കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു: മന്ത്രി വീണാ ജോര്‍ജ്

Wait 5 sec.

പത്തനംതിട്ട | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇരയെ കാണുമ്പോള്‍ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവര്‍ എനിക്ക് നേരെ ചാടിവീണത്. നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നും മന്ത്രി വിശദമാക്കി.കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കാനല്ലെങ്കില്‍ എന്തിനാണ് പോലീസ് വലയം ഭേതിച്ച് എത്തിയതെന്നും കരിങ്കൊടി കാണിക്കാനാണെങ്കില്‍ ദൂരെനിന്ന് ചെയ്താല്‍ പോരേയെന്നും മന്ത്രി വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമിക്കുകയാണ് മന്ത്രി. ഒരുകൂട്ടമാളുകള്‍ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താന്‍ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. പ്രചരിക്കുന്നത് പ്രതിഷേധക്കാര്‍ക്ക് വേണ്ടി പകര്‍ത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളില്‍പോലും പ്രതിഷേധക്കാരില്‍ ഒരാള്‍ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.പിടിവലിയില്‍ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ചര്‍ദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയില്‍ ഒന്ന് രണ്ട് ബന്ധുവീടുകളില്‍ വിശ്രമിച്ചു. ഇപ്പോള്‍ വേദനയും മുഖത്ത് നീരും തലകറക്കവും ചര്‍ദ്ദിയുമുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കണ്ടുവെന്നും മന്ത്രി പറഞ്ഞു.