തകരുന്ന കുടുംബ ബന്ധങ്ങളും വളരുന്ന ഹിംസയും

Wait 5 sec.

കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ നടുക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പുരോഗതി, സാമൂഹിക- രാഷ്ട്രീയ പ്രബുദ്ധത, മനുഷ്യ വികസന സൂചികയിലെ മുന്നേറ്റം തുടങ്ങിയവയിലൂടെ ലോകത്തിന് മാതൃകയായിരുന്ന “കേരള മോഡല്‍’ ഇന്ന് കൊലകളുടെയും ക്രൂരമായ അതിക്രമങ്ങളുടെയും പേരില്‍ വിചാരണ ചെയ്യപ്പെടുകയാണ്. നേരത്തേ രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍, കുടുംബ ശൈഥില്യത്തെ തുടര്‍ന്നുണ്ടാകുന്ന അതിക്രമങ്ങളും കൊലകളുമാണ് ഇപ്പോള്‍ കൂടുതല്‍. ഭര്‍ത്താവ് ഭാര്യയെ, ഭാര്യ ഭര്‍ത്താവിനെ, മക്കള്‍ മാതാപിതാക്കളെ കൊല്ലുന്ന വാര്‍ത്തകള്‍ വെറുമൊരു ക്രമസമാധാന പ്രശ്‌നമല്ല; സാംസ്‌കാരിക തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഒരിക്കല്‍ അഭയ കേന്ദ്രമായിരുന്ന വീടും കുടുംബവും ഒട്ടും സുരക്ഷിതമല്ലാതാകുകയും രക്തബന്ധങ്ങള്‍ക്കിടയില്‍ കൊലക്കത്തി ഉയരുകയും ചെയ്യുന്നത് ആശങ്കാജനകമാണ്.പുതിയ കാലത്ത് നടക്കുന്ന കൊലകളിലെ ഏറ്റവും ശ്രദ്ധേയമായ വശം, അവയുടെ അപ്രതീക്ഷിത സ്വഭാവമാണ്. പഴയ കാലത്ത് കാണപ്പെട്ടതുപോലെയുള്ള ആസൂത്രിത കൊലപാതകങ്ങളല്ല ഇന്ന് നടക്കുന്നവയില്‍ ഏറെയും. മറിച്ച് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന വികാരങ്ങളെ തുടര്‍ന്ന് സംഭവിക്കുന്ന കൊലകളും അക്രമങ്ങളുമാണ് കൂടുതല്‍. ചെറിയ സാമ്പത്തിക തര്‍ക്കങ്ങളും സംശയങ്ങളും നൈമിഷികമായ കോപവുമെല്ലാമാണ് ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ കലാശിക്കുന്നത്.കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച, ലഹരി ഉപയോഗത്തിന്റെ വ്യാപനം, സ്മാര്‍ട്ട് ഫോണിന്റെ ദുരുപയോഗം തുടങ്ങി പലതാണ് ഈ പ്രവണതക്ക് പിന്നിലെ ഘടകങ്ങള്‍. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം വ്യക്തികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായിരുന്ന സാമൂഹിക രക്ഷാകവചം ഇല്ലാതാക്കി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കുടുംബത്തില്‍ ഭിന്നതയും തര്‍ക്കവും ഉടലെടുത്താല്‍ മുതിര്‍ന്ന അംഗങ്ങളും ബന്ധുക്കളും ഇടപെട്ട് പരിഹരിക്കുമായിരുന്നു. അണുകുടുംബങ്ങളില്‍ തര്‍ക്കപരിഹാരത്തിന് മുതിര്‍ന്നവരുടെ ഇടപെടല്‍ ഇല്ലാതെ അത് സ്‌ഫോടനാത്മകമാകുകയാണ്. ഈ മാറ്റത്തിനൊപ്പം അമിത സ്വാര്‍ഥതയും അസഹിഷ്ണുതയും ചേരുമ്പോള്‍ പ്രിയപ്പെട്ടവര്‍ പോലും ശത്രുക്കളായും ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ പകയായും മാറുന്നു.മദ്യത്തില്‍ നിന്ന് ഏറെ മുന്നോട്ട് പോയി സിന്തറ്റിക് ഡ്രഗുകളിലേക്കും മാരകമായ മറ്റു മയക്കുമരുന്നുകളിലേക്കും എത്തിക്കഴിഞ്ഞു കേരളത്തിലെ യുവതലമുറ. ലഹരി വസ്തുക്കള്‍ വ്യക്തികളുടെ വിവേചന ബുദ്ധി നശിപ്പിക്കുകയും വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യുന്നു. മക്കള്‍ മാതാപിതാക്കളെ അക്രമിക്കുന്ന മിക്ക കേസുകളിലും ലഹരി മരുന്നുകളുടെ സാന്നിധ്യമാണ് പോലീസ് കണ്ടെത്തിയത്. ലഹരിക്ക് പണം കണ്ടെത്താന്‍ കാണിക്കുന്ന അതിക്രമങ്ങളും ലഹരിബാധയില്‍ ചെയ്യുന്ന ക്രൂരതകളും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്.സാങ്കേതിക വിദ്യകള്‍ ലോകത്തെ കൈപ്പിടിയിലൊതുക്കുകയും മനുഷ്യര്‍ക്കിടയില്‍ അകലം കുറയ്ക്കുകയും ചെയ്തുവെന്നവകാശപ്പെടുമ്പോഴും കുടുംബങ്ങള്‍ക്കിടയില്‍ വലിയ അകല്‍ച്ചയാണ് സൃഷ്ടിച്ചത്. സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളും ദമ്പതികള്‍ക്കിടയില്‍ അവിശ്വാസവും സന്ദേഹങ്ങളും സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും ദാരുണ അന്ത്യത്തിലാണ് കലാശിക്കുന്നത്. വെര്‍ച്വല്‍ ലോകത്തെ ബന്ധങ്ങള്‍ക്ക് വേണ്ടി യഥാര്‍ഥ ബന്ധങ്ങളെ ബലികഴിക്കുന്ന പ്രവണത ഗൗരവത്തോടെ കാണേണ്ടതുണ്ട്.വിവാഹേതര ബന്ധങ്ങളുടെ വര്‍ധനവാണ് കുടുംബശൈഥില്യത്തിനും അക്രമങ്ങള്‍ക്കും മറ്റൊരു കാരണം. ദമ്പതികള്‍ക്കിടയില്‍ ഒരാളുടെ പരലൈംഗിക ബന്ധം ജീവിത പങ്കാളിയില്‍ കടുത്ത മാനസികാഘാതം സൃഷ്ടിക്കുക സ്വാഭാവികം. ഇത് പലപ്പോഴും പ്രതികാരബുദ്ധിയോടെയുള്ള അക്രമത്തിനിടയാക്കുന്നു. അടുത്തിടെ കേരളത്തില്‍ നടന്ന പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ജീവിത പങ്കാളിയുടെ അവിഹിത ബന്ധമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കുക വഴി അവിഹിത ബന്ധം (വ്യഭിചാരം) കുറ്റകരമല്ലാതാക്കിയ 2018ലെ സുപ്രീം കോടതി വിധിക്ക് വലിയ പങ്കുണ്ട് വിവാഹേതര ബന്ധങ്ങളുടെ വര്‍ധനവില്‍. ശിക്ഷ ലഭിക്കില്ലെന്ന ബോധം ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രചോദനമായി മാറുകയാണ്.കേരളം കൊലപാതക സംസ്‌കാരത്തിലേക്ക് കൂപ്പുകുത്തുന്നത് വേദനാജനകമാണ്. കുടുംബമെന്ന സുരക്ഷിത കേന്ദ്രം വീണ്ടെടുക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ വേണ്ടതുണ്ട്. നിയമ നടപടികള്‍ കൊണ്ട് മാത്രമായില്ല, നിയമ വ്യവസ്ഥയും സമൂഹവും കൈകോര്‍ത്താല്‍ മാത്രമേ സുരക്ഷിതവും ഭയരഹിതവുമായ കേരളത്തെ വീണ്ടെടുക്കാനാകൂ.സമൂഹത്തിന്റെ കെട്ടുറപ്പും ശക്തിയും അതിലെ കുടുംബങ്ങളിലാണ് നിലകൊള്ളുന്നത്. കുടുംബ ശൈഥില്യവും അക്രമവും വര്‍ധിക്കുമ്പോള്‍ സമൂഹത്തിന്റെ ഭാവി അപകടത്തിലാകും. ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ പ്രതികരിക്കുന്ന ശക്തമായ നിയമ സംവിധാനം, ലഹരിക്കെതിരെ ശക്തമായ പോരാട്ടം, കുടുംബ കൗണ്‍സലിംഗ്, ബോധവത്കരണം, കുടുംബ ശൈഥില്യങ്ങളില്‍ സാമൂഹിക ഇടപെടല്‍ തുടങ്ങിയവയാണ് പരിഹാരം. ഇതിലെല്ലാമുപരി സമൂഹത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കേണ്ടത് നിര്‍ണായകമാണ്. മനുഷ്യബന്ധങ്ങളുടെ മഹത്വത്തെയും സഹിഷ്ണുതയുടെ പ്രാധാന്യത്തെയും കുറിച്ച് പുതിയ തലമുറയെ ബോധവാന്മാരാക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല. സഹിഷ്ണുത, പരസ്പര ബഹുമാനം, ക്രോധനിയന്ത്രണം തുടങ്ങിയവ ഇല്ലാതാകുമ്പോള്‍ കുടുംബവും സമൂഹവും ജീര്‍ണിതമാകും.