ചണ്ഡീഗഢ്|പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുരയ്ക്ക് സമീപം റെയില്‍വേ പാളത്തില്‍ സ്‌ഫോടനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന സമയത്ത് പാതയിലൂടെ ട്രെയിനുകള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാക്കില്‍ ചെറിയ വിള്ളലുകള്‍ വീണതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഈ പാതയിലുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും ആര്‍പിഎഫും പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നില്‍ അട്ടിമറി ശ്രമമുണ്ടോ എന്ന് എന്‍ഐഎ ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ട്. സംഭവ സ്ഥലത്തു നിന്ന് സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും അവ ലാബ് പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി. ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.