കോഴിക്കോട്|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.1989-90 കാലഘട്ടത്തില്‍ വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത -വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. 1971 മുതല്‍ 1991 വരെ തുടര്‍ച്ചയായി ആറ് തവണ വടകര മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ കോളെജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു. ശേഷം 1960ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962 മുതല്‍ എഐസിസി അംഗമായിരുന്നു.ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനിരയില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു. പിന്നീട് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് യുവിലും പിന്നീട് കോണ്‍ഗ്രസ് എസിലും എത്തി. കെ പി ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് (എസ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1995ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി. വി കെ കൃഷ്ണമേനോനൊപ്പം പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.