കൊല്ലം| ഇസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 23 വര്‍ഷം കഠിനതടവ് വിധിച്ചു. ആലപ്പാട് സ്വദേശി നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയുടെ മാനസികനില തെറ്റുകയും ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരികയും ചെയ്തു.കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന സുജാതന്‍ പിള്ള കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ വി. ബിജു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണ വേളയില്‍ 28 സാക്ഷികളെ വിസ്തരിക്കുകയും 38 പ്രധാന രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ സി പ്രേംചന്ദ്രനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ജഡ്ജി രാജീവന്‍ വാച്ചലാണ് വിധി പ്രസ്താവിച്ചത്.