മരുക്കാറ്റിൽപ്പെട്ട തൂവൽ പോലെ ദിശാബോധമില്ലാതെ ഏതെല്ലാമോ വഴിക്ക് സഞ്ചരിക്കുന്ന സ്വഭാവമാണ് നമ്മുടെ ഹൃദയങ്ങൾക്കുള്ളത്. സദാ മാറി മറിയുന്ന പ്രകൃതം, എന്തെല്ലാമോ അഭിനിവേശങ്ങൾ, എണ്ണമറ്റ ആഗ്രഹങ്ങൾ, ആലോചനകൾ, പദ്ധതികൾ, ആശയങ്ങൾ അങ്ങനെയങ്ങനെ കുറേ കുഴമറിച്ചിലുകളുടെ ഇടം. ശ്രദ്ധാപൂർവമുള്ള പരിചരണത്തിലൂടെയെ അതിനെ ശരിയായ ദിശയിൽ പിടിച്ച് നിർത്താനാകൂ. അതിനെ ഋജുവാക്കിയാൽ പിന്നെ നമ്മുടെ സിസ്റ്റം സെറ്റായി. റസൂൽ(സ) പറഞ്ഞില്ലേ “ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്, ഹൃദയം ! അത് നന്നായാൽ ശരീരം മഴുക്കെ നന്നായി’ ഹൃദയമെന്നാൽ മനസ്സ് ( മനസ്സ് എന്നതിന് കൃത്യമായൊരു ഇടം ശാസ്‌ത്രീയമായി നിർണയിച്ചിട്ടില്ലെങ്കിലും വൈകാരിക പ്രവർത്തനങ്ങളിലെ പ്രധാന ഘടകമായി ഹൃദയത്തെയും മസ്തിഷ്കത്തെയുമാണ് ഗവേഷകർ നിരീക്ഷിച്ചത്. Brain-heart axis എന്ന ശക്തമായ ബന്ധം ഇവിടെ നിലനിൽക്കുന്നുവെന്നാണ് പഠനം.) മനസ്സ് എന്തിനുള്ളതാണ് ? ഖുർആനിലൂടെ നമുക്കത് മനസ്സിലാകും.“അവർ ഭൂമിയിലൂടെ യാത്ര ചെയ്യാറില്ലേ? എങ്കിലവർക്ക് ചിന്താശേഷിയുള്ള മനസ്സും ശ്രവണശേഷിയുള്ള ചെവികളും ഉണ്ടാകുമായിരുന്നു. കണ്ണുകളെയല്ല സത്യത്തിൽ അന്ധത ബാധിച്ചിരിക്കുന്നത്. അവരുടെ നെഞ്ചിനകത്തുള്ള മനസ്സിനെയാണ് (ഹജ്ജ്). ചുറ്റുമുള്ളതിനെ നിരീക്ഷിച്ച് ശരിയായ വിധം നമ്മെ ക്രമീകരിക്കുന്ന പണിയാണ് മനസ്സിനുള്ളത്. ക്രമരാഹിത്യം ബാധിച്ച മനസ്സിന്റെ നിരർഥകതയെ ആണ് ഈ ആയത്തിൽ വിശുദ്ധ ഖുർആൻ ചൂണ്ടുന്നത്. സദ്വിചാരങ്ങളുടെ പണിപ്പുരയാവേണ്ട മനസ്സിനെ ദുർവിചാരങ്ങളുടെ ഇരുട്ടറയാക്കുന്ന ശ്രമങ്ങളെ അപലപിക്കുക കൂടിയാണ് വിശുദ്ധ വേദം.മനുഷ്യന്റെ ഇരുലോകത്തേക്കുള്ള സർവ പുരോഗതിയുടെയും വിജയത്തിന്റെയും കേന്ദ്ര ബിന്ദു മനസ്സാണ്. അത് നൂലറ്റ പട്ടമാകാതിരിക്കാൻ ബദ്ധശ്രദ്ധരാവേണ്ടതുണ്ട് നാം. മനസ്സിന്റെ ദിശ തെറ്റിയ കുത്തൊഴുക്കിനെ ഒതുക്കാനും ശാന്തമാക്കാനുമുള്ള വഴിയെന്താണ്? ഖുർആൻ പറയുന്നു “അറിയണം, ദൈവ സ്‌മൃതിയാലാണ് ഹൃദയങ്ങൾ ശാന്തമാകുന്നത്’ കാഴ്ചകൾക്കും കേൾവികൾക്കും നമ്മെ പല വഴിക്ക് നയിക്കാനാകും. തെറ്റായതും ശരിയായതുമായ ആലോചനകൾ നമുക്ക് മുന്നിലത് വിളമ്പും. “മനസ്സിനെ സംസ്കരിച്ചവൻ വിജയിച്ചു, വികലമാക്കിയവൻ പരാജയപ്പെട്ടു’ എന്ന സൂറ: ശംസിന്റെ സന്ദേശം പോലെ ആലോചനകളെ ക്രമാനുകതമായി നിയന്ത്രിക്കുന്നവരാണ് അത്തരം വേളകളിൽ വിജയിക്കുക. അല്ലാത്തവരുടെ മനസ്സ് രോഗഗ്രസ്തമാണ്.നമ്മുടെ കൈയിലുള്ള മൊബൈൽ, തെരുവിലെ കാഴ്ചകൾ, റോഡരികിലെ പരസ്യങ്ങൾ, കവലകളിലെ വർത്തമാനങ്ങൾ അങ്ങനെയങ്ങനെ പൈശാചികതയുടെ കാൽപ്പാടുകളെമ്പാടുമുണ്ട് നമ്മുടെ ചുറ്റും. അത്തരം വശീകരണത്തോട് ഒട്ടി നിൽക്കുക എന്നതാണ് നമ്മുടെ ജഡികേച്ഛ. ആ ദുരാഗ്രഹത്തെ നമ്മുടെ ശരീരം ബലഹീനമായ നമ്മുടെ മനസ്സിൽ വെച്ച് പിടിപ്പിക്കുന്നു. അതുവഴി മനസ്സ് ദുഷിക്കുന്നു. അങ്ങനെ കുറഞ്ഞ നേരത്തേക്കെങ്കിലും നമ്മൾ നല്ല മനുഷ്യരല്ലാതായിത്തീരുന്നു. അപ്പോൾ പിശാച് ചിരിക്കുന്നു. “സാത്താന്റെ കാലടികൾ നിങ്ങൾ പിന്തുടരരുത്. നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണവൻ. വൃത്തികെട്ടതും ആഭാസകരവുമായ പ്രവൃത്തികൾ ചെയ്യാൻ നിങ്ങളെ പിശാച് പ്രേരിപ്പിച്ചുകൊണ്ടിരിക്കും’ എന്നാണ് പരിശുദ്ധ ഖുർആനിന്റെ ഉപദേശം.കൂട്ടുകാരേ… മനസ്സിനെ അങ്ങനെ വിട്ടാൽ പറ്റില്ല. മെരുക്കി നിർത്താൻ സാധിക്കണം. ആത്മീയ സാധനകൾ കൊണ്ടേ അതിനെ വരുതിയിലാക്കാനാകൂ. തിരുദൂതരുടെ (സ) പ്രാർഥന തന്നെ’ ഹൃദയത്തിന്റെ അധിപനായ നാഥാ… ആത്മീയനിഷ്ഠമായ വഴികളിൽ എന്റെ ഹൃദയത്തിന് സ്ഥൈര്യം നൽകണേ…’ എന്നായിരുന്നു. സുഖഭോഗത്വരയും വിഷയാസക്തികളും നമ്മെ സ്രഷ്‌ടാവിന്റെ പാതയിൽ നിന്നും അകറ്റുന്നുണ്ട്. വിചാരണ നാളിനെ കുറിച്ചുള്ള ആലോചനകളില്ലാത്ത ഈ അകൽച്ച നമ്മെ പടുകുഴിയിൽ വീഴ്ത്തും. അങ്ങനെ നരകത്തീയുടെ വേദനിക്കുന്ന ശിക്ഷ തിന്നേണ്ടി വരുന്നത് അത്യന്തം ദുഷ്‌കരമല്ലേ.കൂട്ടുകാരേ..നിർത്തണം. നമ്മളേതോ മായാലോകത്ത് ജീവിതമുന്തുന്നത് ഇന്നത്തോടെ നിർത്തണം. സ്വബോധത്തിലേക്ക് തിരിച്ച് വരണം. ആർക്കോ വേണ്ടി തീറെഴുതാനുള്ളതല്ലല്ലോ നമ്മുടെ മനസ്സ്. ആർത്തിയും ആസ്വാദനവും കാമവും തുടങ്ങിയ നെഗറ്റീവ് വൈബുകളും കുലംകുത്തിയ ട്രെൻഡുകളുമായി ദിവസങ്ങൾ ഉരുകിത്തീരുന്നത് ശരിയല്ലല്ലോ. നമ്മുടെ മനസ്സ് പോലും അല്ലാഹു ഇഷ്ടപ്പെട്ടതായേ പറ്റൂ. തിരുദൂതർ(സ) പറഞ്ഞു: “അല്ലാഹുവിന് ഭൂമിയിൽ ഒരു പാത്രമുണ്ട്. മനസ്സാണത്. ആ മനസ്സുകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള മനസ്സ് സത്യത്തിന്റെ പന്ഥാവിൽ അടിയുറച്ചതും വിശ്വാസത്തിന്റെ വിശുദ്ധി നിറഞ്ഞതും സ്‌നേഹ നിർമലവുമായ മനസ്സാണ്’ വിശ്വാസത്തോടൊപ്പം സദ്സ്വഭാവം നിറഞ്ഞ മനസ്സിന്റെ ഉടമകളെയാണ് സ്രഷ്‌ടാവിനിഷ്ടം എന്നർഥം.മനസ്സിനെ ഇമാം ഗസ്സാലി(റ) കണ്ണാടിയോടാണ് ഉപമിച്ചത്. പാപമേശാത്ത വൃത്തിയും വെടിപ്പുമുള്ള ഹൃദയക്കണ്ണാടിയിൽ ആത്മചൈതന്യത്തിന്റെ ചാരുതയാർന്ന കാഴ്ചകൾ ദൃശ്യമാകും. പ്രപഞ്ചങ്ങളുടെ സ്രഷ്ടാവിനെ കുറിച്ചുള്ള അദ്വിതീയമായ അറിവുകൾ പോലും അതിൽ തെളിയും. അല്ലാഹു പറയുന്നു: അവരുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം അല്ലാഹു ദൃഢമാക്കും, അവനിൽ നിന്നുള്ള ആത്മപ്രകാശം കൊണ്ട് അവരെ ശക്തിപ്പെടുത്തുകയും ചെയ്യും.സ്‌നേഹിതരേ… ഉഴറിപ്പോകുന്ന സമയത്തൊക്കെയും ശരിയായ ദിശയിൽ മനസ്സിനെ പിടിച്ച് നിർത്താനും അല്ലാഹു നമ്മുടെ മനസ്സിനെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന ബോധത്തെ ജ്വലിപ്പിച്ച് നിർത്താനും നമുക്കധിക ശ്രദ്ധ വേണം. നമ്മുടെ മനസ്സ് എപ്പോഴും വിശ്വാസിയുടെ മനസ്സായി സംരക്ഷിക്കപ്പെടണം. തിരുദൂതർ(സ) പറഞ്ഞു: അല്ലാഹു പറയുന്നു “എന്നെ ഉൾക്കൊള്ളാൻ ആകാശ ഭൂമികൾക്ക് പ്രയാസകരമാണ്, എന്നാൽ വിശ്വാസിയുടെ മനസ്സിനത് നിഷ്പ്രയാസം സാധിക്കും’. കൂട്ടരേ… നമുക്ക് മനസ്സിനെ മെരുക്കുന്ന പണിപ്പുരയിലാകാം.