റഷ്യന്‍ കരുത്തിന് മങ്ങല്‍; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിസ്സഹായനായി പുടിന്‍

Wait 5 sec.

മോസ്‌കോ | പശ്ചിമേഷ്യയില്‍ ഇസ്‌റാഈലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന ശക്തമായ സൈനിക നീക്കങ്ങളില്‍, തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇറാനെ സഹായിക്കാനാകാതെ റഷ്യന്‍ ഭരണകൂടം. ഇറാന്‍ പരമോന്നത നേതാവിന്റെ വധത്തെ ക്രൂരമായ കൊലപാതകം എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ശക്തമായ വാക്കുകളിലൂടെ പ്രതിഷേധം അറിയിച്ചെങ്കിലും പ്രായോഗികമായ സൈനിക ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.2025 ജനുവരിയില്‍ ഇറാനും റഷ്യയും തമ്മില്‍ 20 വര്‍ഷത്തെ തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ മറ്റേ രാജ്യം സൈനികമായി സഹായിക്കണം എന്ന വ്യവസ്ഥ ഈ കരാറില്‍ ഇല്ലാത്തത് ഇപ്പോള്‍ ഇറാന് തിരിച്ചടിയാകുകയാണ്. സാമ്പത്തിക- രാഷ്ട്രീയ സഹകരണത്തിനപ്പുറം ഇറാന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ റഷ്യന്‍ സൈന്യം കൂടെയുണ്ടാകില്ലെന്ന സൂചനയാണ് ക്രെംലിന്‍ നല്‍കുന്നത്.കഴിഞ്ഞ കുറച്ചു കാലങ്ങളായി തങ്ങളുടെ സഖ്യകക്ഷികളെ സംരക്ഷിക്കുന്നതില്‍ റഷ്യ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ആഗോളതലത്തില്‍ മോസ്‌കോയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇറാന്‍ അംഗമായ ബ്രിക്സ് സഖ്യം കേവലം സാമ്പത്തിക കൂട്ടായ്മ മാത്രമാണെന്നും സൈനിക സഹായം നല്‍കാന്‍ ബാധ്യതയില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കിയത് ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. വര്‍ഷങ്ങളായി തുടരുന്ന യുക്രൈന്‍ യുദ്ധം റഷ്യയുടെ സൈനിക- സാമ്പത്തിക ശേഷിയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. സ്വന്തം അതിര്‍ത്തിയിലെ യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാല്‍, മറ്റൊരു വലിയ യുദ്ധത്തിലേക്ക് ഇറങ്ങാന്‍ പുടിന് താത്പര്യമില്ല.