നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ആദ്യസംഘം തീർഥാടകർ ഇന്നെത്തും

Wait 5 sec.

നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ആദ്യസംഘം തീർഥാടകർ ഇന്നെത്തും. ഇന്ന് വൈകിട്ടാണ് ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നെടുമ്പാശ്ശേരിയിൽ നിന്നാണ് ഈ വർഷത്തെ ആദ്യ ഹജ്ജ് സർവീസ് ആരംഭിക്കുന്നത്. ഫ്ലൈനാസ് എയർവേസാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് സർവീസിന്റെ കരാറേറ്റെടുത്തിരിക്കുന്നത്.നാളെ ഉച്ചക്ക് 2.10ന് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ യാത്രയാകുന്ന തീർഥാടകരാണ് ഇന്നെത്തുന്നത്. ആദ്യസംഘം തീർഥാടകർ ഇന്ന് വൈകിട്ട് നാലിക്കും ഏഴിനുമിടയിൽ റിപോർട്ട് ചെയ്യണം.വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലായ ടി-3യിലാണ് തീർഥാടകർ എത്തിച്ചേരേണ്ടത്. അവിടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലഗേജുകൾ എയർലൈൻസിന് കൈമാറിയശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിൽ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. ഇതിനായി വിമാനത്താവളത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന 13,194 പേരിൽ 7,943 പേർ നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. ഇവരെ കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയാകും. കാത്തിരിപ്പ് പട്ടികയിലുള്ള ഏതാനും പേർക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രണ്ട് ഘട്ടങ്ങളായാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നാളെ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ 20 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിമാനത്തിലും 430 പേർ വീതമാണ് യാത്രയാകുന്നത്. ഇവർ 40 മുതൽ 45 ദിവസം വരെയാണ് മക്കയിലും മദീനയിലുമായി ചെലവഴിക്കുന്നത്. ആദ്യഘട്ടം അടുത്തമാസം എട്ടിന് അവസാനിക്കും.അടുത്തമാസം 17ന് ആരംഭിച്ച് 19ന് അവസാനിക്കുന്ന രണ്ടാംഘട്ടത്തിൽ യാത്ര തിരിക്കുന്ന തീർഥാടകർ 25 ദിവസമായിരിക്കും മക്കയിലും മദീനയിലുമായി ചെലവഴിക്കുക. രാജ്യത്തെ ഏഴ് എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് മാത്രമാണ് കുറഞ്ഞ ദിവസത്തെ ഹജ്ജിന് സൗകര്യമുള്ളത്.