ഗസാ | മേഖലയില്‍ ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം അത് ലംഘിച്ച് ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.ഗസായുടെ വടക്കന്‍ ഭാഗത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ക്ക് മൂന്ന് വയസ്സും മറ്റേയാള്‍ക്ക് 14 വയസ്സുമാണുള്ളതെന്ന് ഗസാ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.അതേസമയം, സിറ്റി സെന്ററിലെ പോലീസ് വാഹനത്തിനു നേരെ ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ ബെയ്ത് ലാഹിയയിലുണ്ടായ ഇസ്‌റാഈല്‍ വെടിവെപ്പില്‍ ഒരാളും കൊല്ലപ്പെട്ടു.ഇന്നലെ വൈകിട്ട് ഗസാ സിറ്റിയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിന് സമീപത്തായി നടന്ന മറ്റൊരു ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇസ്‌റാഈല്‍ ഡ്രോണ്‍ ബോംബിങിലും മിസൈല്‍ ആക്രമണത്തിലുമായി കൊല്ലപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി മെഡിക്‌സ് അല്‍ ശിഫാ ഹോസ്പിറ്റല്‍ സ്ഥിരീകരിച്ചു.ഒരു കഫേക്ക് സമീപത്തുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരുപാട് പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടര്‍ റിപോര്‍ട്ട് ചെയ്തു.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 760 ഫലസ്തീനികളുടെ ജീവനാണ് പൊലിഞ്ഞത്.