ശ്രീനഗര്‍ | ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ട് അമേരിക്കന്‍ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിന് മുന്‍പുള്ള പതിവ് പരിശോധനയ്ക്കിടെ ഇവരുടെ ലഗേജില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണ്‍ കണ്ടെത്തുകയായിരുന്നു.ഇന്ത്യയില്‍ പ്രത്യേകിച്ച് കശ്മീര്‍ പോലുള്ള അതീവ സുരക്ഷാ മേഖലകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഉപകരണം കൈവശം വയ്ക്കാന്‍ മുന്‍കൂര്‍ അനുമതിയുണ്ടോ എന്നറിയാന്‍ ഇവരെ പ്രാദേശിക പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്.കസ്റ്റഡിയിലായവരില്‍ ഒരാള്‍ മൊണ്ടാന സ്വദേശിയായ ജിയോഫ്രി സ്‌കോട്ട് ആണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഉപകരണം കണ്ടെത്തിയത്. ഇവര്‍ കാശ്മീര്‍ താഴ്വരയില്‍ എവിടെയൊക്കെ യാത്ര ചെയ്‌തെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. രേഖകളും ഫോണ്‍ കൈവശം വച്ചതിന്റെ ഉദ്ദേശവും പരിശോധിച്ച ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യയില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.