ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്. അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോൾസനിന് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്. ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ഇന്നലെ കാസർകോട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാലുവയസുകാരിക്കും പാമ്പുകടിയേറ്റിരുന്നു. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്.കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗദീഷിന്റെ മകൻ അഭിനവിനും (15) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ വയലിന് സമീപത്ത് വച്ചാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.The post ഇടുക്കിയും പാമ്പിൻ ഭീതിയിൽ, രണ്ടുപേർക്ക് പാമ്പുകടിയേറ്റു appeared first on Kairali News | Kairali News Live.