കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും

Wait 5 sec.

കണ്ണൂര്‍| വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്. മട്ടന്നൂരില്‍ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പേരാവൂരില്‍ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചത്. മട്ടന്നൂര്‍ മണ്ഡലത്തില്‍ ശൈലജയ്ക്ക് പകരം ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. ഇവിടെ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ല്‍ പേരാവൂരില്‍ നിന്നും മത്സരിച്ച് ജയിച്ച ശൈലജ, 2011ല്‍ സണ്ണി ജോസഫിനോട് തോറ്റിരുന്നു. ഇത്തവണയും പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ആയിരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കടുത്ത മത്സരത്തിനായിരിക്കും പേരാവൂര്‍ നടക്കുക.അതേ സമയം തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ് ശ്യാമള. ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണായിരുന്നു. സ്പീക്കര്‍ ഷംസീര്‍ വിജയിച്ച തലശ്ശേരിയില്‍ കാരായി രാജന്‍ മത്സരിക്കും. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ ജനവിധി തേടും.