ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: ലോക കേരള സഭാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Wait 5 sec.

തിരുവനന്തപുരം | ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ അശാന്തി തുടരുന്ന സാഹചര്യത്തില്‍, ഗള്‍ഫ് രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്തു. നാളെ (മാര്‍ച്ച് മൂന്ന്, ചൊവ്വ) ഇന്ത്യന്‍ സമയം രാത്രി ആറിനാണ് യോഗം നടക്കുന്നത്.മേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് അടിയന്തര യോഗം വിളിച്ചത്. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്ന മലയാളികള്‍ നേരിടുന്ന വെല്ലുവിളികളും ആശങ്കകളും പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. അതോടൊപ്പം അടിയന്തര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും യോഗം ആലോചിക്കും.ലോക കേരള സഭയിലെ എല്ലാ ഗള്‍ഫ് പ്രതിനിധികളും നിശ്ചിത സമയത്ത് തന്നെ ഓണ്‍ലൈനായി യോഗത്തില്‍ പങ്കുചേരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.