കോഴിക്കോട് | 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന പരാതിയില്‍ പ്രതിയെ ഇതുവരെ പിടികൂടാനാകാതെ പോലീസ്. പരാതി നല്‍കി രണ്ട് വര്‍ഷമായിട്ടും പ്രതി എവിടെയാണെന്ന് വ്യക്തമല്ലെന്നാണ് താമരശ്ശേരി പോലീസിന്റെ വിശദീകരണം.താമരശ്ശേരി സ്വദേശി ജയ്ഷാദ് വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. നിരവധി തവണ പോലീസ് സ്റ്റേഷന്‍ കയറി ഇറങ്ങിയിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് അതിജീവിത ആരോപിച്ചു.“എനിക്ക് 14 വയസുള്ളപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ ജയ്ഷാദ് വേലപ്പാറ കാണാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൊണ്ടുപോയി. അവിടെ വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി എനിക്ക് തന്നെ അയയ്ക്കുകയും ചെയ്തു. പിന്നീട് നഗ്‌ന ഫോട്ടോകള്‍ ആവശ്യപ്പെടുകയും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു,” അതിജീവിത പറഞ്ഞു.2024 മാര്‍ച്ചില്‍ പോലീസിന് പരാതി നല്‍കിയെന്നും പിന്നീട് ജയ്ഷാദ് വിദേശത്തേക്ക് പോയ വിവരമാണ് അറിഞ്ഞതെന്നും അതിജീവിത പറഞ്ഞു. അക്കാര്യം പോലീസിനും അറിയാമെന്നും അതിജീവിത പറഞ്ഞു. അവന്റെ കയ്യില്‍ നഗ്‌നവീഡിയോ ഉണ്ടെന്നും അതോര്‍ത്ത് പേടിയുണ്ടെന്നും പോലീസിനോട് പറഞ്ഞതായി അതിജീവിത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടില്ലെന്നും അതിജീവിത ആരോപിച്ചു.അതേസമയം കേസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും സിഐ അറിയിച്ചു.