പാലക്കാട് | വിദേശരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന മലയാളി വിദ്യാർഥികൾക്ക് കൂടുതൽ സഹായവും മാർഗനിർദേശവും നൽകുന്നതിനായി നോർക്ക റൂട്ട്‌സ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ വിപുലീകരിക്കുന്നു. പുതിയ സംവിധാനത്തിൽ യു എസ്, ചൈന തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി നോർക്ക അധികൃതർ അറിയിച്ചു. നിലവിൽ യു കെ, ജർമനി, കാനഡ, ന്യൂസിലാൻഡ്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് പോർട്ടലിൽ ലഭ്യമാകുക. രണ്ടാംഘട്ടത്തിലാണ് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുക. ഇത് സംബന്ധിച്ച് അതാത് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പ്രാരംഭ ചർച്ചകൾ നടന്നതായും അധികൃതർ അറിയിച്ചു.നിലവിൽ വിദേശത്തേക്ക് പോകുന്നവരിൽ ഭൂരിഭാഗം പേരും സ്വകാര്യ ട്രാവൽ ഏജൻസികളുടെ സഹായം തേടുന്നവരാണ്. എന്നാൽ, പോകുന്ന രാജ്യത്തെ വിസാ നിയമങ്ങൾ, തൊഴിൽ സാധ്യതകൾ, നിയമപരമായ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ അജ്ഞത മുതലെടുത്ത് ഏജൻസികൾ തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കേരള സർക്കാർ നോർക്കയുടെ കീഴിൽ സ്റ്റുഡന്റ്് മൈഗ്രേഷൻ പോർട്ടൽ സ്ഥാപിക്കാൻ രംഗത്ത് വന്നത്.നോർക്കയുടെ കണക്ക് പ്രകാരം ഈയിടെയായി പഠനത്തിനായി കൂടുതൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നത് കാനഡയും യൂറോപ്യൻ രാജ്യങ്ങളുമാണ്. യു എസിലേക്ക് ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ട്.മെഡിക്കൽ പഠനത്തിനായി ചൈനയിലേക്ക് പോകുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിലാണ് യു എസിനെയും ചൈനയെയും കൂടി പോർട്ടലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. വിദേശത്തേക്ക് സ്റ്റുഡന്റ് വിസയിൽ പോകുന്നവർക്ക് ബന്ധപ്പെട്ട രാജ്യങ്ങളുടെ അടിസ്ഥാന വിവരങ്ങൾ, രജിസ്‌ട്രേഷൻ- സുരക്ഷാ നിർദേശങ്ങൾ തുടങ്ങിയവ പോർട്ടലിലൂടെ ലഭ്യമാകും.വിദ്യാർഥികളുടെ വിവരശേഖരണം ഏകോപിപ്പിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ സഹായം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാസ്സ്പോർട്ട്, വിസ, അഡ്മിഷൻ രേഖകൾ, വിദേശ വിലാസം, രക്ഷിതാക്കളുടെ വിവരങ്ങൾ എന്നിവ ഓൺലൈനായി സമർപ്പിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് വിദേശത്ത് പ്രശ്നങ്ങൾ നേരിടുമ്പോൾ നോർക്ക വഴി വേഗത്തിലുള്ള ഇടപെടൽ സാധ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർഥികൾ യാത്രക്ക് മുമ്പ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നോർക്ക അധികൃതർ അറിയിച്ചു.