ഗള്‍ഫിലെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

Wait 5 sec.

തിരുവനന്തപുരം | പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ് എസ് എല്‍ സി പരീക്ഷയും ഈ മാസം അഞ്ച് മുതല്‍ ഏഴ് വരെയുള്ള ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ട്.അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നേരിട്ടോ ഇ മെയില്‍ വഴിയോ അപേക്ഷ നല്‍കാമെന്നും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുമെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫില്‍ കുടുങ്ങിയ കുട്ടികള്‍ക്കും അവിടെ പഠിക്കുന്ന കുട്ടികള്‍ക്കുമെല്ലാം പരീക്ഷ വീണ്ടും എഴുതാനുള്ള സൗകര്യമൊരുക്കും. ഗള്‍ഫിലെ പരീക്ഷാ കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്താറുള്ളത്. ഇത്തവണ കേരളത്തില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഗള്‍ഫില്‍ മറ്റൊരു സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.