തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായ പ്രദേശത്ത് നിന്നും വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ ഭക്ഷിക്കാനായി കൊണ്ടുപോയ ശരീര ഭാഗമുള്‍പ്പെടെയാണ് ലഭിച്ചത്. തെരുവുനായ എല്ലിന്റെ ഭാഗം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.കണ്ടെത്തിയ ശരീരഭാഗങ്ങള്‍ നാട്ടുകാര്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇന്നലെ ഒരു പുരുഷന്റെ തലയുള്‍പ്പെടെ നിരവധി ശരീരഭാഗങ്ങള്‍ മുണ്ടത്തിക്കോട്ടെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു.കഡാവര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിച്ചാണ് തിരച്ചില്‍.കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിന്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. 10 മൊബൈല്‍ ഫോണുകളും മേഖലയില്‍ നിന്ന് കിട്ടിയിരുന്നു.ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നുസതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.