ഇഞ്ച്വറി ടൈമിലെ ഗോള്‍; ഒഡീഷയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്

Wait 5 sec.

കൊച്ചി | ഐ എസ് എലില്‍ ഇഞ്ച്വറി ടൈം ഗോളില്‍ ഒഡീഷക്കെതിരെ വിജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ആവേശകരമായ അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം. മത്സരം തുടങ്ങി പന്ത്രണ്ടാം മിനുട്ടില്‍ തന്നെ കേരള ടീം ലീഡ് നേടി. വിക്ടര്‍ ബര്‍ത്തോമിയോയാണ് സ്‌കോര്‍ ചെയ്തത്. കെവിന്‍ യോക്ക് തൊടുത്ത ഷോട്ട് ഒഡിഷ താരത്തിന്റെ ദേഹത്ത് തട്ടി ബോക്‌സിന്റെ നടുവില്‍ സ്ഥാനമുറപ്പിച്ച സ്പാനിഷ് താരം ബര്‍ത്തോമിയോവിലേക്ക് എത്തുകയായിരുന്നു. ഒഡീഷ ഗോള്‍കീപ്പര്‍ അമരീന്ദറിനെ നിസ്സഹായനാക്കി താരം പന്ത് വലയിലെത്തിച്ചു. ഇരുപത്തിയേഴാം മിനുട്ടില്‍ റഹീം അലിയിലൂടെ ഒഡീഷയുടെ സമനില ഗോള്‍ പിറന്നു.മത്സരം സമനിലയിലേക്ക് നീങ്ങവേ ഇഞ്ച്വറി ടൈമിലെ നാലാം മിനുട്ടില്‍ മത്യാസ് ഹെര്‍ണാണ്ടസ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ജയം കൊത്തിയെടുക്കുകയായിരുന്നു. എബിന്‍ ദാസിന്റെ കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് സ്പാനിഷ് താരം ഗോള്‍ കണ്ടെത്തിയത്.ഇതോടെ തുടക്കത്തിലെ തോല്‍വി പരമ്പരകളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് മുക്തി നേടിയിരിക്കുകയാണ്. തോല്‍വിയറിയാത്ത നാല് മത്സരങ്ങളാണ് ടീം പൂര്‍ത്തിയാക്കിയത്. ഇന്ന് നേടിയത് സീസണിലെ മൂന്നാം വിജയവും. മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മെയ് 10ന് കൊച്ചിയില്‍ മുഹമ്മദന്‍സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.