അല്‍ അസ്ഹറിലെ റമസാന്‍ ഉത്സാഹങ്ങള്‍

Wait 5 sec.

സഹസ്രാബ്ദങ്ങളുടെ പൈതൃകം പേറുന്ന അൽഅസ്ഹർ മസ്ജിദ് അസാധാരണമായൊരു ആത്മീയ ലോകമാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാർഥികൾക്കും കെയ്‌റോയിലെ സാധാരണക്കാർക്കും ഇതവരുടെ സ്വന്തം വീടുപോലെയാണ്. അറിവിന്റെയും ആരാധനയുടെയും വലിയൊരു ചക്രം പോലെ രാപ്പകലില്ലാതെ കറങ്ങുന്ന അൽ അസ്ഹറിലെ റമസാൻ ഉത്സാഹങ്ങളെക്കുറിച്ചാണ് ഇന്ന് ഡയറിയിൽ കുറിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ തന്നെ പള്ളിയുടെ കൂറ്റൻ തടിവാതിലുകൾ തുറക്കപ്പെടും. ഇഅ്തികാഫ് ഇരിക്കുന്നവരും വിദ്യാർഥികളും തഹജ്ജുദ് നിസ്കാരത്തിനായി എഴുന്നേൽക്കുന്ന സമയമാണത്. പള്ളിമുറ്റത്ത് ലളിതമായ അത്താഴ വിതരണമാണ് പിന്നീട് നടക്കുക. തുടർന്ന് പള്ളിയുടെ മൈക്കിലൂടെ പ്രഗത്ഭരായ ഖാരിഉകളുടെ ശ്രവണ സുന്ദരമായ ഖുർആൻ പാരായണം ഒഴുകിയെത്തും.കെയ്‌റോ നഗരത്തെ ഉണർത്തിക്കൊണ്ട് അൽ അസ്ഹറിന്റെ ഇരട്ട മിനാരങ്ങളിൽ നിന്ന് സുബഹി ബാങ്ക് മുഴങ്ങുന്നതോടെ പള്ളി സജീവമാകും. ഗ്രാൻഡ് ഇമാമിന്റെയോ മറ്റ് മുതിർന്ന പണ്ഡിതന്മാരുടെയോ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ജമാഅത്താണ് പിന്നീട്. നിസ്കാരാനന്തരം പള്ളിയുടെ മാർബിൾ തറയിലിരുന്ന് വിശ്വാസികൾ കൂട്ടമായി പ്രഭാത ദിക്റുകൾ ചൊല്ലുന്നത് കാണാം. പ്രഭാതമാകുന്നതോടെ അൽ അസ്ഹർ അതിന്റെ യഥാർഥ ഭാവത്തിലേക്ക് മാറും. പള്ളിയുടെ വലിയ തൂണുകൾക്ക് താഴെയായി ഖുർആൻ ഹൽഖകൾ ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പള്ളിയുടെ കോണുകളിലിരുന്ന് കിതാബുകൾ വായിക്കാനും മനപ്പാഠമാക്കാനും തുടങ്ങും. ഈ സമയത്ത് പള്ളി ജീവനക്കാർ പരവതാനികൾ വൃത്തിയാക്കുകയും, ഉൾഭാഗം മുഴുവൻ ഊദും കസ്തൂരിയും പുകച്ച് സുഗന്ധപൂരിതമാക്കുകയും ചെയ്യും.ളുഹർ ബാങ്കോടെ അസ്ഹറിന്റെ സ്വഭാവം വീണ്ടും മാറും. ഉച്ചതിരിഞ്ഞ് അൽ അസ്ഹറിലെ പണ്ഡിതന്മാർ മിഹ്‌റാബിന് അടുത്തായി ഇരുന്നുകൊണ്ട് ഹ്രസ്വമായ മതപ്രഭാഷണങ്ങൾ നടത്തും. കർമശാസ്ത്രം, ചരിത്രം, തഫ്സീർ എന്നിവയായിരിക്കും പ്രധാന വിഷയങ്ങൾ. ളുഹറിനും അസറിനും ഇടയിലുള്ള ബാക്കി സമയം പള്ളിയിൽ വലിയൊരു ശാന്തതയാണ്. നോമ്പുകാർ ഖുർആൻ ഓതിയും പള്ളിക്കുള്ളിൽ അൽപ്പനേരം മയങ്ങിയും സമയം ചെലവഴിക്കുന്നു.അസർ നിസ്കാരത്തോടെ ആ ശാന്തത വഴിമാറും.നോമ്പ് തുറക്കാനുള്ള വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ പള്ളിമുറ്റത്ത് വരിവരിയായി വിരിക്കാൻ അൽ അസ്ഹർ സ്റ്റാഫുകളും വളണ്ടിയർമാരും ഓടിനടക്കും. ആയിരക്കണക്കിന് ആളുകൾക്കുള്ള ഈത്തപ്പഴം, വെള്ളം, ജ്യൂസുകൾ, ഭക്ഷണപ്പൊതികൾ എന്നിവ വളരെ കൃത്യതയോടെ ഓരോരുത്തർക്കും മുന്നിലായി നിരത്തിവെക്കും. ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വിദ്യാർഥികൾ അവരവരുടെ കൂട്ടായ്മകളായി ആ വലിയ മുറ്റത്ത് വട്ടത്തിലിരിക്കും. വനിതകൾക്കായി പള്ളിയുടെ പ്രത്യേക ഭാഗത്തും ഇഫ്താർ ഒരുങ്ങുന്നുണ്ടാകും.നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ നാലായിരത്തിലധികം മനുഷ്യർ ഒരേ മനസ്സോടെ കൈകളുയർത്തി പ്രാർഥിക്കുന്ന വലിയൊരു നിശബ്ദത അവിടെയുണ്ടാകും. കെയ്‌റോയിലെ സിറ്റാഡലിൽ നിന്നുള്ള ഇഫ്താർ പീരങ്കി ശബ്ദത്തിന് തൊട്ടുപിന്നാലെ അൽ അസ്ഹറിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. ആയിരങ്ങൾ ഒരേസമയം ഈത്തപ്പഴവും കാരക്കയും ഉപയോഗിച്ച് ആദ്യം നോമ്പ് തുറക്കും. നോമ്പ് തുറന്ന സ്ഥലത്തുനിന്ന് തന്നെ അവർ മഗ്‌രിബ് നിസ്കരിക്കും. പിന്നീട് വീണ്ടും അതേ വട്ടത്തിലിരുന്ന് പ്രധാന ഭക്ഷണം കഴിക്കാൻ തുടങ്ങും. മന്തിയും ചിക്കൻ അൽഫാമും കബാവും ഒരു ജ്യൂസും ആണ് മുപ്പത് ദിവസത്തെയും മെനു. ഭക്ഷണം കഴിച്ച ശേഷം മിനുട്ടുകൾക്കുള്ളിൽ മുഴുവൻ സ്ഥലവും തറാവീഹിനായി വൃത്തിയാക്കും.ഇശാ ബാങ്കിന് മുന്നോടിയായി കെയ്‌റോയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ അൽ അസ്ഹറിലേക്ക് ഒഴുകിയെത്തും. പള്ളിയുടെ അകവും പുറവും ഇടവഴികളും ജനങ്ങളെക്കൊണ്ട് നിറയും. ഇശാ നിസ്കാരത്തിന് ശേഷം ലോകപ്രശസ്തമായ അൽ അസ്ഹറിലെ തറാവീഹ് ആരംഭിക്കുകയായി. ഇരുപത് റക്അത്തുകളുള്ള ഈ നിസ്കാരത്തിന് നേതൃത്വം നൽകുന്നത് ഈജിപ്തിലെ ഏറ്റവും പ്രഗത്ഭരായ ഖാരിഉകളാണ്. ഓരോ നാല് റക്അത്ത് കൂടുമ്പോഴും ഇമാമുമാർ മാറിക്കൊണ്ടിരിക്കും. ഹഫ്സ്, വർശ്, ഖാലൂൻ തുടങ്ങി വ്യത്യസ്ത പാരായണ ശൈലികളിലാണ് ഓരോ ദിവസവും തറാവീഹ് നടക്കുക. എട്ട് റക്അത്തുകൾ കഴിയുമ്പോൾ ഒരു ചെറിയ ഇടവേളയുണ്ട്. ആ സമയത്ത് അൽ അസ്ഹർ ഗ്രാൻഡ് ഇമാമോ മറ്റ് പ്രമുഖ പണ്ഡിതന്മാരോ അഞ്ച് മിനുട്ട് ദൈർഘ്യമുള്ള ഒരു ഹ്രസ്വ പ്രഭാഷണം നടത്തും.തറാവീഹിന് ശേഷം ജനങ്ങൾ പിരിഞ്ഞുപോകുമ്പോഴും അൽ അസ്ഹർ ഉറങ്ങുന്നില്ല. ഇഅ്തികാഫ് ഇരിക്കുന്നവരും വിദ്യാർഥികളും വീണ്ടും തങ്ങളുടെ പഠനങ്ങളിലേക്കും പ്രാർഥനകളിലേക്കും മടങ്ങുന്നു. രാത്രിയുടെ അവസാന യാമങ്ങളിൽ, വീണ്ടും അടുത്ത ദിവസത്തെ അത്താഴത്തിനുള്ള ഒരുക്കങ്ങൾ പള്ളിയുടെ ഒരു ഭാഗത്ത് ആരംഭിക്കും. വിജ്ഞാനത്തിന്റെയും ആരാധനയുടെയും ഒരു വലിയ ചക്രം പോലെ അൽ അസ്ഹറിലെ റമസാൻ ദിനങ്ങൾ ഒരു നിമിഷം പോലും നിർത്താതെ കറങ്ങിക്കൊണ്ടേയിരിക്കുകയാണ്.