ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഇവ പരിശോധനക്ക് അയക്കും.ബുധനാഴ്ച രാവിലെ ഡല്‍ഹിയിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. മുന്‍ വീട്ടുജോലിക്കാരനായ രാഹുല്‍ മീണയാണ് കൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയ സമയത്തായിരുന്നു സംഭവം.പ്രതി പെണ്‍കുട്ടിയെ ഭാരമേറിയ വസ്തു കൊണ്ട് അടിക്കുകയും തുടര്‍ന്ന് മൊബൈല്‍ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ചെയ്തു. പെണ്‍കുട്ടി ബോധരഹിതയായ സമയത്ത് പ്രതി ലൈംഗികമായി ഉപദ്രവിച്ചതായി പോലീസ് സംശയിക്കുന്നു.സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി പെണ്‍കുട്ടി താമസിച്ചിരുന്ന റൂഫ്ടോപ്പ് മുറിയില്‍ നിന്നാണ് പ്രതി അവളെ താഴേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ വിരലടയാളം ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് പണവും ആഭരണങ്ങളും കവര്‍ന്നു.വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് രക്തം പുരണ്ട വസ്ത്രങ്ങള്‍ പ്രതി മാറിയതായും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ 6.30ന് കോളനിയില്‍ പ്രവേശിച്ച പ്രതി 7.20ഓടെ അവിടെ നിന്ന് പുറത്തുകടന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്ന ഇയാളെ പിന്നീട് ദ്വാരകയിലെ ഒരു ഹോട്ടലില്‍ നിന്ന് പിടികൂടി.ഈ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് തന്റെ സുഹൃത്തിന്റെ ഭാര്യയെയും ഇയാള്‍ പീഡിപ്പിച്ചതായി കണ്ടെത്തി