ഖത്തറിലെ ഉത്പാദന നിയന്ത്രണം: വ്യവസായ മേഖലയിലേക്കുള്ള ഗ്യാസ് വിതരണം കുറച്ച് ഇന്ത്യൻ കമ്പനികൾ

Wait 5 sec.

ന്യൂഡൽഹി | ഡ്രോൺ ആക്രമണത്തെത്തുടർന്ന് ലോകത്തെ പ്രമുഖ എൽ എൻ ജി ഉത്പാദകരായ ഖത്തർ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചതോടെ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങൾക്കുള്ള പ്രകൃതിവാതക വിതരണത്തിൽ കുറവ് വരുത്തി. ഖത്തറിൽ നിന്നുള്ള വിതരണത്തിൽ കുറവുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് ഇന്ത്യൻ കമ്പനികളുടെ ഈ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ നാലാമത്തെ വലിയ എൽ എൻ ജി ഇറക്കുമതി രാജ്യമായ ഇന്ത്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത്. ഖത്തറിൽ നിന്നുള്ള എൽ എൻ ജി വാങ്ങുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.പ്രമുഖ എൽ എൻ ജി ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് വിതരണത്തിലെ കുറവിനെക്കുറിച്ച് രാജ്യത്തെ പ്രമുഖ ഗ്യാസ് മാർക്കറ്റിംഗ് കമ്പനിയായ ഗെയ്‌ലിനെയും (ജി എ ഐ എൽ) മറ്റ് കമ്പനികളെയും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗെയിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ തങ്ങളുടെ ഉപഭോക്താക്കളെ വിതരണത്തിലെ കുറവിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചു. 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് വിതരണത്തിൽ കുറവ് വരുത്തിയിരിക്കുന്നത്.കരാർ നിബന്ധനകൾ പ്രകാരം ഉപഭോക്താക്കൾക്ക് പിഴ നൽകേണ്ടി വരുന്നത് ഒഴിവാക്കാനായി മിനിമം ലിഫ്റ്റിംഗ് ക്വാണ്ടിറ്റിയിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ നിന്നുള്ള വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഐ ഒ സി, ഗെയിൽ, പെട്രോനെറ്റ് എൽ എൻ ജി എന്നീ കമ്പനികൾ സ്പോട്ട് ടെണ്ടറുകൾ പുറപ്പെടുവിക്കാൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ വിപണിയിൽ എൽ എൻ ജി വിലയും ചരക്ക് കൂലിയും ഇൻഷുറൻസ് ചെലവും നിലവിൽ വർധിച്ചിരിക്കുകയാണ്. SummaryFollowing a drone attack that led Qatar to suspend its LNG production, Indian energy companies have slashed gas supplies to domestic industries by 10% to 30%. Major players like GAIL and Indian Oil Corp have informed their customers of these cuts to manage the anticipated supply crunch. To bridge the gap, these firms are looking into spot tenders, despite rising global prices and logistics costs.