യുഎഇയില്‍ ജനജീവിതം സാധാരണ രീതിയില്‍, യുഎഇ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ച്ഇന്ത്യൻ പ്രധാനമന്ത്രി

Wait 5 sec.

ഇറാന്‍ ഇസ്രായേല്‍ സംഘർഷ സാഹചര്യമുണ്ടെങ്കിലും തിങ്കളാഴ്ച യുഎഇയില്‍ ജനജീവിതം സാധാരണ രീതിയിലാണ്. സ്കൂളുകളും ഓഫീസുകളും റിമോർട്ട് വർക്കിലേക്ക് മാറി. അതേസമയം, കടകളും ഷോപ്പിങ് മാളുകളും തുറന്നുപ്രവർത്തിക്കുന്നുണ്ട്. ചില സ്വകാര്യസ്ഥാപനങ്ങളില്‍ ജീവനക്കാർ നേരിട്ടെത്തിയും ജോലി ചെയ്യുന്നു. റിമോർട്ട് വർക്ക് പശ്ചാത്തലത്തില്‍ റോഡില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും വാഹനഗതാഗതവും സാധാരണ നിലയിലാണ്. ദുബായ്, അബുദാബി ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്. വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നില്ല. അതേസമയം, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയ്ക്ക് എതിരായ ഇറാൻ ആക്രമണങ്ങളെ മോദി ശക്തമായി അപലപിച്ചു.ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.ഇന്ത്യയുടെ പിന്തുണയ്ക്ക് യുഎഇ പ്രസിഡന്‍റ് നന്ദി രേഖപ്പെടുത്തി. അബുദാബിയിലെ അൽ സലാം നാവിക താവളത്തിലെ വെയർഹൗസിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് കണ്ടെയ്നറുകള്‍ക്ക് തീപിടിച്ചുവെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. അതേസമയം, യുഎഇയ്ക്ക് എതിരെ ഇറാന്‍ നടത്തിയത് വലിയ ആക്രമണമാണെന്ന് യുഎഇ മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.ആക്രമണം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ മാർച്ച് 1 വരെ 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളുമാണ് യുഎഇയിലേക്ക് എത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. 152 മിസൈലുകള്‍ നിർവീര്യമാക്കി. 13 മിസൈലുകള്‍ കടലിലാണ് പതിച്ചത്. 504 ഡ്രോണുകള്‍ നിർവ്വീര്യമാക്കി. 35 ഡ്രോണുകള്‍ താഴേക്ക് പതിച്ച് നാശനഷ്ടങ്ങളുണ്ടായി. ഇതുവരെ 3 പേരാണ് യുഎഇയില്‍ മരിച്ചത്. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. ഡ്രോണുകളും മിസൈലുകളും ആകാശത്ത് വച്ച് തന്നെ നിർവ്വീര്യമാക്കുന്നതിന്‍റെ ശബ്ഗങ്ങള്‍ സ്ഫോടനശബ്ദമായാണ് അനുഭവപ്പെടുന്നത്. നിർവ്വീര്യമാക്കപ്പെടുന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും ഭാഗങ്ങള്‍ താഴേക്ക് വീഴുമെന്ന മുന്നറിയിപ്പും, എടുക്കേണ്ട മുന്‍കരുതലുകളും അധികൃതർ നല്കിയിട്ടുണ്ട്. രാജ്യത്ത് ഇഫ്താർ സുഹൂർ ഉള്‍പ്പടെയുളള പൊതുപരിപാടികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയും ചില താമസക്കാരുടെ ഫോണില്‍ ജാഗ്രതനിർദ്ദേശം വന്നിരുന്നു. മിസൈല്‍ ഡ്രോണ്‍ ആക്രമണ പശ്ചാത്തലത്തില്‍ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറാന്‍ നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അതിനിടെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിലെ 280ലേറെയുള്ള ലുലു സ്റ്റോറുകളിൽ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ​ഗ്രൂപ്പ് വ്യക്തമാക്കി.ഉപഭോക്താകൾക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, സർക്കാർ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉറപ്പുനല്‍കുന്നു.