മുംബൈ | വീണ്ടും ശതകവുമായി മലയാളി താരം സഞ്ജു സാംസണ്‍ കത്തിപ്പടര്‍ന്ന മത്സരത്തില്‍ വമ്പന്‍ ജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെ 103 റണ്‍സിനാണ് ചെന്നൈ മുക്കിക്കളഞ്ഞത്. പുറത്താകാതെ 54 പന്തില്‍ നിന്ന് 101 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ആറ് സിക്‌സും പത്ത് ബൗണ്ടറികളും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്നു. സീസണിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ മറുപടി 104 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ചെന്നൈ: 20 ഓവറില്‍ ആറ് വിക്കറ്റിന് 207. മുംബൈ 19 ഓവറില്‍ 104ന് ആള്‍ഔട്ട്.ഋതുരാജ് ഗെയ്ക്‌വാദ് (14 പന്തില്‍ 22), ഡെവാള്‍ഡ് ബ്രെവിസ് (11 പന്തില്‍ 21), കാര്‍ത്തിക് ശര്‍മ (19 പന്തില്‍ 18) എന്നിവരു ചെന്നൈക്കായി നന്നായി ബാറ്റ് ചെയ്തു. മുംബൈക്കായി ഗസന്‍ഫര്‍, അശ്വിനി കുമാര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിംഗില്‍ തുടക്കത്തിലേ തകര്‍ച്ച നേരിട്ട മുംബൈ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുന്ന കാഴ്ചക്കാണ് അവരുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയം സാക്ഷിയായത്. സൂര്യകുമാര്‍ യാദവ് (30 പന്തില്‍ 35), തിലക് വര്‍മ (29 പന്തില്‍ 37) എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കാണാനായത്. ചെന്നൈക്കായി അകീല്‍ ഹുസൈന്‍ നാലും നൂര്‍ അഹ്്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.മൂന്നാം ജയത്തോടെ ആറ് പോയിന്റുമായി ചെന്നൈ അഞ്ചാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനത്താണ്.സഞ്ജു സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ നേടിയ സെഞ്ച്വറിയിലൂടെ സഞ്ജു സാംസണ്‍ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലെഴുതി ചേര്‍ത്തത്. ഐപിഎല്ലിന്റെ 19 സീസണ്‍ നീണ്ട ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് സഞ്ജു. ടി20 കരിയറിലെ എട്ടാം സെഞ്ച്വറിയും ഐ പി എല്ലിലെ അഞ്ചാം സെഞ്ച്വറിയുമാണ് സഞ്ജു മുംബൈക്കെതിരെ ഇന്ന് നേടിയത്. ഐ പി എല്‍ കരിയറില്‍ ആദ്യമായാണ് സഞ്ജു ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്നത്.എട്ട് സെഞ്ച്വറികള്‍ നേടിയതോടെ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിച്ച താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. ഒമ്പത് സെഞ്ച്വറികള്‍ വീതം നേടിയിട്ടുള്ള വിരാട് കോലിയും അഭിഷേക് ശര്‍മയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എട്ട് സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്കൊപ്പമാണ് സഞ്ജുവിപ്പോള്‍.ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തെത്താനും സഞ്ജുവിനായി (അഞ്ച് സെഞ്ച്വറി). വിരാട് കോലി (8), ജോസ് ബട്ലര്‍ (7), ക്രിസ് ഗെയ്ല്‍ (6), കെ എല്‍ രാഹുല്‍ (5) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. ഐ പി എല്ലില്‍ ചെന്നൈക്കായി ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. 2018ല്‍ ഷെയ്ന്‍ വാട്‌സണാണ് ഒരു സീസണില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുള്ള ആദ്യ ചെന്നൈ താരം.