കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മണ്ണിടിച്ചില്‍: ദുരന്തബാധിതര്‍ക്ക് വീടുവെക്കാന്‍ 10 ലക്ഷം

Wait 5 sec.

തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് തുക നല്‍കുക. സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും സഹായം. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.പതിച്ചു നല്‍കിയ ഭൂമി ക്വാറിയിംഗ് പ്രവര്‍ത്തനത്തിന് വേണ്ടി ക്രമവത്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം ക്വാറി ഉടമകളില്‍ നിന്നും വാങ്ങിയും, ക്വാറി ഉടമകളില്‍ നിന്നും ചട്ടപ്രകാരം ഈടാക്കേണ്ട ബേങ്ക് ഗ്യാരണ്ടി വാങ്ങിയും പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചു.പതിച്ചു നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറികളെ ക്രമവത്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ആയെങ്കിലും ഫീസ് സ്വീകരിക്കുന്ന പോര്‍ട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ക്വാറി പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റു എല്ലാ ലൈസന്‍സുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനകാര്യവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുക.കാഷ്വല്‍/താത്കാലിക സ്വീപ്പര്‍മാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതി കേസുകള്‍ പരമാവധി ഒഴിവാക്കുന്നതിനായുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.2005 നവംബര്‍ 25 നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളില്‍ 2005 നവംബര്‍ 25നും അതിന് ശേഷവും പിന്നീട് തുടര്‍ച്ചയായും സേവനത്തില്‍ ഉണ്ടായിരുന്ന കാഷ്വല്‍/താത്കാലിക സ്വീപ്പര്‍മാരെ പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടാകുകയാണെങ്കില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയ്യതി മുതല്‍ പ്രാബല്യം അനുവദിക്കും. 2005 നവംബര്‍ 25 ലെയും പിന്നീട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്വീപ്പിംഗ് ഏരിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഈ ആവശ്യത്തിനായി പരിഗണിക്കുകയുള്ളൂ. കാഷ്വല്‍/താത്കാലിക സ്വീപ്പര്‍ 2005 നവംബര്‍ 25 മുതല്‍ തുടര്‍ച്ചയായി സേവനത്തില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധികാരികമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.നിലവില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് അതത് ജില്ലകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഇനി മുതല്‍ വരുന്ന ഒഴിവിന്റെ 20 ശതമാനം തസ്തികകളിലേക്ക് നിയമനം അനുവദിക്കാന്‍ കഴിയുമോ എന്ന വിഷയം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കുന്നതിനും തീരുമാനമായി.