അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചക്കും തയാറല്ല: ഇറാന്‍

Wait 5 sec.

ടെഹ്‌റാന്‍ | മധ്യസ്ഥര്‍ മുഖേന ഇറാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നതായി ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അലി ലാറിജാനി വ്യക്തമാക്കി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് ലാറിജാനിയുടെ ഈ കടുത്ത പരാമര്‍ശങ്ങള്‍ നല്‍കുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായ ലാറിജാനി എക്‌സിലൂടെയാണ് രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.‘അമേരിക്ക ഫസ്റ്റ്’ എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോള്‍ ‘ഇസ്‌റാഈല്‍ ഫസ്റ്റ്’ എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇസ്‌റാഈലിന്റെ അധികാര മോഹങ്ങള്‍ക്കായി അമേരിക്കന്‍ സൈനികരെ അദ്ദേഹം കുരുതികൊടുക്കുകയാണെന്നും ലാരിജാനി വിശദമാക്കി. ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്നും എന്നാല്‍ അധിനിവേശത്തെ ശക്തമായി നേരിടുമെന്നും കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയുടെ വലംകൈയും പ്രധാന ഉപദേഷ്ടാവായ ലാറിജാനി വ്യക്തമാക്കി. അമേരിക്കന്‍ സൈനികരുടെ ജീവഹാനിയില്‍ ഇപ്പോള്‍ ഭയക്കുന്ന ട്രംപ് തന്നെയാണ് മേഖലയില്‍ അശാന്തി വിതയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.