കണ്ണൂര്‍| ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. കണ്ണൂര്‍ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.പ്രതികളെ തെളിവെടുപ്പിനായി 5,6 തീയതികളില്‍ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും. കരിങ്കൊടി പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മാര്‍ച്ച് 12 വരെയായിരുന്നു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നത്. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കെ എസ് യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്.