വിയന്ന | യു എസ്- ഇസ്റാഈല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുപറ്റിയോ? അത്തരമൊരു അത്യാഹിതമുണ്ടായെന്നാണ് ഇറാന്‍ നേതൃത്വം പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര ആണവ ഏജന്‍സി (ഐ എ ഇ എ) യുടെ തലവന്‍ ഇത് നിഷേധിക്കുന്നു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതായി യു എന്‍ ആണവ നിരീക്ഷണ സംഘത്തിന് സൂചനയില്ലെന്ന് ഐ എ ഇ എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസ്സി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനോട് പറഞ്ഞു. ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാടില്ലെന്ന അന്താരാഷ്ട്ര ചട്ടം ലംഘിക്കുകയാണ് യു എസും ഇസ്റാഈലുമെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടുന്നു.ഇത്തവണത്തെ ആക്രമണത്തിന് കാരണമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൂണ്ടിക്കാട്ടിയത് ആണവ പരിപാടി ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു. തങ്ങളുടെ ആണവ പരിപാടി സമാധാനപരമാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ അണു ബോംബ് നിര്‍മിക്കാവുന്ന യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അടുത്തെത്തിയിരിക്കുന്നു ഇറാനെന്ന് ആരോപിക്കുകയാണ് അമേരിക്കയും ഇസ്റാഈലും. ഐ എ ഇ എ നടത്തിയ പരിശോധനകളിലൊന്നും ഈ ആരോപണത്തിന് ഇതുവരെ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.നതാന്‍സ് ആണവകേന്ദ്രത്തിനു നേരേ ആക്രമണമുണ്ടായെന്നാണ് ഇറാന്‍ സ്ഥിരീകരിക്കുന്നത്. യു എന്‍ ആണവനിരീക്ഷണ ഏജന്‍സിയായ ഐ എ ഇ എയിലെ ഇറാന്‍ അംബാസഡറായ റെസ നജാഫിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.ഞായറാഴ്ചയാണ് നതാന്‍സ് ആണവകേന്ദ്രത്തിനു നേരേ ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ പ്രതികരണം. ‘ഇറാന്റെ സുരക്ഷിതമായ ആണവകേന്ദ്രങ്ങള്‍ ഇന്നലെ അവര്‍ വീണ്ടും ആക്രമിച്ചു’ എന്നായിരുന്നു റെസ നജാഫി മാധ്യമങ്ങളോട് പറഞ്ഞത്. ഏതൊക്കെ ആണവകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ‘നതാന്‍സ്’ എന്ന് ഒറ്റവാക്കില്‍ അദ്ദേഹം മറുപടി നല്‍കിയത്.അതേസമയം, ബശര്‍ ആണവ പ്ലാന്റ്, തെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ക്കൊന്നും കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് റാഫേല്‍ ഗ്രോസ്സി പറഞ്ഞത്. ഇറാന്‍ നല്‍കുന്ന വിവരങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹംപറഞ്ഞു.