തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഇടതുമുന്നണിയില്‍ പ്രാഥമിക സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോര്‍മുല തന്നെ ഇത്തവണയും പിന്തുടരാനാണ് ഏകദേശ ധാരണ. അതേസമയം, സീറ്റുകള്‍ വെച്ചുമാറുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. ഒരു കക്ഷിക്കും അധിക സീറ്റ് നല്‍കേണ്ടെന്നാണ് പ്രാഥമിക ധാരണ. അധിക സീറ്റ് ആവശ്യപ്പെട്ട ആര്‍ ജെ ഡി, കേരള കോണ്‍ഗ്രസ്സ് എം എന്നീ കക്ഷികളോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സി പി എമ്മിലെ പ്രാദേശിക തര്‍ക്കത്തെ തുടര്‍ന്ന് വിട്ടുനല്‍കിയ കുറ്റ്യാടിക്ക് പകരമുള്‍പ്പെടെ 13 സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ്സ് എം മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ അധിക സീറ്റ് ഉണ്ടാകില്ലെന്ന് സി പി എം കേരള കോണ്‍ഗ്രസ്സിനെ അറിയിച്ചതായാണ് സൂചന.കഴിഞ്ഞ തവണ വിട്ടുനല്‍കിയ കുറ്റ്യാടി സീറ്റിന് പകരം സീറ്റ് ലഭിക്കുമോയെന്നതില്‍ വ്യക്തതയായിട്ടില്ല. കുറ്റ്യാടിക്ക് പകരം പേരാമ്പ്ര, ഏലത്തൂര്‍, കുട്ടനാട്, തിരുവനന്തപുരം സീറ്റുകളില്‍ ഒന്ന് ആവശ്യപ്പെടാനാണ് ജോസ് കെ മാണിയുടെ നീക്കം. ഇക്കാര്യം സൂചിപ്പിച്ച് ജോസ് എല്‍ ഡി എഫിന് കത്തു നല്‍കി. കുറ്റ്യാടി സീറ്റ് വിട്ടുനല്‍കിയതോടെ, കഴിഞ്ഞ തവണ 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ്സ് എം മത്സരിച്ചിരുന്നത്.അതേസമയം, ആര്‍ ജെ ഡിക്ക് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍, നീലലോഹിതദാസന്‍ നാടാര്‍ ജനതാദളിലായിരിക്കെ മത്സരിച്ചിരുന്ന കോവളം സീറ്റ് കൂടി വേണമെന്ന ആര്‍ ജെ ഡിയുടെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ തള്ളി.കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കടന്നപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്സിലെ ആന്റണി രാജു പ്രതിനിധീകരിച്ചിരുന്ന തിരുവനന്തപുരം സീറ്റ് സി പി എം ഏറ്റെടുക്കില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വ്യക്തിയുടേതല്ല, പാര്‍ട്ടിയുടേതാണെന്നും സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് തന്നെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്സ് എം നേതാക്കളായ ജോസ് കെ മാണി, സ്റ്റീഫന്‍ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ആന്റണി രാജു എന്നിവരാണ് ഉഭയകക്ഷി ചര്‍ക്കായി എത്തിയത്.