കൊൽക്കത്ത | 2026-ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയിൽ ഇത് ഭാഗികമായി മാത്രമേ ദൃശ്യമാകൂ.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ച് ഉച്ചയ്ക്ക് 3:20-നാണ് ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്. വൈകുന്നേരം 4:34 മുതൽ 5:32 വരെയാണ് ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിലാകുന്ന ‘ടോട്ടാലിറ്റി’ ഘട്ടം. 58 മിനിറ്റോളം ഈ അവസ്ഥ നീണ്ടുനിൽക്കും. എന്നാൽ ഈ സമയത്ത് ഇന്ത്യയിൽ ചന്ദ്രൻ ചക്രവാളത്തിന് താഴെയായതിനാൽ പൂർണ്ണ ഗ്രഹണം കാണാൻ സാധിക്കില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചന്ദ്രോദയ സമയത്ത് (Moonrise) ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങൾ മാത്രമേ ദൃശ്യമാകൂ.എവിടെയെല്ലാം ദൃശ്യമാകും?വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ മേഖലകൾ, ഓസ്‌ട്രേലിയ, പസഫിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഗ്രഹണം അതിന്റെ പൂർണ്ണ രൂപത്തിൽ ദൃശ്യമാകുക. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ഉള്ളവർക്ക് ഗ്രഹണത്തിന്റെ അവസാന നിമിഷങ്ങൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും. അതേസമയം, യൂറോപ്പിലും ആഫ്രിക്കയിലും ഈ പ്രതിഭാസം ദൃശ്യമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു.എന്താണ് ‘ബ്ലഡ് മൂൺ’ (Blood Moon)?സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. പൂർണ്ണ ഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിലാണെങ്കിലും പൂർണ്ണമായി ഇരുണ്ടുപോകില്ല. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം അപവർത്തനത്തിന് (Refraction) വിധേയമായി ചന്ദ്രനിൽ പതിക്കുന്നു. പ്രകാശത്തിലെ ചുവപ്പ് നിറം മാത്രം ചന്ദ്രനിൽ എത്തുന്നതിനാൽ ചന്ദ്രൻ രക്തവർണ്ണത്തിൽ തിളങ്ങുന്നു. ഇതിനെയാണ് ശാസ്ത്രലോകം ‘ബ്ലഡ് മൂൺ’ എന്ന് വിളിക്കുന്നത്.