തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേം പൂര്‍ത്തിയായവര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടതില്ലെന്ന് സിപിഐ തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇതോടെ ചിറ്റയം ഗോപകുമാര്‍ അടക്കമുള്ള ആറ് സിറ്റിംഗ് എംഎല്‍എമാര്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി.ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ.വിജയന്‍ (നാദാപുരം), ജി.എസ്. ജയലാല്‍ (ചാത്തന്നൂര്‍), പി എസ് സുപാല്‍ (പുനലൂര്‍), വി ശശി (ചിറയന്‍കീഴ്) എന്നിവരാണ് മൂന്ന് ടേം പൂര്‍ത്തിയാക്കിയത്. ഈ മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രാഥമിക ധാരണയായത്.അതേസമയം നാല് സിറ്റിംഗ് മന്ത്രിമാര്‍ വീണ്ടും ജനവിധി തേടാനും പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ ധാരണയായിട്ടുണ്ട്. പി പ്രസാദ് (ചേര്‍ത്തല), കെ രാജന്‍ (ഒല്ലൂര്‍), ജെ.ചിഞ്ചുറാണി (ചടയമംഗലം), ജി ആര്‍ അനില്‍ (നെടുമങ്ങാട്) എന്നിവര്‍ വീണ്ടും മത്സരിക്കും.അതേ സമയം മാര്‍ച്ച് നാലിന് വീണ്ടും എക്‌സിക്യൂട്ടീവ് വീണ്ടും ചേര്‍ന്ന ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുക. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസ്ഥാന കൗണ്‍സിലും ചേര്‍ന്ന് അന്തിമ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രഖ്യാപിക്കും