ചെന്നൈ | തമിഴ്‌നാട്ടിനെ ഇളക്കിമറിച്ച് ഇളയ ദളപതി വിജയ് നടത്തിയ രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെ ഭരണം പിടിക്കുമെന്നു പ്രവചിക്കുന്നത് ഒരേ ഒരു എക്‌സിറ്റ് പോള്‍. തമിഴ്‌നാട്ടില്‍ ഭൂരിഭാഗവും എക്‌സിറ്റ് പോളുകളും ഡി എം കെയുടെ ഭരണ തുടര്‍ച്ച പ്രവചിക്കുമ്പോള്‍ ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) വന്‍ മുന്നേറ്റം നടത്തുമെന്നു പ്രവചിക്കുന്നത്.ടി വി കെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടി ഭരണകക്ഷിയായ ഡിഎം കെ യെ അട്ടിമറിക്കുമെന്നുമാണ് ആക്‌സിസ് മൈ ഇന്ത്യ ഫലം പറയുന്നത്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ടി വി കെ ഇത്രയധികം സീറ്റുകള്‍ നേടുമെന്ന് ഈ ഒരു സര്‍വേ മാത്രമാണു പ്രവചിക്കുന്നത്.പ്രാദേശിക പോളുകളടക്കം പുറത്തുവന്ന സര്‍വ്വെകളില്‍ ഏഴും ഡി എം കെയ്ക്ക് തുടര്‍ ഭരണം പ്രവചിക്കുമ്പോള്‍ രണ്ട് സര്‍വ്വെകള്‍ പറയുന്നത് എ ഐ എ ഡി എം കെ സഖ്യം അധികാരത്തില്‍ എത്തും എന്നാണ്.പീപ്പിള്‍സ് പള്‍സും പി മാര്‍ക്കും ഡി എം കെ സഖ്യത്തിന് 125-145 സീറ്റുകളും പ്രജ പോള്‍ 148-168 സീറ്റുകളും പ്രവചിക്കുന്നു. എന്നാല്‍ കാമാഖ്യ അനലറ്റിക്‌സ് എന്ന ഏജന്‍സി ടിവികെ സഖ്യം 67-81 സീറ്റുകള്‍ വരെ നേടി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും പറയുന്നു.മാട്രിസിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം 122 – 132 സീറ്റുകള്‍ ഡി എം കെ സഖ്യത്തിന് ലഭിക്കും. എന്‍ ഡി എയ്ക്ക് 87 – 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടി വി കെയ്ക്ക് പ്രവചിക്കുന്നത്. അതേസമയം ടൈംസ് നൗ സര്‍വ്വെ പറയുന്നത് 128 – 147 സീറ്റുകള്‍ നേടി എന്‍ ഡി എ സഖ്യം അധികാരത്തില്‍ വരും എന്നാണ്. സി എന്‍ എന്നിന്റെ സര്‍വ്വെ പ്രവചിക്കുന്നത് 114 – 124 സീറ്റുകള്‍ എന്‍ ഡി എ നേടും എന്നാണ്.മിക്ക സര്‍വേകളിലും എ ഐ എ ഡി എം കെ സഖ്യം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ഒതുങ്ങുമെന്നാണ് പ്രവചനം. ടി വി കെ വലിയ രീതിയില്‍ സീറ്റുകള്‍ നേടുകയാണെങ്കില്‍ അത് ഡി എം കെയുടെ തുടര്‍ഭരണ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യവും എ ഐ എ ഡി എം കെ-ബി ജെ പി സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടമെന്നാണ് വിലയിരുത്തപ്പെട്ടത്. കോണ്‍ഗ്രസ്, ഡി എം ഡി കെ, വി സി കെ, സി പി എം, സി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ ഡി എം കെക്കൊപ്പം അണിനിരന്നപ്പോള്‍ പി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എ ഐ എ ഡി എം കെ പക്ഷത്ത് നിലയുറപ്പിച്ചു. എന്നാല്‍ ഈ പരമ്പരാഗത മുന്നണികളുടെ വോട്ട് ബാങ്കില്‍ വിജയ്‌യുടെ പാര്‍ട്ടി വലിയ വിള്ളല്‍ വീഴ്ത്തുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. നേരത്തെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനും ഉലക നായകന്‍ കമല്‍ ഹാസനും വെള്ളിത്തിരയില്‍ നിന്നു രാഷ്ട്രീയത്തിലേക്ക് വരവേല്‍പ്പു നല്‍കാതിരുന്ന തമിഴകം വിജയ്ക്ക് കരുതിവച്ചിരിക്കുന്നത് എന്താണെന്നു കണ്ടറിയണം.