അബൂദബി | ഗള്‍ഫ് മേഖലയിലെ നിലവിലെ യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നാട്ടിലുള്ള കുടുംബങ്ങളെ ഭയപ്പെടുത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഏത് സാഹചര്യത്തെയും നേരിടാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള കരുത്തും പ്രാപ്തിയും സാമ്പത്തിക ശേഷിയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അനാവശ്യമായ ഗോസിപ്പുകളും എ ഐ (AI) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വാര്‍ത്തകളും കൂടുതലായി പ്രചരിക്കുന്നുണ്ട്. ഓരോ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫില്‍ ഉള്ളതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങളെ വലിയ രീതിയില്‍ പരിഭ്രാന്തിയിലാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും ഔദ്യോഗിക ഗവണ്‍മെന്റ് സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ റിപോര്‍ട്ട് ചെയ്യാവൂ എന്നും യൂസഫലി ഓര്‍മിപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മീഡിയകള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.യുദ്ധ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് യൂസഫലി ഉറപ്പുനല്‍കി. റമസാന്‍ മാസം കൂടിയായതിനാല്‍ മാംസം, പച്ചക്കറികള്‍ തുടങ്ങിയ എല്ലാ അവശ്യസാധനങ്ങള്‍ക്കും ജി സി സിയില്‍ ഒരു ക്ഷാമവും ഉണ്ടാകില്ല. ലുലു ഉള്‍പ്പെടെയുള്ള എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും കൃത്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.നമുക്ക് അന്നം നല്‍കുന്ന ജി സി സി രാജ്യങ്ങള്‍ക്ക് ഒന്നും സംഭവിക്കരുതേയെന്നും, അവിടുത്തെ ഭരണാധികാരികള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും റമസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് എം എ യൂസഫലി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.